പേരാമ്പ്ര: പേരാമ്പ്ര വിക്ടറി ടൈൽസ് ആൻഡ് സാനിറ്ററി തുറന്ന് പ്രവർത്തിക്കാൻ സാഹചര്യമൊരുക്കണമെന്ന ഹൈകോടതി ഉത്തരവിനെ തുടർന്ന് കടക്ക് മുന്നിൽ സമരംചെയ്ത തൊഴിലാളികളെ പൊലീസ് അറസ്റ്റുചെയ്ത് നീക്കി. ഇതിനെ തുടർന്ന് പേരാമ്പ്രയിൽ സംഘർഷാവസ്ഥ. പേരാമ്പ്ര പൊലീസ് സ്റ്റേഷനിലെ സബ് ഇൻസ്പെക്ടര്‍ കെ. അനില്‍ കുമാർ, കടയിലെ ജീവനക്കാരായ നിവേദ് (22), ഷാജി (45) എന്നിവർക്ക് പരിക്കേറ്റു.
പിരിച്ചുവിട്ട ഏഴ് തൊഴിലാളികളെ തിരിച്ചെടുക്കണമെന്നാവശ്യപ്പെട്ട് സി.ഐ.ടി.യു, ബി.എം.എസ് സംഘടനകളാണ് അനിശ്ചിതകാല ഉപരോധ സമരം പ്രഖ്യാപിച്ചത്. കോടതിയെ സമീപിച്ച ഉടമക്ക് പൊലീസ് സംരക്ഷണം ലഭിക്കുകയായിരുന്നു. വ്യാഴാഴ്ച രാവിലെ മുതല്‍ സ്ഥലത്ത് സംഘര്‍ഷാവസ്ഥ ഉടലെടുത്തിരുന്നു. പേരാമ്പ്ര ഡിവൈ.എസ്.പി കുഞ്ഞിമോയിന്‍ കുട്ടി സമരസമിതി നേതാക്കളുമായും വ്യാപാരി വ്യവസായി നേതാക്കളുമായും സ്ഥാപന ഉടമകളുമായും ചര്‍ച്ച നടത്തിയെങ്കിലും പരിഹാരമായില്ല.
ഇതിനിടെ സമരത്തിലായിരുന്ന 14 പേരെ പേരാമ്പ്ര ഇൻസ്പെക്ടര്‍ ബിനു തോമസിന്റെ നേതൃത്വത്തില്‍ അറസ്റ്റ് ചെയ്ത് നീക്കി കട തുറന്നു. വൈകീട്ട് സി.ഐ.ടി.യു - ബി.എം.എസ് പ്രവര്‍ത്തകര്‍ പ്രതിഷേധപ്രകടനവുമായി കടക്ക് മുന്നിലെത്തി പൊലീസിനെ തള്ളിമാറ്റി കട ബലമായി അടച്ചു. പേരാമ്പ്ര കക്കാട് പ്രവര്‍ത്തിക്കുന്ന വിക്ടറിയുടെ രണ്ട് സ്ഥാപനങ്ങളിലേക്കും പ്രവര്‍ത്തകരെത്തിയത് തടയാന്‍ ശ്രമിച്ചതോടെയാണ് പൊലീസുമായി ഉന്തും തള്ളുമായത്. ഇതിനിടെ കടക്കുളളിലേക്ക് കയറിയ പ്രവര്‍ത്തകര്‍ സാധനങ്ങൾ നശിപ്പിച്ചതായും ഗ്ലാസ് തകര്‍ത്തതായും മാനേജ്മെന്റ് അറിയിച്ചു.
സ്ഥാപനം അടക്കാതെ പോകില്ലെന്നും അകത്തുള്ള മാനേജ്മെന്റ് പ്രതിനിധികളെ പുറത്ത് പോവാന്‍ അനുവദിക്കില്ലെന്നും സമരസമിതി നേതാക്കള്‍ അറിയിച്ചു. തുടര്‍ന്ന് പൊലീസും സമരസമിതി നേതാക്കളും മാനേജ്മെന്റ് പ്രതിനിധികളും തമ്മില്‍ ചർച്ച നടത്തി. സ്ഥാപനം അടക്കാനും വെള്ളിയാഴ്ച ജില്ല ലേബര്‍ ഓഫിസറുമായുള്ള ചര്‍ച്ചക്കു ശേഷം തുറക്കാമെന്ന ധാരണയില്‍ പ്രവര്‍ത്തകര്‍ പിരിയുകയായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.