പന്തീരാങ്കാവ്: കാരുണ്യ പ്രവർത്തനത്തിന് ധനസമാഹരണത്തിനായി പുതുവഴി തേടുകയാണ് വെള്ളായിക്കോട് പുറ്റേക്കടവിലെ ഒരുപറ്റം യുവാക്കൾ. വയലുകളിലും പറമ്പുകളിലും കൃഷിയിറക്കി അതിൽനിന്നുള്ള ലാഭം ചികിത്സ ധനസഹായമുൾപ്പെടെ സാമൂഹിക പ്രവർത്തനത്തിന് ഉപയോഗിക്കുകയാണ് വെള്ളായിക്കോട് ഇ.എം.എസ് ചാരിറ്റബ്ൾ ട്രസ്റ്റ് പ്രവർത്തകർ. വയലുകളിലും പറമ്പുകളിലും തരിശുഭൂമിയിലുമായി ഒരു വർഷത്തോളമായി വിവിധതരം കൃഷികൾ നടത്തിയാണ് ട്രസ്റ്റ് പ്രവർത്തനത്തിനുള്ള ധനസമാഹരണം നടത്തുന്നത്.
ഒരേക്കറിൽ പച്ചക്കറി കൃഷി നടത്തിയാണ് തുടക്കം. ഇളവൻ, കൈപ്പ, പയർ, പീച്ചിങ്ങ, ചീര തുടങ്ങിയവയാണ് കൃഷി ചെയ്തത്. വിഷുവിനോടനുബന്ധിച്ച് പ്രദേശത്തെ 300ഓളം വീടുകളിൽ കിറ്റുകൾ വിതരണം ചെയ്തത് ഇവിടെനിന്ന് വിളവെടുത്ത പച്ചക്കറികളാണ്. പച്ചക്കറി കൃഷിയിലെ വിജയമാണ് മഞ്ഞൾ കൃഷി ചെയ്യാൻ പ്രേരിപ്പിച്ചത്. തുടർന്ന് ഒരേക്കർ ഭൂമിയിൽ കപ്പകൃഷിയുമിറക്കി. എട്ടു മാസംകൊണ്ട് പറിച്ചെടുക്കാവുന്ന ദിവാൻ കൊമ്പുകളാണ് കൃഷിക്ക് ഉപയോഗിച്ചത്.
പുറ്റേക്കടവ് -കുഴിമ്പാട്ടിൽ റോഡിനോട് ചേർന്ന് ചേനകൃഷി തുടങ്ങിയിട്ടുണ്ട്. ഒഴിവ് സമയങ്ങളിലാണ് ട്രസ്റ്റ് പ്രവർത്തകർ കൃഷി പരിചരണത്തിനിറങ്ങുന്നത്. മഴ ഒഴിയുന്നതോടെ നേന്ത്രവാഴകൃഷിയും തുടങ്ങുന്നുണ്ട്.ചികിത്സ സഹായം, മരുന്ന് വിതരണം, കിടപ്പിലായ രോഗികൾക്ക് ഭക്ഷണം, ക്വാറൻറീനിലുള്ളവർക്ക് ഭക്ഷണ കിറ്റ് തുടങ്ങിയവക്കെല്ലാം ധനസമാഹരണം നടത്തുന്നത് കൃഷിയിൽനിന്നുള്ള വരുമാനംകൊണ്ടാണ്. സി.കെ. രാജേഷ് (സെക്ര), കെ. ഷാജി (പ്രസി), കെ. സുധീർ (ട്രഷ) എന്നിവരാണ് ഭാരവാഹികൾ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.