സിന്ധുവി​െൻറ നിശ്വാസമുണ്ട് ബേബി ഫാത്തിമയുടെ പ്രാണനിൽ

സിന്ധുവി​െൻറ നിശ്വാസമുണ്ട് ബേബി ഫാത്തിമയുടെ പ്രാണനിൽ

പന്തീരാങ്കാവ്: മാതാവി​െൻറ മടിയിൽ കിടന്ന് മുലപ്പാൽ നുണഞ്ഞ് മോണകാട്ടി ചിരിക്കുന്ന കുഞ്ഞുഫാത്തിമയുടെ ഹൃദയതാളത്തിന് അയൽവാസിയായ സിന്ധു ശ്രീനിവാസ​െൻറ നിശ്വാസത്തി​െൻറ കരുത്തുണ്ട്. മുലപ്പാൽ മൂക്കിലും ശ്വസനനാളത്തിലും കയറി കുഞ്ഞുമോളുടെ ഹൃദയം നിലച്ചുപോയ ആ നിമിഷത്തെ കുറിച്ച് ഇപ്പോൾ ആലോചിക്കാൻ പോലുമാവുന്നില്ല ജംഷിദിനും നൗഷിദക്കും. മടിയിൽ കിടന്ന് കൈകാലുകളിളക്കി കളിക്കുന്ന ബേബി ഫാത്തിമയെ തുരുതുരെ ഉമ്മ വെക്കുമ്പോഴും അർധരാത്രിയിലെ ആ നടുക്കമുള്ള നിമിഷങ്ങൾ വിട്ടുമാറുന്നില്ല ഇരുവർക്കും.

കഴിഞ്ഞ ദിവസം രാത്രിയോടെ പെരുമണ്ണ തയ്യിൽ താഴത്ത് പാറ ചോട്ടിൽ ജംഷിദ്-sindhujjനൗഷിദ ദമ്പതികളുടെ 24 ദിവസം പ്രായമായ പെൺകുട്ടിക്കാണ് മുലപ്പാൽ കുടിക്കുന്നതിനിടെ ശ്വാസതടസ്സം നേരിട്ടത്. ശ്വാസം കിട്ടാതെ കണ്ണുതള്ളി കൈകാലുകൾ വലിഞ്ഞ്​ കുഞ്ഞ് അപകടനിലയിലായതോടെ വീട്ടുകാർ ഭയന്ന് അലറി വിളിച്ചു. കരച്ചിൽ കേട്ട സമീപവാസിയായ സിന്ധു ശ്രീനിവാസ​െൻറ മകനാണ് മാതാവിനെ ഉറക്കത്തിൽനിന്ന് വിളിച്ചുണർത്തിയത്. ഒരു മിനിറ്റ്​ പോലും വൈകാതെ അയൽവീട്ടിലെത്തിയ സിന്ധു കാണുന്നത് ശ്വാസം നിലച്ചു കിടക്കുന്ന കുഞ്ഞിനെയാണ്. ഉടനെ മാതാവിൽ നിന്നും കുഞ്ഞിനെ വാങ്ങി സ്വന്തം വായകൊണ്ട് മൂക്കിൽനിന്നും അടഞ്ഞ് കിടക്കുന്നതെല്ലാം വലിച്ചെടുത്തു.

കുട്ടി ശ്വസിക്കുന്നില്ലെന്ന് മനസ്സിലായതോടെ നെഞ്ചിൽ അമർത്തിയും കൃത്രിമ ശ്വാസോച്ഛ്വാസം നൽകിയും ജീവൻ നിലനിർത്താൻ ശ്രമിക്കുകയായിരുന്നു. കിട്ടിയ ഓട്ടോയിൽ കുഞ്ഞിനെയുമെടുത്ത് മെഡിക്കൽ കോളജിലേക്ക് കുതിക്കുമ്പോഴും വണ്ടിയിലും സിന്ധു ശ്വാസോച്ഛ്വാസം നൽകി ക്കൊണ്ടിരിക്കുകയായിരുന്നു. പെരുമണ്ണയിൽനിന്നും മെഡിക്കൽ കോളജിലേക്കുള്ള പാതിവഴിയിലെത്തുമ്പോഴും കുഞ്ഞി​െൻറ ജീവൻ തിരികെ ലഭിക്കുമെന്ന വിശ്വാസം തീരെ ഉണ്ടായിരുന്നില്ല. പക്ഷേ, നെഞ്ചമർത്തി കൃത്രിമ ശ്വാസം നൽകൽ തുടർന്നതോടെ ആശുപത്രിയിലെത്തുമ്പോഴേക്കും കുഞ്ഞ് ഏറക്കുറെ സാധാരണ നിലയിലെത്തിയിരുന്നു. വിദഗ്ധ ചികിത്സ നൽകി രാത്രി വൈകിയാണ് കുഞ്ഞുമായി വീട്ടിലേക്ക് മടങ്ങിയത്.

പിറ്റേന്ന് നടക്കുന്ന പരീക്ഷക്ക് ഉറക്കമിളച്ച് പഠിക്കുന്നതിനിടയിലാണ് സിന്ധുവി​െൻറ മകൻ അയൽവീട്ടിലെ കരച്ചിൽ കേട്ടതും അമ്മയെ വിളിച്ചുണർത്തിയതും. പാലിയേറ്റിവ് പ്രവർത്തനത്തിലെ പരിചയമാണ് സിന്ധുവിന് പെട്ടെന്ന് കുഞ്ഞിന് പ്രാഥമ ശുശ്രൂഷ നൽകാൻ പ്രാപ്തയാക്കിയത്. സി.പി.എം തയ്യിൽതാഴം ബ്രാഞ്ച് കമ്മിറ്റി അംഗമായ സിന്ധു പാലിയേറ്റീവ് പെരുമണ്ണ - പെരുവയൽ യൂനിറ്റുകളിലെ സജീവ പ്രവർത്തകയാണ്.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.