പേരാമ്പ്ര: ചക്കിട്ടപാറ പഞ്ചായത്തിലെ മുതുകാടിൽ പേരാമ്പ്ര എസ്റ്റേറ്റിൽ കടുവ സഫാരി പാർക്ക് തുടങ്ങാൻ സംസ്ഥാന സർക്കാറിന്റെ ഭരണാനുമതി. ജില്ലയിൽ കടുവ സഫാരി പാർക്ക് ആരംഭിക്കുന്നതിന് അനുയോജ്യമായ സ്ഥലം തെരഞ്ഞെടുക്കുന്നതിനായി വനംവകുപ്പ് വിവിധയിടങ്ങളിൽ സാധ്യത പഠനം നടത്തിവരുകയായിരുന്നു.
വനം വകുപ്പ് പ്ലാന്റേഷൻ കോർപറേഷന് പാട്ടത്തിന് നൽകിയ എസ്റ്റേറ്റിലെ 120 ഹെക്ടർ സ്ഥലമാണ് സഫാരി പാർക്കായി തെരഞ്ഞെടുത്തത്. ഈ പ്രദേശത്തിന്റെ ഭൂമിശാസ്ത്രപരമായ കിടപ്പും ജലലഭ്യതയും സസ്യജാലങ്ങളും കണക്കിലെടുത്താണ് വനം വകുപ്പ് തീരുമാനമെടുത്തത്.
സർക്കാർ ഈ വിഷയം പരിശോധിച്ചതിന്റെ അടിസ്ഥാനത്തിലാണ് പേരാമ്പ്ര എസ്റ്റേറ്റ് സി. ഡിവിഷനിലെ 120 ഹെക്ടർ ഭൂമി കടുവ സഫാരി പാർക്ക് ആരംഭിക്കുന്നതിന് തത്വത്തിൽ അംഗീകാരം നൽകി ഉത്തരവ് പുറപ്പെടുവിച്ചത്. ജില്ലയിലെ പ്രധാന വിനോദ സഞ്ചാര കേന്ദ്രമായ പെരുവണ്ണാമുഴിക്കടുത്ത് കടുവ സഫാരി പാർക്ക് ആരംഭിക്കുന്നത് ടൂറിസം മേഖലയുടെ വളർച്ചക്കും പ്രദേശത്തിന്റെ വികസനത്തിനും തൊഴിലവസരങ്ങൾ സൃഷ്ടിക്കുന്നതിനും കാരണമാവുമെന്ന് ടി.പി. രാമകൃഷ്ണൻ എം.എൽ.എ പറഞ്ഞു.
ജനപ്രതിനിധികളും ബഹുജനങ്ങളുമായി ചർച്ചചെയ്ത് ഭാവികാര്യങ്ങൾ തീരുമാനിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. പാർക്കിൽനിന്ന് കടുവകൾ പുറത്ത് കടക്കാതിരിക്കാൻ വലിയ മതിൽ നിർമിക്കും. വിനോദ സഞ്ചാരികൾക്ക് കടുവകളെ കാണാനുള്ള സൗകര്യവും ഒരുക്കും.
ചക്കിട്ടപാറ പഞ്ചായത്തിലെ ചെമ്പനോടയിലാണ് പാർക്ക് വരുന്നതെന്ന അഭ്യൂഹത്തെ തുടർന്ന് നാട്ടുകാരും രാഷ്ട്രീയ പാർട്ടികളും പ്രതിഷേധവുമായി രംഗത്തെത്തിയിരുന്നു. എന്നാൽ, എസ്റ്റേറ്റിൽ ആയതുകൊണ്ട് പ്രതിഷേധമുണ്ടാവില്ലെന്നാണ് അധികൃതർ കരുതുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.