പന്തീരാങ്കാവ്: ചാലിയാറിന്റെ മണൽപരപ്പിലെ അപകടക്കെണിയിൽപെട്ട് ജീവൻ പൊലിയുന്ന സംഭവങ്ങൾക്ക് ഇനിയും അറുതിയായില്ല. ഞായറാഴ്ച പൊന്നേംപാടം - മണക്കടവ് കടവിൽ കക്ക വാരാനിറങ്ങിയ വിദ്യാർഥിയും പിതൃസഹോദരനുമാണ് ജീവൻ നഷ്ടമായത്. പുഴയുടെ വെള്ളം കുറഞ്ഞ മണൽ പരപ്പിൽ കക്ക വാരാനും നീന്താനുമായി കുടുംബ സമേതമെത്തി ജീവൻ നഷ്ടമാകുന്ന സംഭവങ്ങൾ ഇവിടെ ആവർത്തിക്കുന്നുണ്ട്.
ഞായറാഴ്ച അപകടം നടന്ന സ്ഥലത്തിന് സമീപം ഒരു വർഷം മുമ്പ് യുവാവ് ഒഴുക്കിൽപെട്ട് മരിച്ചിരുന്നു. ഏതാനും വർഷം മുമ്പ് പെരുമണ്ണ സ്വദേശികളായ സഹോദരങ്ങൾ മുങ്ങിമരിച്ചത് ഞായറാഴ്ച അപകടം നടന്നതിന് അടുത്ത് തന്നെയാണ്. ഓമാനൂർ സ്വദേശിയായ അധ്യാപകൻ, സമീപവാസിയായ വിദ്യാർഥി എന്നിവർക്കും ജീവൻ നഷ്ടമായിരുന്നു. തിരുത്തിയാട് ഭാഗത്ത് പ്രദേശവാസികൾ ജാഗ്രത പാലിക്കുകയും പുഴയിലെത്തുന്നവരെ ബോധവത്കരിക്കുകയും ചെയ്തതോടെ ആ ഭാഗത്ത് സന്ദർശകർ കുറഞ്ഞിട്ടുണ്ട്. പൊന്നേംപാടം കടവിൽ അവധി ദിവസങ്ങളിൽ കുടുംബമായി മണൽതിട്ടയിലിരിക്കാനും കക്ക വാരാനുമെത്തുന്നവരുടെ എണ്ണം കൂടുകയാണ്. പുഴയുടെ ഒഴുക്കും ആഴവുമറിയാതെ മണൽപരപ്പിലെ സൗന്ദര്യം ആസ്വദിക്കാനെത്തുന്നവരാണ് അപകടത്തിനിരയായവരിൽ അധികവും. കരയിൽനിന്ന് 30 മീറ്ററോളം വിശാലമായ മണൽ പരപ്പ് പെട്ടെന്ന് നിലയില്ലാ കയത്തിലേക്ക് അവസാനിക്കും. ഒളിഞ്ഞിരിക്കുന്ന ഈ അപകടം തന്നെയാണ് ദുരന്തത്തിലവസാനിക്കുന്നത്.
പുഴയിൽ സന്ദർശകരെ അപകടത്തിൽനിന്ന് തടയാനും ആഴമുള്ള ഭാഗങ്ങളെക്കുറിച്ച് സൂചന നൽകാനും അറിയിപ്പ് ബോർഡ് സ്ഥാപിക്കണമെന്ന ആവശ്യം ഏറെക്കാലമായി ഉയരുന്നുണ്ടെങ്കിലും അധികൃതർ നടപടി സ്വീകരിച്ചിട്ടില്ല. വർധിച്ചുവരുന്ന അപകടങ്ങളെതുടർന്ന് പുഴയുമായി ബന്ധപ്പെട്ടവരെ കണ്ണികളാക്കി ഇരുകരകളിലും ദുരന്ത നിവാരണ സംഘങ്ങൾ രൂപവത്കരിച്ച് പരിശീലനം നൽകിയിരുന്നു.
ഞായറാഴ്ച മരണപ്പെട്ട ജൗഹറിനും സഹോദര പുത്രർ നബ്ഹാനുമൊപ്പം അപകടത്തിൽപെട്ട നാലു കുടുംബാംഗങ്ങളെ രക്ഷപ്പെടുത്തിയത് സമീപവാസിയായ തോട്ടത്തിൽ അനിൽ കുമാറായിരുന്നു. അപകടം നടന്നയുടനെ രക്ഷാപ്രവർത്തനത്തിനെത്തിയ ദുരന്തനിവാരണ സംഘത്തിലെ വെള്ളായിക്കോട് സ്വദേശി ഐ.കെ. കബീറിന്റെ നേതൃത്വത്തിലുള്ള സംഘമാണ് നബ്ഹാനെ പുറത്തെടുത്തത്. ചാലിയാറിന് ഇരുകരകളിലും കൂടുതൽ രക്ഷാപ്രവർത്തകർക്ക് പരിശീലനത്തിന് അധികൃതർ നടപടിയെടുക്കണമെന്ന ആവശ്യമുയർന്നിട്ടുണ്ട്. അപകടത്തിൽ മരണപ്പെട്ട ജൗഹറിനും നബ്ഹാനും ആദരാഞ്ജലിയർപ്പിക്കാൻ വൻ ജനാവലിയാണ് കാരാട് എത്തിയത്. വൈകീട്ടോടെയാണ് ഇവരുടെ ഖബറടക്കം നടത്തിയത്. വൈകീട്ട് കാരാട് അനുശോചന യോഗം നടത്തി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.