പന്തീരാങ്കാവ്: മരണത്തിന്റെ അഗാധതയിലേക്ക് ഒന്നിച്ചിറങ്ങിപ്പോയ കളിക്കൂട്ടുകാർക്ക് ഒടുമ്പ്ര ജമാഅത്ത് പള്ളി ഖബർസ്ഥാനിൽ തൊട്ടടുത്ത ഖബറിടങ്ങളിൽ അന്ത്യനിദ്ര. ഞായറാഴ്ച രാവിലെ കോഴിക്കോട് ബീച്ചിൽ തിരകൾക്കിടയിൽപെട്ട് മരിച്ച ഒളവണ്ണ കൊടിനാട്ടമുക്ക് ചെറുകര അബ്ദുൽ താഹിറിന്റെ മകൻ മുഹമ്മദ് ആദിൽ (18), അബ്ദുൽ റഹീമിന്റെ മകൻ ആദിൽ ഹസൻ (16) എന്നിവർക്ക് വിടനൽകാൻ സഹപാഠികളും അധ്യാപകരുമടക്കം നൂറുകണക്കിനാളുകളാണ് തിങ്കളാഴ്ച ഇവരുടെ വീട്ടിലെത്തിയത്.
മുഹമ്മദ് ആദിലിന്റെ മൃതദേഹം ഞായറാഴ്ച രാത്രി വൈകിയും ആദിൽ ഹസന്റേത് തിങ്കളാഴ്ച പുലർച്ചയുമാണ് കണ്ടെടുത്തത്. അടുത്തടുത്ത വീടുകളിൽ താമസിക്കുന്ന ഈ കളിക്കൂട്ടുകാർ അവധി ദിവസം ഫുട്ബാൾ കളിക്കാൻ ബീച്ചിൽ പോയപ്പോഴാണ് അപകടത്തിൽപെട്ടത്.
ഒപ്പമുണ്ടായിരുന്ന നദീറിനെ (17) തൊട്ടടുത്തുണ്ടായിരുന്നവർ രക്ഷപ്പെടുത്തുകയായിരുന്നു. തിങ്കളാഴ്ച ഉച്ചക്ക് 2.30ഓടെയാണ് ഇരുവരുടെയും മൃതദേഹം നടപടികൾക്കുശേഷം വീടുകളിലെത്തിച്ചത്. അടുത്തടുത്ത വീടുകളിൽ പൊതുദർശനത്തിന് വെച്ച ശേഷം ഒപ്പംതന്നെയാണ് ഇരുവരുടെയും മൃതദേഹങ്ങൾ ഖബറടക്കത്തിന് പള്ളിയിലേക്ക് കൊണ്ടുപോയത്. മരണാനന്തര ചടങ്ങുകളിൽ പങ്കെടുക്കാൻ മുഹമ്മദ് ആദിലിന്റെ പിതാവ് അബ്ദുൽ താഹിർ ഗൾഫിൽനിന്ന് തിങ്കളാഴ്ച രാവിലെ വീട്ടിലെത്തിയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.