അമ്മിണി പൂച്ച പെരുമണ്ണയിലെ മത്സ്യക്കടയിൽ

ഇവിടെ മീൻ വിൽക്കുന്നത് അമ്മിണി പൂച്ച

പന്തീരാങ്കാവ്: പൂച്ചക്കെന്താണ് മീൻവിൽക്കുന്നിടത്ത് കാര്യമെന്ന് ആരും ചോദിക്കില്ല. പക്ഷേ, മീൻ വിൽപനക്കാരുടെ ഇരിപ്പിടത്തിൽ കയറി രാത്രി കച്ചവടം തീരും വരെ കുസൃതി കാട്ടിയിരിക്കുന്ന അമ്മിണിയെ കണ്ടാൽ ചിലരെങ്കിലും ചോദിക്കും ഈ പൂച്ചക്കെന്താണ് ഇവിടെ കാര്യമെന്ന്.

മൂന്നു വർഷത്തോളമായി പെരുമണ്ണ - വെള്ളായിക്കോട് റോഡിലെ മോട്ടമ്മൽ ശംസുദ്ദീന്റെയും കെ. മുസ്തഫയുടെയും ഉടമസ്ഥതയിലുള്ള ഫ്രന്റ്സ് മത്സ്യക്കച്ചവട സ്റ്റാളിൽ അമ്മിണിയെന്ന് പേരിട്ട് വിളിക്കുന്ന പെൺപൂച്ചയും സ്ഥിരസാന്നിധ്യമാണ്. ഇവിടെ മീൻ വാങ്ങാനെത്തുന്നവർക്കെല്ലാം ഈ പൂച്ചയും പരിചിതയാണ്.

മൂന്നു വർഷം മുമ്പ് ഏതോ വാഹനത്തിൽ തട്ടി പരിക്കേറ്റ പൂച്ചയെ ആദിത്യംപറമ്പത്ത് അഫ്സലാണ് കടയിൽ എടുത്തുകൊണ്ടുവന്ന് ചികിത്സ നൽകിയത്. പരിക്ക് ഭേദമായെങ്കിലും പൂച്ച മത്സ്യ കടയിൽ തന്നെ തങ്ങി. ശംസുവും മുസ്തഫയും മാത്രമല്ല, കടയിൽ വന്നിരിക്കാറുള്ള ഇവരുടെ സുഹൃത്തുക്കളുമായും അവൾ പെട്ടെന്ന് ഇണങ്ങി. അമ്മിണിയെന്ന് വിളിക്കുമ്പോഴേക്കും അവൾ ഓടിയെത്തി മീൻ മേശക്ക് പിന്നിലെ സീറ്റിൽ കയറിയിരിക്കും. എത്ര വിശന്നാലും ആരെങ്കിലും മീൻ എടുത്ത് കൊടുക്കാതെ കഴിക്കില്ല. കഴിക്കാൻ മീനെടുത്ത് കൊടുത്താലും അൽപം മാറിയിരുന്നേ അവളത് കഴിക്കൂ.

രാവിലെ ഏഴു മണിയോടെയാണ് ഇവിടെ മത്സ്യ കച്ചവടം തുടങ്ങുന്നത്. മേശയിൽ മത്സ്യം നിരത്തി വെക്കുമ്പോഴേക്ക് അമ്മിണിയുമെത്തും. പിന്നെ ഉത്തരവാദിത്തമുള്ള കച്ചവടക്കാരിയെപോലെ ഒരേ ഇരിപ്പാണ്. ഇടക്കൊന്ന് മുങ്ങിയാലും വൈകാതെ തിരിച്ചു വരും. പത്രം എടുത്ത് കൊടുത്താൽ തന്നാലാവുംവിധം മീൻ പൊതിയാൻ പാകത്തിന് മുറിച്ച് കഷ്ണങ്ങളാക്കും. രാത്രി വൈകിയും സ്റ്റാളിന്റെ ചുറ്റുവട്ടങ്ങളിൽ അമ്മിണിയുണ്ടാവും.

കച്ചവടം മതിയാക്കി എല്ലാം കഴുകിവെച്ച് ഇടക്ക് സുഹൃത്തുക്കൾ സംസാരിക്കാൻ കൂടിയിരിക്കുമ്പോൾ അവരിലൊരാളായി അമ്മിണിയുമിരിക്കും. മത്സ്യം മാത്രമല്ല, ഇടക്കുള്ള ചായക്കടിയും മറ്റു ഭക്ഷണത്തിലുമെല്ലാം ഒരു പങ്ക് അമ്മിണിക്കുമുള്ളതാണ്. ഹർത്താലോ പണിമുടക്കോ വന്ന് കട തുറന്നില്ലെങ്കിലും പൂച്ച പട്ടിണിയാവാറില്ലെന്ന് ശംസുദ്ദീൻ പറയുന്നു. തങ്ങളോ സുഹൃത്തുക്കളാരെങ്കിലുമോ വന്ന് അമ്മിണിക്ക് ഭക്ഷണം നൽകും.


Tags:    
News Summary - Ammini cat sells fish at Perumanna - Vellayikode

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.