പന്തീരാങ്കാവ്: ഒന്നര പതിറ്റാണ്ടോളം ഇടവേളകളില്ലാതെ തുടർന്ന പന്തീരാങ്കാവുകാരുടെ പ്രിയപ്പെട്ട പുൽപറമ്പിൽ മേത്തൽ ചന്ദ്രനെന്ന പി.എം.സിയുടെ പാട്ട് മുറ്റത്തിനിയും സംഗീതം പെയ്തിറങ്ങും. ഒരിക്കൽ പോലും നിലക്കാതെ ഞായറാഴ്ചകളെ ആസ്വാദ്യകരമാക്കിയ ചന്ദ്രെൻറ വീട്ടു മുറ്റത്ത് വീണ്ടും പാട്ട് രാവിന് തുടക്കമാവുമ്പോൾ പക്ഷേ, പാടാനും കേൾക്കാനുമെത്തുന്ന സംഗീത പ്രേമികളെ സ്വാഗതം ചെയ്യാൻ പി.എം.സി ഉണ്ടാവില്ല. കഴിഞ്ഞ ഫെബ്രുവരി 13ന് ചന്ദ്രെൻറ മരണത്തോടെയാണ് പാട്ട് മുറ്റം നിലച്ചു പോയത്. കോവിഡ് നിയന്ത്രണങ്ങൾക്ക് ഇളവ് വന്നതോടെ പി.എം.സിയുടെ സ്മരണയിൽ സംഗീത കൂട്ടായ്മ തുടരാൻ ചന്ദ്രെൻറ ഭാര്യ പ്രേമിയും മക്കളും തീരുമാനിക്കുകയായിരുന്നു.
നാല് പതിറ്റാണ്ട് മുമ്പ് പന്തീരാങ്കാവ് പ്രഭാത് ആർട്സിലാണ് ചന്ദ്രനും സുഹൃത്തുക്കളും ചേർന്ന് പാട്ട് കൂട്ടായ്മ തുടങ്ങിയത്. പിന്നീടത് സൗകര്യത്തിനായി ചന്ദ്രെൻറ വീട്ടു മുറ്റത്തേക്ക് മാറ്റി.
15 വർഷത്തോളമായി മഴക്കും മരണത്തിനുമൊന്നും തടസ്സപ്പെടുത്താനാവാത്ത പന്തീരാങ്കാവിെൻറ പതിവു തെറ്റാത്ത സംഗീത കൂട്ടായ്മയായിരുന്നു ഈ സംഗീത സദ്യ.
കെ.എസ്.ഇ.ബിയിൽ നിന്ന് റിട്ടയർ ചെയ്ത ചന്ദ്രൻ സംഗീത ഉപകരണങ്ങൾക്കൊപ്പം, പാട്ട് മുറ്റത്തിന് മുടക്കം വരാതിരിക്കാൻ ജനറേറ്ററും മറ്റു സൗകര്യങ്ങളും ഏർപ്പെടുത്തിയിരുന്നു. പാടാനാഗ്രഹിക്കുന്നവരും ആസ്വദിക്കാനെത്തുന്നവരുമായി നിരവധി ആളുകൾ ഞായറാഴ്ചകളിൽ ഇവിടത്തെ പതിവുകാരായിരുന്നു.
പാടാനാഗ്രഹിക്കുന്നവർക്കെല്ലാം പാടാം, ശ്രുതിയും താളവും അതിരു നിർണയിക്കാതെ, അതായിരുന്നു ചന്ദ്രെൻറ പാട്ട് മുറ്റത്തിെൻറ പ്രത്യേകത. വീടിനോട് ചേർന്ന കെട്ടിടം പുതുക്കിപണിതാണ് വീണ്ടും പാട്ട് മുറ്റം തുടങ്ങിയത്. ദേവദാസ്, അരവിന്ദൻ, ഗോവിന്ദൻ, വേലായുധൻ, മോഹനൻ, ഹുസൈൻ തുടങ്ങി പഴയ സൗഹൃദ കൂട്ടായ്മ പി.എം.സിയുടെ ഛായചിത്രത്തിനരികെയിരുന്ന് തുടർന്നും പന്തീരാങ്കാവിെൻറ ഞായറാഴ്ചകളെ ആസ്വാദ്യകരമാക്കും.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.