പന്തീരാങ്കാവ്: ലോറിയിൽ ബംഗളൂരുവിൽ നിന്ന് കടത്തുകയായിരുന്ന 400 ഗ്രാം എം.ഡി.എം.എയുമായി രണ്ട് യുവാക്കൾ പിടിയിലായി. കൊണ്ടോട്ടി പുളിക്കൽ പാലച്ചിങ്ങൽ നൗഫൽ (32), ഫറോക്ക് നല്ലൂർ പുത്തൂർകാട് സ്വദേശി ജംഷീദ് (31) എന്നിവരെയാണ് കോഴിക്കോട് ആന്റി നർക്കോട്ടിക് സെൽ അസി. കമീഷണർ പ്രകാശൻ പടന്നയിലിന്റെ നേതൃത്വത്തിലുള്ള ആന്റി നാർക്കോട്ടിക് ഷാഡോ ടീമും സബ് ഇൻസ്പെക്ടർ ടി.വി. ധനഞ്ജയദാസിന്റെ നേതൃത്വത്തിലുള്ള പന്തീരാങ്കാവ് പൊലീസും പിടികൂടിയത്.
ബംഗളൂരുവിൽനിന്ന് ലോറിയിൽ ടൈൽസ് കൊണ്ടുവരുന്നത് മറയാക്കി എം.ഡി.എം.എ കടത്തുന്നതായി ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ ഇവർ പൊലീസ് നിരീക്ഷണത്തിലായിരുന്നു. തുടർന്ന് നടത്തിയ പരിശോധനയിലാണ് 400 ഗ്രാം ലഹരിമരുന്നുമായി ഇരുവരും ബുധനാഴ്ച ദേശീയപാതയിൽ പാലാഴിക്കുസമീപം പിടിയിലാവുന്നത്.
ഫറോക്ക്, രാമനാട്ടുകര ഭാഗങ്ങളിൽ ചില്ലറ വിൽപനക്കുള്ളതാണ് പിടികൂടിയ എം.ഡി.എം.എ. ഇവരിൽനിന്ന് വാങ്ങിയവരിലേക്കും വിൽപനക്കാരിലേക്കും അന്വേഷണം വ്യാപിപ്പിക്കുമെന്ന് അസി. കമീഷണർ പ്രകാശൻ പടന്നയിൽ പറഞ്ഞു. പ്രതികളിലൊരാളായ നൗഫലിന് 2013ൽ രണ്ടുകിലോ കഞ്ചാവ് പിടികൂടിയ കേസിൽ രണ്ടുവർഷത്തെ ശിക്ഷ വിധിച്ചിട്ടുണ്ട്. ഇതിൽ കോടതിയിൽ നിന്ന് അപ്പീലിൽ പുറത്തിറങ്ങിയാണ് വീണ്ടും ലഹരി കടത്തിൽ സജീവമാക്കിയത്.
പന്തീരാങ്കാവ് സ്റ്റേഷൻ എ.എസ്.ഐ ടി. പ്രഭീഷ്, എസ്.സി.പി.ഒമാരായ എം. രഞ്ജിത്ത്, പി. ശ്രീജിത്ത്കുമാർ, ഇ. സബീഷ്, ഡൻസാഫ് സബ് ഇൻസ്പെക്ടർ മനോജ് എടയേടത്, നർക്കോട്ടിക് ഷാഡോ അംഗങ്ങളായ സി.പി.ഒ പി.സി. സുഗേഷ്, എം.കെ. ലതീഷ്, എം. ഷിനോജ്, എൻ.കെ ശ്രീനാഥ്, പി.കെ. ദിനേശ്, തൗഫീഖ്, പി. അഭിജിത്ത്, ഇ.വി. അതുൽ, മിഥുൻ രാജ്, ഇബ്നു ഫൈസൽ, കെ.പി. ബിജീഷ് എന്നിവർ അന്വേഷണ സംഘത്തിൽ ഉണ്ടായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.