പേരാമ്പ്ര: നൊച്ചാട് ഹയർ സെക്കൻഡറി സ്കൂളിൽ അധ്യാപകരും -നാട്ടുകാരും വിദ്യാർഥികളും തമ്മിലുണ്ടായ സംഘർഷത്തിൽ ആറു വിദ്യാർഥികൾക്ക് പരിക്കേറ്റു. പ്ലസ് ടു വിദ്യാർഥികളായ സിനാൻ, അഫ്താസ്, മിദ്ലാജ്, നൗഫിൽ, മിഷാൽ, അനസ് എന്നിവർക്കാണ് പരിക്കേറ്റത്. ഇവർ കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സതേടി.
ഹൈസ്കൂൾ അധ്യാപകനായ സജീവിനും പരിക്കുണ്ട്. ഇദ്ദേഹം പേരാമ്പ്ര താലൂക്കാശുപത്രിയിൽ ചികിത്സതേടി. പ്ലസ് വൺ, പ്ലസ് ടു വിഭാഗം വിദ്യാർഥികൾ തമ്മിൽ ആഴ്ചകളായി ചെറിയ സംഘർഷങ്ങൾ നടക്കാറുണ്ട്. ചൊവ്വാഴ്ച ഉച്ചക്കും സംഘർഷമുണ്ടായി. സജീവ് മാസ്റ്ററുടെ മകൻ സ്കൂളിൽ പ്ലസ് ടു വിദ്യാർഥിയാണ്. അവനെ പ്ലസ് ടുക്കാർ മർദിക്കുന്നതു കണ്ടപ്പോൾ തടയാൻ ശ്രമിച്ച സജീവിനെ കുട്ടികൾ മർദിച്ചെന്നാണ് അധ്യാപകർ ആരോപിക്കുന്നത്. എന്നാൽ, രണ്ട് അധ്യാപകർ വിളിച്ചുവരുത്തിയ ഗുണ്ടകളാണ് തങ്ങളെ മർദിച്ചതെന്ന് വിദ്യാർഥികൾ ആരോപിക്കുന്നു. പേരാമ്പ്രയിൽനിന്ന് പൊലീസ് എത്തിയാണ് രംഗം ശാന്തമാക്കിയത്. എന്നാൽ, സംഭവവുമായി ബന്ധപ്പെട്ട് സ്കൂൾ അധികൃതരുടെ വിശദീകരണം: പ്ലസ് ടു വിദ്യാർഥികൾ പ്ലസ് വൺ വിദ്യാർഥികളെ മർദിക്കുന്നത് തടയാൻ സ്കൂളിലെ അധ്യാപകർ ഇടപെടുകയും സ്ഥലത്തെത്തിയ പൊലീസിന്റെ നിർദേശപ്രകാരം വിദ്യാർഥികളെ മോഡൽ പരീക്ഷയെഴുതാൻ വേണ്ടി സ്കൂൾ കോമ്പൗണ്ടിലേക്ക് മാറ്റുന്നതിനായി ശ്രമിക്കുകയും ചെയ്തിരുന്നു. ഇതിനിടെ, ഏതാനും പ്ലസ് ടു വിദ്യാർഥികൾ അധ്യാപകരെ മർദിക്കുകയും അസഭ്യം വിളിക്കുകയും ചെയ്യുകയും സ്കൂളിൽ നടക്കുന്ന പരീക്ഷക്ക് തടസ്സമുണ്ടാകുന്ന രീതിയിൽ പ്രവർത്തിക്കുകയും ചെയ്തു.
വിദ്യാർഥികളുടെ മോശമായ ഇടപെടലും കൈയേറ്റവും തടയാൻ ശ്രമിച്ച അധ്യാപകരുടെ വിഡിയോകൾ എടുത്ത് തെറ്റിദ്ധാരണ ഉണ്ടാക്കുന്നരീതിയിൽ ഈ വിദ്യാർഥികൾ പ്രചരിപ്പിക്കുകയും ചെയ്തിട്ടുണ്ട്.
ചില അധ്യാപരെ മനഃപൂർവം അപകീർത്തിപ്പെടുത്താൻ സമൂഹമാധ്യമങ്ങളിലൂടെ ഈ വിദ്യാർഥികൾ ഉൾപ്പെടെയുള്ള ചിലർ കുപ്രചാരണം നടത്തുന്നതും സ്കൂളിന്റെ ശ്രദ്ധയിൽപെട്ടിട്ടുണ്ട്.
നിജസ്ഥിതി മനസ്സിലാക്കി സ്ഥാപനത്തിനും അധ്യാപകർക്കുമെതിരെ നടക്കുന്ന പ്രചാരണങ്ങൾ തള്ളിക്കളയണമെന്ന് നൊച്ചാട് ഹയർ സെക്കൻഡറി സ്റ്റാഫ് കൗൺസിൽ അഭ്യർഥിച്ചു.യോഗത്തിൽ പ്രിൻസിപ്പൽ കെ. സമീർ, സ്റ്റാഫ് സെക്രട്ടറി വി. കാസിം, കെ. എം. ശാമിൽ, കെ. ആൽഫ, സി. കെ. മുജീബ്, ഗുലാം മുഹമ്മദ് എന്നിവർ സംസാരിച്ചു
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.