പേരാമ്പ്ര: ചെറുവണ്ണൂർ ഗവ. ഹൈസ്കൂളിൽനിന്ന് ടി.പി. പ്രകാശൻ മാസ്റ്റർ വിരമിക്കുമ്പോൾ ഈ പൊതു വിദ്യാലയത്തിന് നഷ്ടമാവുന്നത് ഗണിതം മധുരമാക്കിയ ഗുരുനാഥനെയാണ്. കഴിഞ്ഞ 30 വർഷമായി ഇദ്ദേഹം പങ്കാളിയാവാത്ത ഗണിതശാസ്ത്ര അധ്യാപന പ്രവർത്തനങ്ങളും പരിപാടികളും സംസ്ഥാനത്ത് നടന്നിട്ടില്ലെന്നുതന്നെ പറയാം.
2000 മുതൽ 2016വരെ മലപ്പുറം ജില്ലയിൽ ആരംഭിച്ച വിജയഭേരി വിദ്യാഭ്യാസ പദ്ധതിയിൽ ഗണിതത്തിന്റെ കോഓഡിനേറ്ററായി പ്രവർത്തിച്ചു. ഇതിന്റെ ഭാഗമായി മലപ്പുറം ജില്ലയിലെ വിദ്യാർഥികൾക്കായി വർഷംതോറും ഗണിത കൈപുസ്തകം തയാറാക്കിനൽകിയതിന് നേതൃത്വം നൽകി. വിജയഭേരി പ്രവർത്തനങ്ങളിലെ സജീവ സാന്നിധ്യവും ജില്ലയിലെ മിക്ക വിദ്യാലയങ്ങളിലും ഗണിത ക്ലാസുകൾ കൈകാര്യം ചെയ്യുന്നതിൽ കാണിക്കുന്ന താൽപര്യവും കണക്കിലെടുത്ത് ജില്ലയിലെ ഏറ്റവും മികച്ച അധ്യാപകനുള്ള അവാർഡ് 2014ൽ മലപ്പുറം ജില്ല പഞ്ചായത്ത് നൽകുകയുണ്ടായി. 2006 മുതൽ പാഠപുസ്തക രചന കമ്മിറ്റിയിലെ സ്ഥിരം അംഗമായി.
2006, 2011, 2016 വർഷങ്ങളിലെ പാഠപുസ്തക പരിഷ്കരണത്തിൽ സജീവ സാന്നിധ്യമായിരുന്നു. 2006 മുതൽ സംസ്ഥാന തലത്തിലും ജില്ലതലത്തിലും ഉപജില്ലതലത്തിലും നടക്കുന്ന അധ്യാപക പരിശീലനങ്ങളിൽ പ്രകാശൻ മാസ്റ്റർ പരിശീലകനായിരുന്നു. 2016 ഒക്ടോബർ 30ന് പ്രമോഷൻ നേടി ആവള കുട്ടോത്ത് ഹൈസ്കൂളിൽ ഹയർ സെക്കൻഡറി അധ്യാപകനായി നിയമിതനായി. 2021 മുതൽ ചെറുവണ്ണൂർ ഹൈസ്കൂളിൽ പ്രധാനാധ്യാപകനാണ്. സ്കൂൾ മേയ് അഞ്ചിന് പുതിയ കെട്ടിടത്തിന്റെ ശിലാസ്ഥാപനത്തോടനുബന്ധിച്ച് നടക്കുന്ന ചടങ്ങിൽ വിപുലമായ യാത്രയയപ്പ് പരിപാടിയാണ് പ്രകാശൻ മാഷിന് ഒരുക്കുന്നത്. മന്ത്രി വി. ശിവൻകുട്ടി, എം.പി.കെ. മുരളീധരൻ, എം.എൽ.എ ടി.പി. രാമകൃഷ്ണൻ, ജില്ല പഞ്ചായത്ത് പ്രസിഡന്റ് ഷീജാ ശശി എന്നിവർ പങ്കെടുക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.