പന്തീരാങ്കാവ്: നൂറു കണക്കിനാളുകളിൽനിന്ന് ലക്ഷങ്ങളുടെ നിക്ഷേപം വാങ്ങി ജ്വല്ലറി ഉടമ മുങ്ങിയതായി പരാതി. പെരുമണ്ണ എൽ.പി സ്കൂളിന് സമീപത്തെ ജ്വല്ലറി വർക്സ് ഉടമക്കെതിരെയാണ് നിക്ഷേപകരുടെ പരാതി. വർഷങ്ങളായി പെരുമണ്ണയിൽ ആഭരണ കച്ചവടം നടത്തുന്ന ഇയാൾ രണ്ടാഴ്ച മുമ്പാണ് നിക്ഷേപകരെ വെട്ടിച്ച് വിദേശത്തേക്ക് കടന്നത്.
50,000 രൂപ മുതൽ 20 ലക്ഷം വരെ പണവും പഴയ സ്വർണങ്ങളും ഇവിടെ നിക്ഷേപിച്ചവരുണ്ട്. തുടക്കത്തിൽ നിക്ഷേപകർക്ക് വൻതുക ലാഭം നൽകിയാണ് മറ്റുള്ളവരെയും ആകർഷിച്ചത്. പെൺകുട്ടികളുടെ വിവാഹ ആവശ്യത്തിന് പണം മുൻകൂർ നൽകി വിവാഹ സമയത്ത് പഴയനിരക്കിൽ സ്വർണാഭരണങ്ങൾ വാങ്ങാൻ നിക്ഷേപിച്ച നിരവധി പാവപ്പെട്ട കുടുംബങ്ങൾ വിവാഹ ദിവസം അടുത്തുവരുന്നതോടെ ആശങ്കയിലാണ്.
പലപ്പോഴായി 10 ലക്ഷവും സ്വർണവും നൽകി തട്ടിപ്പിനിരയായ ഒരു വീട്ടമ്മ, പഴയ സ്വർണം പുതുക്കി നൽകുന്നതിനുവേണ്ടിയാണ് ജ്വല്ലറിയിൽ പണത്തിന് പുറമെ സ്വർണവും നൽകിയത്. ഇവർക്ക് പണവും സ്വർണവും നഷ്ടമായി. വാടക വീടുകളിലും ഫ്ലാറ്റുകളിലും താമസിക്കുന്ന ചിലർ പണം നിക്ഷേപിച്ചത് മാസാന്തം വാടക ജ്വല്ലറിയിൽനിന്ന് നൽകാമെന്ന ഉറപ്പിലാണ്. നിക്ഷേപിച്ച തുകയും വാടകയും നഷ്ടമായ ഇവരിൽ ഏറിയ പങ്കും സാധാരണക്കാരാണ്. ഉടമയോടുള്ള ബന്ധം മൂലം സ്വന്തം പണത്തിനു പുറമെ, ബന്ധുക്കളെയും സുഹൃത്തുക്കളെയും ജ്വല്ലറിയിൽ പണം നിക്ഷേപിക്കാൻ പ്രേരിപ്പിച്ച് കുടുങ്ങിയവരുമുണ്ട്. ഉടമ പെരുമണ്ണക്കാരൻതന്നെ ആയതിനാൽ പ്രദേശവാസികളായ നിരവധി ആളുകൾ വഞ്ചിക്കപ്പെട്ടിട്ടുണ്ട്. മൂന്നു കോടിയോളം രൂപയെങ്കിലും നിക്ഷേപകർക്ക് നഷ്ടമായിട്ടുണ്ടെന്നാണ് കണക്ക്.
വഞ്ചിതരായവരിൽ ചിലർക്ക് ചെക്കും മറ്റു രേഖകളും നൽകിയിട്ടുണ്ടെങ്കിലും ഭൂരിഭാഗം പേർക്കും ഒരുരേഖയും നൽകിയിട്ടില്ല. അതിനാൽതന്നെ പരാതി നൽകാനോ മറ്റു നിയമ നടപടികളുമായി മുന്നോട്ട് പോകാനോ കഴിയാത്ത അവസ്ഥയിലാണ് നിക്ഷേപകർ. നിക്ഷേപകരെ കബളിപ്പിച്ച് ഉടമ മുങ്ങിയെന്ന് ബോധ്യമായിട്ടും ആരും പരാതിയുമായി പൊലീസിനെ സമീപിച്ചിട്ടില്ല. പുതുക്കിപ്പണിയാൻ നൽകിയ സ്വർണാഭരണം തിരിച്ചു നൽകാതെ മുങ്ങിയതിന് ചെറുവണ്ണൂർ സ്വദേശി നൽകിയ പരാതി മാത്രമാണ് നിലവിൽ പന്തീരാങ്കാവ് പൊലീസിന് ലഭിച്ചത്. വൻതുക നഷ്ടപ്പെട്ട ചില ഉന്നതർ മാനഹാനി ഭയന്നാണ് പരാതി നൽകാത്തത്. മക്കളുടെ വിവാഹത്തിനും മറ്റാവശ്യങ്ങൾക്കുമായി പണം നിക്ഷേപിച്ച സാധാരണക്കാർ നിയമ നടപടികൾ സ്വീകരിച്ചാലും പണം നൽകിയത് തെളിയിക്കാനാവില്ലെങ്കിൽ പരാതി നിലനിൽക്കില്ലെന്ന ആശങ്കയിലാണ് നിയമ നടപടിക്ക് മുതിരാത്തത്.പരാതിക്കാരില്ലാത്തതിനാൽ പൊലീസ് സംഭവം ഗൗരവമായി എടുത്തിട്ടില്ല. എന്നാൽ, വലിയ തുക നഷ്ടമായ ചിലർ ഉടമയുടെ വീട്ടിലും ബന്ധുവീട്ടുകളിലുമെത്തി ആത്മഹത്യ ഭീഷണി മുഴക്കുന്നുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.