ഫറോക്ക്: ജനവാസകേന്ദ്രങ്ങളിലേക്ക് വീശിയെത്തിയ പുകകണ്ട് ഫറോക്ക് മേഖലയിലെ ജനങ്ങൾ പരിഭ്രാന്തരായി. ചൊവ്വാഴ്ച വൈകീട്ടാണ് ചെറുവണ്ണൂരിലെ പെയിൻറ് നിർമാണത്തിന് ഉപയോഗിക്കുന്ന ടിന്നർ സൂക്ഷിക്കുന്ന ഗോഡൗണിന് തീപിടിത്തമുണ്ടായത്. ചാലിയാർ തീരത്തിന്റെ കരയിലാണ് ഈ സ്ഥാപനം.
തീപിടിത്തത്തെ തുടർന്ന് കറുത്ത പുക ആകാശത്തിൽ ചുരുളുകളായി ചാലിയാറിന്റെ മറുകരയായ ഫറോക്ക് മേഖലയിലേക്ക് വ്യാപിച്ചു.
ചാലിയാർ പുഴക്കുമീതെ കറുത്തപുക ആകാശത്തിൽ കണ്ടവർ ഈ ദൃശ്യങ്ങൾ മൊബൈൽ കാമറയിൽ പകർത്തുന്ന തിരക്കിലായിരുന്നു. പിന്നീട് പുക മേഖലയിൽ വ്യാപിച്ചപ്പോൾ ജനങ്ങൾ ആശങ്കയിലായി. ഗോഡൗണിന് സമീപത്തായി നൂറുകണക്കിന് വീടുകളുണ്ട്. എല്ലായിടത്തും പുകയെത്തി. ജനവാസകേന്ദ്രങ്ങളിൽ അഗ്നിബാധക്ക് കാരണമാകുന്ന വസ്തുക്കൾ ഉപയോഗിക്കുന്നതിന് കോർപറേഷൻ അധികൃതർ അനുവാദം നൽകുന്നതാണ് ഇത്തരത്തിൽ ദുരന്തങ്ങൾക്ക് കാരണമായത്. അഗ്നിവിഴുങ്ങിയ ഇരുനില കെട്ടിടത്തിന്റെ തൊട്ടടുത്ത് താമസിക്കുന്ന മുല്ലവീട്ടിൽ നജീബിന്റെ ഇരുനില വീട്ടിലെ കുടിവെള്ള ടാങ്ക് പൂർണമായും കത്തിനശിച്ചു. വീടിന്റെ ചുമരുകൾക്ക് നാശനഷ്ടമുണ്ട്. ജനങ്ങൾ തിങ്ങിപ്പാർക്കുന്നിടത്ത് ഇത്തരത്തിലുള്ള കെമിക്കലുകളടക്കം എളുപ്പത്തിൽ തീ പടരുന്ന നൂറുകണക്കിന് ഗോഡൗണുകൾ കോർപറേഷൻ പരിധിയിലെ ചെറുവണ്ണൂർ, കൊളത്തറ, മധുരബസാർ, നല്ലളം, ഫറോക്ക് - രാമനാട്ടുകര നഗരസഭകളിലും ധാരാളമുണ്ട്.
ചെറുവണ്ണൂരിലെ ഗോഡൗൺ കത്തിയതിനെ തുടർന്നുണ്ടായ കറുത്ത പുക ചെറുവണ്ണൂർ, ഫറോക്ക്, രാമനാട്ടുകര, കടലുണ്ടി മേഖലയിലാകെ എത്തിയിരുന്നു. മേഖലയിൽ ജനവാസ കേന്ദ്രങ്ങൾക്കടുത്ത് പ്രവർത്തിക്കുന്ന ഇത്തരത്തിലുള്ള ഗോഡൗണുകൾക്കെതിരെ നടപടി വേണമെന്നാണ് നാട്ടുകാരുടെ ആവശ്യം.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.