പന്തീരാങ്കാവ്: വൻ സംഖ്യ ലാഭം വാഗ്ദാനംചെയ്ത് നിക്ഷേപം വാങ്ങി പെരുമണ്ണയിൽ ജ്വല്ലറി ഉടമ നിക്ഷേപകരെ വഞ്ചിച്ച് മുങ്ങുന്നത് ഇത് രണ്ടാം തവണ. മൂന്നു വർഷം മുമ്പ് മറ്റൊരു ജ്വല്ലറിയിലും പണം നിക്ഷേപിച്ച് നിരവധി പേർ വഞ്ചിക്കപ്പെട്ടിട്ടും അനുഭവത്തിൽനിന്ന് പാഠം പഠിക്കാതെയാണ് നാട്ടുകാർ വീണ്ടും ജ്വല്ലറിയിൽ പണം നിക്ഷേപിച്ച് വഞ്ചിതരായത്. ഉടമ പ്രദേശവാസിയല്ലാത്തതിനാൽ പഴയ തട്ടിപ്പിൽ പെരുമണ്ണയിൽനിന്ന് അധികം നിക്ഷേപകർ ഉൾപ്പെട്ടിരുന്നില്ല. എന്നാൽ, വലിയ സംഖ്യ നിക്ഷേപിക്കുകയും മറ്റുള്ളവരെ നിക്ഷേപിക്കാൻ പ്രേരിപ്പിക്കുകയും ചെയ്ത ചിലർ സ്വന്തം സ്വത്ത് വിറ്റാണ് അന്ന് കടം വീട്ടിയത്. ഈ അനുഭവത്തിൽനിന്ന് പഠിക്കാതെയാണ് സ്ത്രീകളടക്കമുള്ള നിരവധി നാട്ടുകാർ ബാവാസിൽ പണം നിക്ഷേപിച്ചത്.
ലക്ഷം രൂപക്ക് 2000 മുതൽ 4000 വരെ പലർക്കും പല നിരക്കിലാണ് ലാഭം വാഗ്ദാനം ചെയ്തത്. ലോക്ഡൗൺ സമയത്ത് കട പൂട്ടിയിട്ടപ്പോഴും പലർക്കും ലാഭവിഹിതം മുടക്കമില്ലാതെ കിട്ടിയതോടെ നാട്ടുകാരുടെ വിശ്വാസം ആർജിക്കാനായി. മുങ്ങുന്നതിെൻറ തലേന്നാൾപോലും വലിയ വാഗ്ദാനം നൽകി ജ്വല്ലറി ഉടമ പലരുടെ കൈയിൽനിന്നും പണവും സ്വർണവും വാങ്ങിയിട്ടുണ്ടെന്നാണ് അറിവ്.
മുങ്ങിയ ജ്വല്ലറി ഉടമക്കെതിരെ പരാതി നൽകാൻ പലരും തയാറാവാത്തത് മാനഹാനി ഭയന്ന്. പെരുമണ്ണ എൽ.പി സ്കൂളിനു സമീപത്തെ ബാവാസ് ജ്വല്ലറി വർക്ക്സ് ഉടമ കൊമ്മനാരി ഹുസൈനാണ് നൂറുകണക്കിനാളുകളുടെ നിക്ഷേപം വാങ്ങി മുങ്ങിയതായി ആരോപണമുയർന്നത്. പ്രദേശത്തെ പല പ്രമുഖർക്കും ലക്ഷങ്ങൾ നഷ്ടമായിട്ടുണ്ടെങ്കിലും ആരും ഇതുവരെ പൊലീസിൽ പരാതി നൽകിയിട്ടില്ല. ചെറുവണ്ണൂർ സ്വദേശിയായ യുവാവ് മാത്രമാണ് തെൻറ മാല പുതുക്കിപ്പണിയാൻ നൽകിയിട്ട് തിരികെ ലഭിച്ചില്ലെന്ന പരാതിയുമായി പൊലീസിനെ സമീപിച്ചത്. 10 മുതൽ 20 ലക്ഷം വരെ തുക നഷ്ടപ്പെട്ട പലരും ഒരു രേഖയുമില്ലാതെ പണം നൽകിയതിലെ നാണക്കേട് മൂലമാണത്രേ പരാതി നൽകാൻപോലും തയാറാവാത്തത്.
മക്കളുടെ വിവാഹാവശ്യത്തിനും മറ്റുമായി സ്വരൂപിച്ച തുക നിക്ഷേപിച്ച് വഞ്ചിതരായ ചില സാധാരണക്കാർ അടുത്ത ദിവസം നിയമനടപടിക്കൊരുങ്ങുന്നുണ്ട്. വിവാഹമുറപ്പിച്ച് സ്വർണത്തിനായി ജ്വല്ലറിയെ സമീപിക്കാനിരിക്കെയാണ് ഉടമ നാടുവിട്ട വിവരം പലരുമറിയുന്നത്. സ്വർണം വാങ്ങാനായി പണം നിക്ഷേപിച്ചവരിൽ ഏറിയ പങ്കും സ്ത്രീകളാണ്. ഇവരിൽ ചിലരാണ് നിയമനടപടിക്കൊരുങ്ങുന്നത്. തട്ടിപ്പിനിരയായവർ പരാതി നൽകിയിട്ടില്ലെങ്കിലും പൊലീസിെൻറ രഹസ്യാന്വേഷണ വിഭാഗം വിഷയം അന്വേഷിക്കുന്നുണ്ട്. പരാതിക്കാരോടും ഉടമയുമായി ബന്ധപ്പെട്ടവരോടും അന്വേഷിച്ച് അടുത്ത ദിവസം റിപ്പോർട്ട് സമർപ്പിക്കുമെന്നാണ് അറിവ്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.