പാലേരി: ചങ്ങരോത്ത് പഞ്ചായത്തിലെ പാലേരി ടൗണിലും പരിസര പ്രദേശങ്ങളിലും തെരുവുനായ് ശല്യം രൂക്ഷമായത് നാട്ടുകാരെ ആശങ്കയിലാഴ്ത്തുന്നു. കടവരാന്തകളിലും ആളൊഴിഞ്ഞ പറമ്പുകളിലും കെട്ടിടങ്ങളിലും തമ്പടിക്കുന്ന നായ്ക്കൾ നാട്ടുകാർക്കും വിദ്യാർഥികൾ ഉൾപ്പെടെയുള്ള യാത്രക്കാർക്കും ഭീഷണിയാണ്.
കഴിഞ്ഞ ആഴ്ച സാമൂഹിക പ്രവർത്തകനായ മേനിക്കണ്ടി അബ്ദുല്ല മാസ്റ്റർ തെരുവുനായുടെ ആക്രമണത്തിൽനിന്ന് രക്ഷപ്പെടാൻ ശ്രമിച്ചപ്പോൾ വീണ് കൈക്ക് പരിക്കേറ്റ് ചികിത്സയിലാണ്. കഴിഞ്ഞ ദിവസം കടിയങ്ങാട് നിന്നും ഒരാൾക്ക് നായുടെ കടിയേറ്റ് പരിക്കേറ്റിരുന്നു.
ചങ്ങരോത്ത് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഉണ്ണി വേങ്ങേരി ആവശ്യപ്പെട്ടതനുസരിച്ച് കഴിഞ്ഞ ദിവസം ബാലുശ്ശേരിയിലെ മൃഗ വന്ധ്യംകരണ കേന്ദ്രത്തിൽനിന്ന് ആളുകളെത്തി കടിയങ്ങാട്, പന്തിരിക്കര ഭാഗത്തുനിന്ന് ഏഴ് തെരുവുനായ്ക്കളെ പിടിച്ചുകൊണ്ടുപോയിരുന്നു.
പാലേരി, ചെറിയകുമ്പളം ഭാഗത്തുള്ള നായ്ക്കളെയും എ.ബി.സി കേന്ദ്രത്തിലെത്തിക്കാൻ നടപടി സ്വീകരിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം. ചങ്ങരോത്ത് പഞ്ചായത്തിന്റെ അതിർത്തി പഞ്ചായത്തായ കൂത്താളിയിൽ തെരുവുനായ് അഞ്ചുപേരെ കടിച്ചതിനെ തുടർന്ന് ഒരു ദിവസം പഞ്ചായത്തിലെ ആറ് സ്കൂളുകൾക്ക് അവധി നൽകിയിരുന്നു. ബുധനാഴ്ച കൂത്താളി പഞ്ചായത്തിലെ തെരുവുനായ്ക്കളേയും പിടിച്ച് എ.ബി.സി കേന്ദ്രത്തിൽ എത്തിച്ചിട്ടുണ്ട്.
പേരാമ്പ്ര: കൂത്താളി, ചങ്ങരോത്ത് പഞ്ചായത്തുകൾക്ക് പുറമെ ചക്കിട്ടപാറ പഞ്ചായത്തിലും തെരുവുനായ് ആക്രമണം. കഴിഞ്ഞ ദിവസം മുതുകാട് വട്ടക്കയം കളരിമുക്ക് ഭാഗത്ത് വടക്കേ എളോൽ കരുണന് നായുടെ കടിയേറ്റു. പെരുവണ്ണാമൂഴിയിലെ ആശുപത്രിയിൽ ബന്ധുക്കൾക്കൊപ്പം ചികിത്സക്കെത്തിയ മുതുകാട് സ്വദേശിയായ മൂന്നുവയസ്സുകാരിയെ ആശുപത്രിയുടെ മുൻഭാഗത്തുനിന്ന് നായ് ആക്രമിച്ചു.
പെരുവണ്ണാമൂഴി ടൗണിലും ചെമ്പനോട റോഡിലും വനംവകുപ്പ് ഓഫിസ് പരിസരത്തും തെരുവുനായ് ശല്യം രൂക്ഷമാണ്. ഏഴാം വാർഡിൽ തച്ചിലേടത്തു ബിനുവിന്റെ രണ്ട് ആടിനെയും വാഴക്കടവത്ത് ചാക്കോയുടെ കോഴികളെയും നായ്ക്കൾ ആക്രമിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.