പേരാമ്പ്ര: കണ്ണൂർ ഗവ. പോളിടെക്നിക് ഹോസ്റ്റലിലെ വിദ്യാർഥിയുടെ ദുരൂഹ മരണത്തെക്കുറിച്ച് ക്രൈംബ്രാഞ്ച് അന്വേഷിക്കണമെന്നാവശ്യപ്പെട്ട് ആക്ഷൻ കമ്മിറ്റി കണ്ണൂർ സിറ്റി പൊലീസ് കമീഷണർ ആർ. ഇളങ്കോക്ക് നിവേദനം നൽകി.
ആക്ഷൻ കമ്മിറ്റി ചെയർപേഴ്സനും വാർഡ് മെംബറുമായ ടി.പി. ഉഷ, സി.പി.എം ലോക്കൽ കമ്മിറ്റി സെക്രട്ടറി ടി. ഷാജു എന്നിവരുടെ നേതൃത്വത്തിലാണ് നിവേദനം നൽകിയത്. ലോക്കൽ പൊലീസിന്റെ അന്വേഷണ വിവരം ക്രൈംബ്രാഞ്ചിന് കൈമാറുമെന്നും അതിനുശേഷം ആവശ്യമെങ്കിൽ ക്രൈംബ്രാഞ്ച് അന്വേഷണമാവാമെന്നും കമീഷണർ ഉറപ്പുനൽകി.
നരയംകുളം തച്ചറോത്ത് ശശിയുടെ മകൻ അശ്വന്ത് (20) കണ്ണൂർ തോട്ടട ഗവ. പോളിടെക്നിക്കിൽ മൂന്നാം വർഷ വിദ്യാർഥിയായിരുന്നു. 2021 ഡിസംബർ ഒന്നിന് രാവിലെയാണ് അശ്വന്തിനെ പോളിടെക്നിക് ഹോസ്റ്റലിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്.
ആത്മഹത്യ ചെയ്യാൻ ഒരു സാഹചര്യവും നിലവിലില്ലെന്നിരിക്കെ മരണത്തിൽ വലിയ ദുരൂഹതയുണ്ടെന്നാണ് നിവേദനത്തിൽ പറയുന്നത്. ബന്ധുക്കളും നാട്ടുകാരും കോളജ് ഹോസ്റ്റലിൽ എത്തുമ്പോഴേക്കും മൃതദേഹം അഴിച്ചു കിടത്തിയിരുന്നു. ഒന്നാം വർഷ വിദ്യാർഥികൾക്കുവേണ്ടി ഒരുക്കിയ മുറിയിലെ ഫാനിലാണ് അശ്വന്ത് കെട്ടിത്തൂങ്ങിയതായി പറയുന്നത്.
ഫാനിൽനിന്ന് അഴിച്ചുകിടത്തിയവർ ആശുപത്രിയിൽ എത്തിക്കാൻ ശ്രമിച്ചില്ല. മരിക്കുന്ന ദിവസം പുലർച്ചെ 1.56 വരെ അശ്വന്ത് വാട്സ്ആപ്പിൽ ഉണ്ടായിരുന്നു. രണ്ടു മാസം കഴിഞ്ഞിട്ടും ഫോൺ വിവരങ്ങൾ ലഭിച്ചിട്ടില്ല. മരിക്കുന്ന ദിവസം രാത്രി ഹോസ്റ്റലിലെ ഒരു വിദ്യാർഥിക്ക് തലക്ക് മുറിവേറ്റിരുന്നു. ഇതിന്റെ കാരണത്തെക്കുറിച്ച് അന്വേഷിക്കണമെന്നും ആക്ഷൻ കമ്മിറ്റി ആവശ്യപ്പെടുന്നു.
കോളജ് ഹോസ്റ്റലിൽ പുറത്തുനിന്നുള്ള ആളുകൾ പ്രവേശിക്കുന്നതായി വിവരം ലഭിച്ചിട്ടുണ്ട്. ഹോസ്റ്റലിൽ നിൽക്കാൻ കഴിയാത്തത്ര മോശമായ സാഹചര്യമുള്ളതുകൊണ്ട് ഒന്നാം വർഷ വിദ്യാർഥികൾ ടി.സി വാങ്ങി പോയ സംഭവം ഉണ്ടായിട്ടുണ്ട്. അന്വേഷണപരിധിയിൽ ഇതെല്ലാം ഉൾപ്പെടുത്തണമെന്നും ആക്ഷൻ കമ്മിറ്റി ആവശ്യപ്പെടുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.