കോഴിക്കോട്: അറിവിന്റെ ആദ്യക്ഷരം നുകരാനെത്തിയ കുരുന്നുകളെയും അവധിക്കാലം കഴിഞ്ഞ് വീണ്ടുമെത്തിയ കുട്ടികളെയും വരവേറ്റ് വിദ്യാലയങ്ങൾ. സ്കൂളുകളിലെ പ്രവേശനോത്സവങ്ങളുടെ വർണപ്പൊലിമയിൽ ആനന്ദിച്ച് കരയാൻപോലും മറന്ന് കുരുന്നുകൾ കൗതുകം പൂണ്ടിരുന്നു.
ബലൂണും മിഠായികളുമായാണ് സ്കൂൾ അധികൃതർ കുട്ടികളെ സ്വീകരിച്ചത്. പ്രവേശനോത്സവത്തിന്റെ ജില്ലതല ഉദ്ഘാടനം മെഡിക്കൽ കോളജ് കാമ്പസ് ഗവ. ഹയർ സെക്കൻഡറി സ്കൂളിൽ മന്ത്രി പി.എ. മുഹമ്മദ് റിയാസ് നിർവഹിച്ചു. ഉദ്ഘാടനത്തിനെത്തിയ മന്ത്രി കുരുന്നുകളുമായി വിശേഷങ്ങൾ പങ്കുവെച്ചു. മന്ത്രിക്കൊപ്പം കലക്ടറും എം.എൽ.എയും മേയറും കുട്ടികളോട് വിശേഷങ്ങൾ ആരാഞ്ഞു.
കേരളത്തിന്റെ മതസൗഹാർദ അന്തരീക്ഷത്തിന്റെ ഫാക്ടറിയാണ് പൊതുവിദ്യാഭ്യാസ കേന്ദ്രങ്ങളെന്ന് പ്രവേശനോത്സവം ഉദ്ഘാടനം ചെയ്ത് മന്ത്രി പറഞ്ഞു. ഓരോ വർഷവും ലക്ഷക്കണക്കിന് കുട്ടികൾ സർക്കാർ വിദ്യാലയങ്ങളിലേക്കെത്തുന്ന ഇന്ത്യയിലെ ഏക സംസ്ഥാനമാണ് കേരളം. ഏഴു വർഷമായി സർക്കാർ നടത്തിക്കൊണ്ടിരിക്കുന്ന കഠിനശ്രമത്തിന്റെ വിജയമാണ് പൊതുവിദ്യാഭ്യാസരംഗത്തെ ശാക്തീകരണം.
ആയിരക്കണക്കിന് കോടി രൂപയാണ് പൊതുവിദ്യാഭ്യാസ രംഗത്തെ ശക്തിപ്പെടുത്തുന്നതിനായി സർക്കാർ ചെലവഴിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. തോട്ടത്തിൽ രവീന്ദ്രൻ എം.എൽ.എ അധ്യക്ഷത വഹിച്ചു. മേയർ ഡോ. ബീന ഫിലിപ്പ് മുഖ്യാതിഥിയായി.
ജില്ല പഞ്ചായത്ത് പ്രസിഡന്റ് ഷീജ ശശി മികവ് പരിപാടിയിൽ വിജയികളായ പ്രതിഭകളെ ആദരിച്ചു. കലക്ടർ എ. ഗീത ‘ഹലോ ഇംഗ്ലീഷ് സ്റ്റോറി’ പുസ്തകങ്ങളുടെ പ്രകാശനം നിർവഹിച്ചു. വിദ്യാഭ്യാസ-കായിക സ്ഥിരം സമിതി അധ്യക്ഷ സി. രേഖ, വിദ്യാഭ്യാസ ഉപ ഡയറക്ടർ മനോജ് മണിയൂർ, ഡോ. എ.കെ. അബ്ദുൽ ഹക്കീം, എം. സന്തോഷ് കുമാർ, വി.ആർ. അപർണ, ഡോ. യു.കെ. അബ്ദുൽ നാസർ, വി.എം. പ്രിയ, കെ. മോഹൻ, ഡോ. എൻ. പ്രമോദ്, ജനപ്രതിനിധികൾ, വിദ്യാഭ്യാസ-രാഷ്ട്രീയ-സാംസ്കാരിക രംഗത്തെ പ്രമുഖർ എന്നിവർ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.