പന്തീരാങ്കാവ്: ഫാൻസി ഷോപ്പ് ജീവനക്കാരിയെ കബളിപ്പിച്ച് തട്ടിയെടുത്ത മൊബൈൽ ഫോൺ വിൽക്കാൻ ശ്രമിക്കുന്നതിനിടെ യുവാവ് പിടിയിൽ. കഴിഞ്ഞ ചൊവ്വാഴ്ച വൈകീട്ടാണ് പാലാഴി ക്യൂൻസ് ഫാൻസി ഷോപ്പ് ജീവനക്കാരിയുടെ മൊബൈൽ മോഷ്ടിച്ച മലപ്പുറം തിരൂരങ്ങാടി കൊളക്കാടൻ വീട്ടിൽ ബിയാസ് ഫാറൂഖ് (37) പന്തീരാങ്കാവ് പൊലീസിന്റെ പിടിയിലായത്.
പാദസരം വാങ്ങാനെന്ന വ്യാജേന കടയിലെത്തിയ പ്രതി ജീവനക്കാരിയുടെ 12,000 രൂപ വിലയുള്ള ഫോൺ കൈക്കലാക്കി മുങ്ങുകയായിരുന്നു. കടയിലെ സി.സി.ടി.വിയിൽ മോഷണ ദൃശ്യങ്ങൾ പതിഞ്ഞിരുന്നു. പാലാഴിയിലെ ഷോപ്പിൽ അഞ്ചു മൊബൈൽ ഫോണുകൾ വിൽപനക്കായി എത്തിച്ചപ്പോൾ കടയുടമക്ക് സംശയം തോന്നിയതിനെ തുടർന്ന് തടഞ്ഞുവെച്ച് പൊലീസിൽ വിവരമറിയിക്കുകയായിരുന്നു.
നല്ലളം, വേങ്ങര, തിരൂർ, കൽപ്പകഞ്ചേരി തുടങ്ങി വിവിധ സ്റ്റേഷനുകളിലായി ഇയാൾക്കെതിരെ 25 ഓളം മോഷണ കേസുകളുണ്ട്. പാലാഴിയിൽനിന്ന് നഷ്ടമായ ഫോണും ഇയാളിൽ നിന്ന് കണ്ടെടുത്തു. പന്തീരാങ്കാവ് എസ്.ഐ സി. വിനായകന്റെ നേതൃത്വത്തിൽ പ്രഭാത്, ഹാരിസ്, ബഷീർ എന്നിവർ ചേർന്നാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.