പന്തീരാങ്കാവ്: തകർന്നു വീഴാറായ മേൽക്കൂരക്ക് കീഴെ ഓട്ടിസം ബാധിച്ച മകളുമായി ഇനിയൊരു കാലവർഷം കൂടി എങ്ങനെ കഴിച്ചുകൂട്ടുമെന്ന ആശങ്കയിലാണ് ഒളവണ്ണ മാമ്പുഴക്കാട്ട് മീത്തൽ കോളനിയിലെ വിളക്കത്തറ രാജനും ഭാര്യ സുമയും. ചിതലരിച്ച് മേൽക്കൂര തകർന്ന വീട്ടിൽ ഒരു മഴ പെയ്യുമ്പോഴേക്കും വെള്ളം നിറയും.
13 വർഷം മുമ്പാണ് രാജനും ഭാര്യയും കോളനിയിലെ നാലു സെൻറിലെ വീട്ടിൽ താമസം തുടങ്ങിയത്. പ്രവൃത്തി പൂർത്തിയാക്കാൻ രണ്ടു ലക്ഷത്തോളം രൂപ ബാങ്കിൽനിന്ന് കടമെടുത്തിരുന്നു. രണ്ടര ലക്ഷത്തോളം പലിശ ഇനത്തിൽ അടച്ചെങ്കിലും ഇടക്ക് അടവ് മുടങ്ങിയതോടെ പലിശ കൂടി വലിയ സംഖ്യയായി.
ഇനിയും വീട് അറ്റകുറ്റപ്പണി നടത്തിയതുകൊണ്ട് ഫലമില്ല. ഉള്ളത് പൊളിച്ച് പണിയാൻ രാജനു മുന്നിൽ വേറെ വഴികളുമില്ല. ദുരിതങ്ങൾ പെയ്യുന്ന കോളനിയിലെ നിരവധി വീടുകളിലൊന്നാണ് രാജേൻറത്.
പച്ചക്കറി മാർക്കറ്റിൽനിന്ന് പച്ചക്കറിയും പഴവർഗങ്ങളും വാങ്ങി ഉന്തുവണ്ടിയിൽ വിൽപന നടത്തുകയാണ് രാജൻ. രോഗങ്ങൾ രാജനെയും തളർത്തി തുടങ്ങിയിരിക്കുന്നു. കോവിഡ് വ്യാപിച്ചതോടെ ജോലി വളരെ കുറഞ്ഞു.
നിത്യചെലവിനുപോലും തികയാത്ത ദിവസവരുമാനത്തിനിടയിൽ പുതിയ വീടിനെകുറിച്ച് ചിന്തിക്കാനാവില്ല. ഗ്രാമപഞ്ചായത്തിെൻറയോ മറ്റ് സർക്കാർ സംവിധാനങ്ങളുടെയോ ഒരു സഹായവും ഇതുവരെയും ഇവരെ തേടിയെത്തിയിട്ടില്ല. 33 വയസ്സുള്ള ഏക മകൾ സുമിജയുടെ ചികിത്സക്കായി ഏറെ െചലവഴിച്ചെങ്കിലും കാര്യമായ മാറ്റമില്ല. രണ്ടു മുറികളുള്ള ചോർന്നൊലിക്കുന്ന വീട്ടിൽ ഏകമകളെയും ചേർത്തുപിടിച്ച് കഴിയുകയാണ് രാജനും സുമയും.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.