പേരാമ്പ്ര: ഉദ്ഘാടനത്തിനുമുമ്പേ പേരാമ്പ്ര ബൈപാസ് റോഡിൽ അപകടങ്ങൾ പതിവാകുന്നു. മൂന്നു പ്രധാന റോഡുകൾ മുറിച്ചുകടന്നാണ് ബൈപാസ് പോകുന്നത്. ഈ ജങ്ഷനുകളിലാണ് അപകടങ്ങൾ ഉണ്ടാവുന്നത്. ഇവിടങ്ങളിൽ വേണ്ടത്ര സിഗ്നൽ ബോർഡുകളോ മറ്റു സുരക്ഷാസംവിധാനങ്ങളോ ഒരുക്കിയിട്ടില്ല. താൽക്കാലികമായിട്ടാണ് റോഡ് തുറന്നുകൊടുത്തിട്ടുള്ളത്. ഏപ്രിൽ 30ന് മുഖ്യമന്ത്രി പിണറായി വിജയനാണ് റോഡ് ഉദ്ഘാടനം നിർവഹിക്കുന്നത്.
അപകടങ്ങൾ വർധിച്ചതോടെ ബൈപാസ് പൂർണമായി അടച്ചു. ജങ്ഷനുകളിലെ സുരക്ഷാസംവിധാനങ്ങൾ ഉദ്ഘാടനത്തിനുമുമ്പേ ക്രമീകരിക്കും. റോഡ് പരിചയമില്ലാത്ത വാഹനങ്ങൾ അതിവേഗത്തിലാണ് ബൈപാസിലൂടെ കടന്നുപോകുന്നത്.
ഇത് അപകടങ്ങൾക്ക് കാരണമാകുന്നുണ്ട്. ചെമ്പ്ര റോഡ് ജങ്ഷൻ, പൈതോത്ത് റോഡ് ജങ്ഷൻ, ജബലന്നൂർ റോഡ് ജങ്ഷൻ അടക്കമുള്ള സ്ഥലങ്ങളിലാണ് അപകടം പതിവാകുന്നത്. കഴിഞ്ഞ മാസം കക്കാട് നടന്ന അപകടത്തിൽ ഒരാൾ മരിച്ചിരുന്നു. ബൈപാസിന്റെ ഡിവൈഡർ മെയിൻ റോഡിലേക്ക് തള്ളിനിന്നതാണ് ഈ അപകടത്തിന് കാരണമായതെന്ന ആരോപണമുണ്ട്.
റോഡ് ഉദ്ഘാടനത്തിനു മുമ്പേ ബൈപാസ് റോഡിൽ വേണ്ട സൂചനാബോർഡുകളും സിഗ്നൽലൈറ്റുകളും സ്ഥാപിക്കുകയും ഡിവൈഡർ നിർമാണത്തിൽ ഉണ്ടായിട്ടുള്ള അപാകത പരിഹരിക്കുകയും ചെയ്യാത്തപക്ഷം സമരത്തിനിറങ്ങുമെന്ന് പഞ്ചായത്ത് മുസ്ലിം യൂത്ത് ലീഗ് കമ്മിറ്റി മുന്നറിയിപ്പ് നൽകി. ആർ.കെ. മുഹമ്മദ്, സി.കെ. ഹാഫിസ്, ആർ.എം. നിഷാദ്, സഈദ് അയനിക്കൽ, ഷംസുദ്ദീൻ മരുതേരി, ഷക്കീർ എരത്മുക്ക്, ഷബീർ ചാലിൽ, നജീബ് അരീക്കൽ, യാസർ കക്കാട് തുടങ്ങി നേതാക്കൾ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.