പേരാമ്പ്ര: ചെറുവണ്ണൂർ ഗ്രാമപഞ്ചായത്തിലെ കക്കറമുക്ക്, പെരിഞ്ചേരിക്കടവ് പ്രദേശങ്ങളിൽ കൃഷിയിറക്കിയ നേന്ത്രവാഴ തോട്ടങ്ങൾ വെള്ളത്തിൽ മുങ്ങിയതോടെ കർഷകർ ആശങ്കയിൽ. വെള്ളമിറങ്ങിയില്ലെങ്കിൽ വൻ നഷ്ടമായിരിക്കും കർഷകർക്കുണ്ടാവുക. കുലച്ച മൂപ്പെത്താറായ നേന്ത്രവാഴകളാണ് വെള്ളത്തിലുള്ളത്. ഈ പ്രദേശങ്ങളിൽ അയ്യായിരത്തിലധികം വാഴകളുണ്ട്. ഒരു വാഴക്ക് 200 രൂപയോളം കർഷകർക്ക് ചെലവാണ്. പല കർഷകരും വിള ഇൻഷൂർ ചെയ്യാത്തതിനാൽ വലിയ നഷ്ടമാണ് സംഭവിക്കുക.
ബാങ്ക് വായ്പയെടുത്തും ആഭരണം പണയംവെച്ചുമാണ് പലരും കൃഷിയിറക്കിയത്. മാലേരി അമ്മത്, കെ.കെ. രജീഷ്, മാലേരി കുഞ്ഞമ്മത്, മലയിൽ മൊയ്തു, സമീർ പുത്തൻപുരയിൽ മീത്തൽ, കരിമ്പാക്കണ്ടി ഇബ്രാഹിം, കുരുവമ്പത്ത് ബാലൻ, ചാലിൽ മീത്തൽ കുഞ്ഞിക്കണ്ണൻ, മാലേരി പോക്കർ, ചാലിൽ മീത്തൽ രാഘവൻ, കെ.കെ. സത്യൻ, കെ.കെ. സുരേഷ്, കുഞ്ഞോത്ത് കുഞ്ഞമ്മത്, ദാമോദരൻ പന്തപ്പിലാക്കൂൽ തുടങ്ങിയ കർഷകരുടെ വാഴകളാണ് നശിക്കുന്നത്. നേന്ത്രപ്പഴത്തിന് മോശമല്ലാത്ത വിലയുള്ളപ്പോൾ കൃഷി നശിച്ചത് കർഷകർക്ക് ഇരുട്ടടിയാണ്. കൃഷിവകുപ്പിന്റെ ഭാഗത്തുനിന്ന് അടിയന്തര സഹായം ഉണ്ടാവണമെന്നാണ് കർഷകർ ആവശ്യപ്പെടുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.