പന്തീരാങ്കാവ്: അർജുന ടീച്ചറുടെ ഓൺലൈൻ ക്ലാസിലിരിക്കുേമ്പാൾ കുട്ടികൾക്ക് വർണശബളമായ സ്കൂൾ ക്ലാസ് മുറിയാണ് ഓർമ വരുക. ചുവരുകൾ നിറയെ വർണ ചിത്രങ്ങളും അക്ഷരമാലകളും മൃഗങ്ങളുടെയും പക്ഷികളുടെയും മനോഹര രൂപങ്ങളും, മടുപ്പിക്കാത്ത ജ്യാമിതീയ രൂപങ്ങളുമൊക്കെയായി സ്വീകരണമുറി കളറാക്കിയാണ് ടീച്ചർ കുഞ്ഞുങ്ങളുടെ മനസ്സ് കവരുന്നത്. പെരുമണ്ണ അറത്തില്‍പറമ്പ് എ.എം.എല്‍.പി സ്കൂള്‍ അധ്യാപിക അര്‍ജുന ടീച്ചറാണ് വീടിെൻറ സ്വീകരണമുറി ഹൈടെക് ക്ലാസ്മുറിയാക്കി മാറ്റിയിരിക്കുന്നത്.
നേരത്തേ മറ്റൊരു സ്കൂളിൽ ജോലി ചെയ്തിരുന്ന അർജുന പ്രസവശേഷം കുഞ്ഞിനെ പരിചരിച്ച് പെരുവയൽ മായങ്ങോട്ട് ചാലിലെ വീട്ടിലിരിക്കുമ്പോഴാണ് അറത്തിൽ പറമ്പ് സ്കൂളിൽനിന്ന് ഓൺലൈൻ ക്ലാസ് എടുക്കാൻ ക്ഷണമെത്തുന്നത്. എൽ.കെ.ജി ക്ലാസുകളിൽ പഠിക്കുന്ന കുഞ്ഞുങ്ങളെ പഠിപ്പിക്കുന്നതിന് സാധാരണ ഒരുക്കം മതിയാകില്ലെന്നതാണ് പുതിയരീതി പരീക്ഷിക്കാൻ ടീച്ചറെ പ്രേരിപ്പിച്ചത്.
ചുമരുകൾ മുഴുവൻ അക്ഷരമാലകളും ഗണിത പഠന സഹായികളും പതിച്ചു. ഓരോ അക്ഷരത്തിനുമനുസരിച്ച് വ്യത്യസ്ത രൂപങ്ങൾ തയാറാക്കി. ആനയും ആപ്പിളും രൂപങ്ങളിലൊരുക്കുക മാത്രമല്ല പലതിെൻറയും ചെറുതും വലുതുമായ ഇനങ്ങളും സംഘടിപ്പിച്ചിട്ടുണ്ട്. 10 മാസം പ്രായമുള്ള മകൻ ധനിൻ കൃഷ്ണയുടെ കുസൃതി ഭയന്ന് ചുവരിൽ കുറച്ച് ഉയരത്തിലാണ് ചിത്രപ്പണികൾ. ക്ലാസ് വിഡിയോകൾ രക്ഷിതാക്കളുടെ വാട്സ്ആപിൽ അയച്ച് കൊടുക്കും. വിരസതയും മടിയും മാറി ക്ലാസ് ശ്രദ്ധിക്കാൻ ആകർഷണീയമായ ഈ പശ്ചാത്തലം ഏറെ ഉപകാരപ്പെടുന്നതായി രക്ഷിതാക്കളും പറയുന്നു. കുട്ടികൾതന്നെ കളിക്കോപ്പുകളും പഠന സഹായികളുമൊരുക്കി ടീച്ചറെ അനുകരിക്കുന്നുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.