പാലേരി: കഴിഞ്ഞദിവസം പട്ടാണിപ്പാറ നവീന ഗ്രന്ഥശാലക്ക് സമീപം സ്റ്റീൽ ബോംബുകൾ കണ്ടെത്തിയ സംഭവത്തെ തുടർന്ന് പ്രദേശത്ത് പൊലീസ് വീണ്ടും പരിശോധന നടത്തി. കഴിഞ്ഞ വ്യാഴാഴ്ചയാണ് ഇവിടെ ബോംബുകൾ കണ്ടെത്തിയത്. തൊഴിലുറപ്പ് തൊഴിലാളികളായ സ്ത്രീകൾ ശുചീകരണം നടത്തുന്നതിനിടയിലാണ് ബോംബുകൾ കണ്ടത്. ഇവ ബോംബ് സ്ക്വാഡ് എത്തി നിർവീര്യമാക്കിയിരുന്നു. വെള്ളിയാഴ്ച പൊലീസ് പ്രദേശത്ത് തുടർപരിശോധന നടത്തിയിരുന്നെങ്കിലും ഒന്നും കണ്ടെത്താനായില്ല. പ്രദേശവാസികൾ നൽകിയ പരാതിയെ തുടർന്നാണ് ബുധനാഴ്ച വീണ്ടും പരിശോധന നടത്തിയത്.
റൂറൽ എസ്.പിയുടെ നിർദേശപ്രകാരം പെരുവണ്ണാമൂഴി പൊലീസ് ഇൻസ്പെക്ടർ ഇ. അനൂപ് കുമാർ, സബ് ഇൻസ്പെക്ടർ പി.വി. പ്രശോഭ് എന്നിവരുടെ നേതൃത്വത്തിലാണ് പരിശോധന നടത്തിയത്. നാദാപുരത്തുനിന്നെത്തിയ ബോംബ് സ്ക്വാഡും ബാലുശ്ശേരിയിലെ ഡോഗ് സ്ക്വാഡും പരിശോധന നടത്തിയെങ്കിലും ഒന്നും കണ്ടത്താൻ കഴിഞ്ഞിട്ടില്ല.
പട്ടാണിപ്പാറ, കൂവ്വ പൊയിൽ, പെരുവണ്ണാമൂഴി അണക്കെട്ട് പരിസരം, പന്നിക്കോട്ടൂർ റോഡ്, ചക്കിട്ടപാറ റോഡ് എന്നിവിടങ്ങളിലാണ് പരിശോധന നടത്തിയത്. തദ്ദേശ തെരഞ്ഞെടുപ്പ് സ്ഥാനാർഥിയുടെ വീടിന് നേരെ ബോംബാക്രമണം നടന്ന പശ്ചാത്തലത്തിലാണ് പ്രദേശവാസികൾ ഉന്നത പൊലീസ് ഉദ്യോഗസ്ഥർക്ക് പരാതി നൽകിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.