പാലേരി: കെ.എസ്.ഇ.ബി ജീവനക്കാരൻ ഷിജുവിന്റെ സ്നേഹത്തിനു മുന്നിൽ ചിറകടിച്ചുയർന്നത് പുതുജീവന്റെ താളം. ജീവൻ നിലച്ചെന്നു കരുതിയ പക്ഷി ആകാശത്തിന്റെ നീലിമയിലേക്കു പറന്നുയർന്നപ്പോൾ സഹജീവിസ്നേഹത്തിന് മറ്റൊരു മാതൃകകൂടി പിറവിയെടുത്തു.
കോരിച്ചൊരിയുന്ന മഴയത്ത് പേരാമ്പ്ര കെ.എസ്.ഇ.ബി ലൈൻമാൻ ഷിജുവിന് ഒരു ഫോൺകാൾ വരുകയായിരുന്നു. കടിയങ്ങാട് വെളുത്തപറമ്പത്ത് വൈദ്യുതിലൈനിൽ ഒരു പരുന്ത് ഷോക്കേറ്റ് പിടയുന്നുവെന്നതായിരുന്നു അറിയിപ്പ്. എന്തെങ്കിലും ചെയ്യാൻ കഴിയുമോ? കടിയങ്ങാടുതന്നെ ഫീൽഡിൽ ഉണ്ടായിരുന്ന ഷിജു കേട്ടപാതി സ്ഥലം ചോദിച്ചു മനസ്സിലാക്കി ആ ഭാഗത്തേക്കുള്ള വൈദ്യുതി വിച്ഛേദിച്ചു. തുടർന്ന് സ്ഥലത്തേക്ക് ഓടിയെത്തുകയും ചെയ്തു.
ശക്തമായ മഴ വകവെക്കാതെ വൈദ്യുതിതൂണിൽ കയറി പരുന്തിനെ രക്ഷിക്കുകയായിരുന്നു. തൂണിൽ കയറുമ്പോൾ മഴവെള്ളം കണ്ണിലേക്ക് വീഴുന്നുണ്ടായിരുന്നെങ്കിലും ഷിജുവിന് പ്രശ്നമായിരുന്നില്ല. ലൈനിൽ കുരുങ്ങിയ പരുന്തിനെ മോചിപ്പിക്കുന്നതും ഏറെ ശ്രമകരമായിരുന്നു.
പരുന്തിന് ഷോക്കടിച്ചത് ശ്രദ്ധയിൽപെട്ട വെളുത്ത പറമ്പത്ത് സന്തോഷാണ് ലൈൻമാനെ വിളിച്ചത്. ഷിജുവിനു വേണ്ട സഹായങ്ങൾ സന്തോഷും ചെയ്തുകൊടുത്തു. മുൻ വാർഡ് അംഗം എൻ.എസ്. നിധീഷ് അവിടെയെത്തി ഷിജുവിന്റെ സാഹസിക പ്രവർത്തനം മൊബൈലിൽ പകർത്തി സദ്പ്രവൃത്തി സമൂഹമാധ്യമങ്ങളിലൂടെ പുറംലോകത്തെ അറിയിച്ചു.
എല്ലാ ജീവനും പ്രധാനപ്പെട്ടതാണെന്നാണ് ഷിജുവിന്റെ പക്ഷം. തന്റെ കൈകൊണ്ട് ഒരു പക്ഷിയുടെ ജീവൻ രക്ഷിക്കാൻ കഴിഞ്ഞതിൽ വലിയ ചാരിതാർഥ്യമുണ്ടെന്നും അദ്ദേഹം 'മാധ്യമ'ത്തോട് പറഞ്ഞു. മേപ്പയൂർ കിഴക്കെച്ചാലിൽ ഒമ്പതു വർഷമായി കെ.എസ്.ഇ.ബിയിൽ ജോലി ചെയ്തുവരുകയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.