പന്തീരാങ്കാവ്: 400 ഗ്രാം എം.ഡി.എം.എ പിടികൂടിയതിന് പിന്നാലെ വ്യാഴാഴ്ച വീണ്ടും പന്തീരാങ്കാവിൽ ലഹരിവേട്ട. ചില്ലറ വിൽപനക്കായി കൊണ്ടുവന്ന 54 ഗ്രാം എം.ഡി.എം.എയുമായി ഫറോക്ക് സ്വദേശി കളത്തിൻകണ്ടി അൻവർ സാലിഹ് (27), ചേളന്നൂർ സ്വദേശി അപ്പു എന്നറിയപ്പെടുന്ന കെ.എം. സഗേഷ് (31) എന്നിവരെ നാർകോട്ടിക് സെൽ അസി. കമീഷണർ പ്രകാശൻ പടന്നയിലിന്റെ നേതൃത്വത്തിലുള്ള ഡിസ്ട്രിക്റ്റ് ആൻഡി നാർകോട്ടിക് സ്പെഷൽ ആക്ഷൻ ഫോഴ്സും (ഡാൻസാഫ്) സബ് ഇൻസ്പെക്ടർ ടി.വി. ധനഞ്ജയദാസിന്റെ നേതൃത്വത്തിലുള്ള പന്തീരാങ്കാവ് പൊലീസും ചേർന്നാണ് പിടികൂടിയത്.
ഡെപ്യൂട്ടി പൊലീസ് കമീഷണർ കെ.ഇ. ബൈജുവിന്റെ നിർദേശപ്രകാരം നടത്തിയ പരിശോധനയിലാണ് ഇവർ പന്തീരാങ്കാവ് ഭാഗത്തെ ലോഡ്ജിൽനിന്നും മയക്കുമരുന്നുമായി അറസ്റ്റിലായത്. മലപ്പുറം കേന്ദ്രീകരിച്ച് ലഹരി വിൽപന നടത്തുന്നവരിൽനിന്നാണ് എം.ഡി.എം.എ വിൽപനക്കായി കോഴിക്കോട്ടേക്ക് കൊണ്ടുവന്നത്. ജില്ലയുടെ പല ഭാഗങ്ങളിലായി ലോഡ്ജുകളിൽ തങ്ങി കാറിൽ സഞ്ചരിച്ചാണ് കച്ചവടം നടത്തിയിരുന്നത്.
ഒരു മാസത്തോളമായി നടക്കുന്ന നിരീക്ഷണത്തിനിടയിലാണ് പന്തീരാങ്കാവ് ഭാഗത്ത് ലോഡ്ജിൽനിന്ന് പൊലീസിന്റെ പിടിയിലായത്. പിടിയിലായവരുടെ ഇടപാടുകാരെക്കുറിച്ചുള്ള പരിശോധന നടക്കുന്നുണ്ട്. ഇവരുടെ ബാങ്ക് അക്കൗണ്ട് വിവരങ്ങളും ഫോൺ രേഖകളും പരിശോധിച്ച് വിശദമായ അന്വേഷണം നടത്തുമെന്ന് ഫറോക്ക് അസി. കമീഷണർ എം.എ. സിദ്ദീഖ് പറഞ്ഞു. ഡാൻസാഫ് സബ് ഇൻസ്പെക്ടർ മനോജ് എടയേടത്, അസി. സബ് ഇൻസ്പെക്ടർ അബ്ദുറഹ്മാൻ, കെ. അഖിലേഷ്, അനീഷ് മൂസേൻവീട്, ജിനേഷ് ചൂലൂർ, സുനോജ് കാരയിൽ, അർജുൻ അജിത്ത്, പന്തീരാങ്കാവ് പൊലീസ് സ്റ്റേഷനിലെ സബ് ഇൻസ്പെക്ടർമാരായ പി. സൂരജ്, സന്തോഷ്, അസി. സബ് ഇൻസ്പെക്ടർ ടി. പ്രബീഷ്, എസ്.സി.പി.ഒമാരായ എം. രഞ്ജിത്ത്, പി. ശ്രീജിത്ത്കുമാർ, ഇ. സബീഷ്, കെ.എ. ഷൈജു എന്നിവർ അന്വേഷണ സംഘത്തിൽ ഉണ്ടായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.