പന്തീരാങ്കാവ്: മനസ്സുണ്ടെങ്കിൽ മൊട്ടക്കുന്നിലും ലാഭകരമായി കൃഷി ചെയ്യാമെന്ന് തെളിയിക്കുകയാണ് മണക്കടവ് 'അശ്വതി'യിൽ ഷംസുധീർ ദാസ് എന്ന 48കാരൻ. സിവിൽ എൻജിനീയറിങ് കഴിഞ്ഞ് ദാസ് ബിൽഡേഴ്സ് എന്ന സ്വന്തം കമ്പനിയുമായി ജോലി ചെയ്യുന്നതിനിടയിലാണ് ഷംസുധീർ ദാസിന് കൃഷി നടത്താനുള്ള ആഗ്രഹം മുളപൊട്ടിയത്. തുടർന്നാണ് മൂന്ന് വർഷം മുമ്പ് കൊടൽ നടക്കാവ് ഈരാട് കുന്നിൽ അഞ്ച് ഏക്കറോളം ഭൂമി പാട്ടത്തിനെടുത്ത് ഏദൻ ഫാം തുടങ്ങിയത്.
കക്കിരി, വെണ്ട, വഴുതന, ചീര, പടവലം തുടങ്ങിയ സാധാരണ വിളകളാണ് ആദ്യം തുടങ്ങിയത്. കൂട്ടത്തിൽ മൂന്ന് പശുക്കളേയും വളർത്തി. പാലിനൊപ്പം കൃഷിയിടത്തിലേക്കുള്ള വളവും ഫാമിൽ തന്നെയുണ്ടാക്കി. മെല്ലെ കൃഷിചെയ്യുന്ന ഇനങ്ങൾ വർധിപ്പിച്ചു. പശുക്കളുടെ എണ്ണവും കൂട്ടി. 20 പശുക്കളുണ്ട് ഇപ്പോൾ ഫാമിൽ. പാലും പാലുൽപന്നങ്ങളും മാത്രമല്ല, അഞ്ചേക്കറിലെ കൃഷിക്ക് ആവശ്യമായ ജൈവവളവും ഇവിടന്നുതന്നെയാണ്. പശുക്കൾക്കാവശ്യമായ തീറ്റപ്പുല്ലും ഫാമിൽ വളർത്തുന്നുണ്ട്.
ആറുമാസം മുമ്പ് പന്തീരാങ്കാവ് ഹൈസ്കൂളിന് സമീപം മൂന്ന് ഏക്കറിൽ ഷംസുധീർ ദാസ് അടുത്ത കൃഷി തുടങ്ങി. തീർത്തും ചെങ്കല്ല് നിറഞ്ഞ കുന്നിൽ പതിനായിരത്തോളം ഗ്രോ ബാഗുകളിലാണ് കൃഷി. കൂടാതെ തടങ്ങളിൽ മണ്ണിട്ടും കൃഷി ചെയ്യുന്നുണ്ട്. ഗ്രോബാഗിനടിയിൽ പ്ലാസ്റ്റിക് ഷീറ്റ് വിരിച്ചതിനാൽ കൃഷിയിടത്തിൽ കളശല്യം തീരേ ഉണ്ടാവാറില്ല. 40 ഇനം പച്ചക്കറികളുണ്ട് ഈ കൃഷിയിടത്തിൽ. കിയ്യാർ, വെണ്ട, വഴുതന, നാലുതരം പച്ചമുളകുകൾ, വ്യത്യസ്ഥ ഇനം കാന്താരി മുളകുകൾ, ഉത്തരേന്ത്യക്കാരുടെ പ്രധാന ഇനമായ പാലക് ചീര ഉൾപ്പെടെ അഞ്ച് തരം ചീര, രണ്ട് തരം കൈപ്പ, പടവലം, തക്കാളി, സവാള, ബീൻസ്, കൊത്തവര, പയറ് ഇനങ്ങൾ, മുളങ്കി, കാരറ്റ്, ബീറ്റ്റൂട്ട് തുടങ്ങി വിവിധ ഇനങ്ങളുമുണ്ട്. പപ്പായയുടെ റെഡ് ലേഡി അടക്കം വ്യത്യസ്ഥ ഇനങ്ങളുണ്ട്. തേനീച്ച വളർത്തുമുണ്ട് ഇവിടെ.
ഗുണ്ടൽപേട്ടിൽ സുഹൃത്തുമായി ചേർന്ന് 20 ഏക്കർ ഭൂമിയെടുത്ത് കൃഷി പരീക്ഷണത്തിനിറങ്ങിയിരുന്നു. എന്നാൽ, കുഴൽക്കിണർ കുത്തിയിട്ടും വെള്ളം കിട്ടാതായതോടെ ആ ശ്രമം തൽക്കാലമുപേക്ഷിച്ചാണ് നാട്ടിൽതന്നെ കൃഷിയിറക്കിയത്. മാവൂർ ഗ്രാസിം ജീവനക്കാരനായിരുന്ന പിതാവ് ഭുവനദാസ് വീടിനോട് ചേർന്ന് കൃഷി നടത്തിയിരുന്നു. രണ്ട് പതിറ്റാണ്ട് മുമ്പ് ഗ്രാമപഞ്ചായത്തിലെ ഏറ്റവും നല്ല കർഷകനായി ഭുവനദാസ് തിരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്. അച്ചെൻറ പാത പിന്തുടർന്ന ഷംസുധീറിനെ തേടി മാസങ്ങൾക്ക് മുമ്പ് ജില്ലയിലെ ഏറ്റവും നല്ല കർഷകനെന്ന അംഗീകാരമെത്തിയിരുന്നു.
യുട്യൂബാണ് കൃഷിയിലെ പ്രധാന ഗുരു. വിദ്യാർഥികളായ മക്കൾ റാണക് ദാസിനും ദേവക് രാജിനുമാണ് പശുഫാമിെൻറ ചുമതല. ഭാര്യ ഷൈനിക്ക് ചെടി വളർത്തലിലാണ് കമ്പം. ഓൺലൈൻവഴി വിൽപനയുമുണ്ട്. പന്തീരാങ്കാവിൽ പച്ചക്കറിവിപണനത്തിനായി ഒരു കടയൊരുക്കിയിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.