പേരാമ്പ്ര: ചെറുവണ്ണൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് തെരഞ്ഞെടുപ്പ് ഈ മാസം 29ന് നടത്താൻ സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷൻ തീരുമാനിച്ചു. വരണാധികാരിയായി മേലടി എ.ഇ.ഒ ഓഫീസിലെ സീനിയർ സൂപ്രണ്ടിനെ ചുമതലപ്പെടുത്തി.
ഗ്രാമ പഞ്ചായത്ത് പ്രസിഡന്റും 15ാം വാർഡിലെ സി.പി.എം അംഗവുമായിരുന്ന ഇ.ടി. രാധ അസുഖ ബാധിതയായി മരിച്ചതിനെ തുടർന്നാണ് പ്രസിഡന്റ് തെരഞ്ഞെടുപ്പ് നടക്കുന്നത്. രാധ മരിച്ചതോടെ 15 അംഗ ഭരണസമിതിയിൽ എൽ.ഡി.എഫിനും യു.ഡി.എഫിനും ഏഴു വീതം അംഗങ്ങളായി.
ഓരോ മുന്നണിക്കും കിട്ടേണ്ട വോട്ടുകൾ കിട്ടിയാൽ പ്രസിഡന്റിനെ തെരഞ്ഞെടുക്കാൻ നറുക്കെടുപ്പ് വേണ്ടിവരും. പ്രസിഡന്റ് പദം എസ്.സി സംവരണമാണ്. നിലവിൽ ഇരുമുന്നണികൾക്കും ഓരോ എസ്.സി അംഗങ്ങളാണുള്ളത്. അതുകൊണ്ടുതന്നെ ഇരുവരുടേയും പ്രസിഡന്റ് സ്ഥാനാർഥികളെ കുറിച്ച് ധാരണയുണ്ട്.
ഇടതുമുന്നണിയുടെ സ്ഥാനാർഥി രണ്ടാം വാർഡ് അംഗം സി.പി.എമ്മിലെ എം.എം. രഘുനാഥും യു.ഡി.എഫ് സ്ഥാനാർഥി 11ാം വാർഡ് അംഗം കോൺഗ്രസിലെ എൻ.ടി. ഷിജിത്തും തമ്മിലാണ് മത്സരമുണ്ടാവുക. ഷിജിത്ത് 256 വോട്ടിന്റെ ഭൂരിപക്ഷത്തിലും രഘുനാഥ് 194 വോട്ടിന്റെ ഭൂരിപക്ഷത്തിനുമാണ് വിജയിച്ചത്.
15ാം വാർഡിലെ ഉപതെരഞ്ഞെടുപ്പ് കഴിഞ്ഞാൽ ഏതെങ്കിലും ഒരു മുന്നണിക്ക് ഭൂരിപക്ഷം ലഭിക്കുകയുള്ളൂ. ഒരു മുന്നണിക്കും വ്യക്തമായ മേൽക്കൈ ഉള്ള വാർഡ് അല്ല 15. അതുകൊണ്ടുതന്നെ ഉപതെരഞ്ഞെടുപ്പ് തീപ്പാറും മത്സരമായിരിക്കും. എൻ.ടി. രാധ ഇവിടെ 11 വോട്ടിനാണ് വിജയിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.