കോഴിക്കോട്: കോവിഡ് കാലത്തെ തെരഞ്ഞെടുപ്പ് എല്ലാംകൊണ്ടും വ്യത്യസ്തമാണ്. പ്രചാരണം ഓൺലൈനായാണ് നടക്കുന്നതെങ്കിലും ഫോട്ടോയെടുപ്പ് മുതൽ പ്രചാരണ പ്രവർത്തനങ്ങളുടെ ഏകോപനം, വോട്ടർമാരെ സന്ദർശിക്കൽ തുടങ്ങി എല്ലാത്തിനും സ്ഥാനാർഥി മുൻപന്തിയിൽ വേണം. സ്ഥാനാർഥിക്ക് ഒപ്പംതന്നെ തെരഞ്ഞെടുപ്പ് സംഘാടകരും ആവശ്യമാണ്. അതിനാൽ മുന്നണി, പാർട്ടി വ്യത്യാസമില്ലാതെ എല്ലാവരും ആദ്യപരിഗണന കോവിഡിനാണ് നൽകുന്നത്.
കോവിഡ് പിടിക്കാതിരിക്കാനുള്ള നെട്ടോട്ടത്തിലാണ് പാർട്ടി പ്രവർത്തകർ. കോവിഡ് പിടിക്കരുത് എന്ന് പ്രവർത്തകർക്കിടയിലേക്ക് കർശന നിർദേശമാണ് നേതൃത്വം നൽകുന്നത്. കോവിഡ് വന്നാൽ തെരഞ്ഞെടുപ്പ് പ്രചാരണ പ്രവർത്തനങ്ങളെ ദോഷകരമായി ബാധിക്കുമെന്നതിനാലാണ് ജാഗ്രതയോടെയിരിക്കാൻ നിർദേശം നൽകിയിരിക്കുന്നത്. പ്രത്യേകിച്ച് കൂട്ടം കൂടേണ്ടി വരുകയും സമ്പർക്കം വർധിക്കുകയും ചെയ്യുന്ന സാഹചര്യത്തിൽ. കഴിവതും സാമൂഹിക അകലം പാലിക്കാനും ഇടക്കിടെ സാനിറ്റൈസർ ഉപയോഗിക്കാനും കൃത്യമായി മാസ്ക് ധരിക്കാനും പ്രവർത്തകർക്ക് നിർദേശമുണ്ട്. കൂടാതെ, ഹസ്തദാനം നൽകുക, കുട്ടികളെ എടുക്കുക, കുട്ടികളെ ചുംബിക്കുക തുടങ്ങിയ പ്രവൃത്തികളെല്ലാം ആരോഗ്യവകുപ്പുതന്നെ നിരോധിച്ചിട്ടുമുണ്ട്. നോട്ടീസുകൾ കൂടുതലായി നേരിട്ട് നൽകുന്നത് ഒഴിവാക്കി പകരം ഫേസ്ബുക്ക്, വാട്സ്ആപ്പ് തുടങ്ങിയ സാമൂഹിക മാധ്യമങ്ങളിലൂടെ പ്രചരിപ്പിക്കാനാണ് നിർദേശം.
സ്ഥാനാർഥിക്കോ പ്രവർത്തകർക്കോ കോവിഡ് ബാധിച്ചാൽ അത് പ്രചാരണ പ്രവർത്തനങ്ങളെ ബാധിക്കും. 14 ദിവസം മുതൽ രോഗം മാറുന്നതുവരെ ക്വാറൻറീനിലിരിക്കേണ്ടി വരും. മാത്രമല്ല, പ്രാഥമിക സമ്പർക്കവും രോഗസാധ്യതയുള്ളവരുടെ എണ്ണവും വർധിക്കും. അത് തെരഞ്ഞെടുപ്പ് പ്രവർത്തനങ്ങളെതന്നെ ദോഷകരമായി ബാധിക്കുമെന്നും പാർട്ടികൾ ഭയക്കുന്നു. അതിനാൽ പ്രവർത്തകർ കോവിഡ് നിയന്ത്രണങ്ങൾ പാലിക്കുന്നതിനൊപ്പം പ്രവർത്തകരുടെ വീട്ടുകാരും വേണ്ട മുൻകരുതലുകൾ സ്വീകരിക്കണമെന്നാണ് പാർട്ടികൾ നിർദേശിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.