പേരാമ്പ്ര: നിയമസഭ തെരഞ്ഞെടുപ്പ് പടിവാതിൽക്കൽ നിൽക്കെ, കോൺഗ്രസ് പ്രശ്ന രൂക്ഷം. നേതൃത്വത്തെ വെല്ലുവിളിച്ച് കൂടുതൽ ആളുകൾ വിമത ക്യാമ്പിൽ എത്തുകയാണ്. പഞ്ചായത്ത് എട്ടാം വാർഡിൽ സീറ്റ് നിഷേധിച്ചതിനെ തുടർന്ന് വിമതനായി മത്സരിച്ച യു.ഡി.എഫ് മണ്ഡലം കൺവീനറായിരുന്ന പി.പി. രാമകൃഷ്ണെൻറ നേതൃത്വത്തിലാണ് ബ്ലോക്ക് കോൺഗ്രസ് നേതൃത്വത്തിനെതിരെ പടയൊരുക്കം.
മണ്ഡലം കമ്മിറ്റി ഒന്നടങ്കം രാജിവെച്ച് രാമകൃഷ്ണനു പിന്തുണ പ്രഖ്യാപിച്ചു. കഴിഞ്ഞ ദിവസം പേരാമ്പ്രയിൽ നടന്ന വിമതയോഗത്തിൽ ഔദ്യോഗിക പക്ഷത്തെ ഞെട്ടിച്ച് മഹിള കോൺഗ്രസ് ജില്ല സെക്രട്ടറിയും കഴിഞ്ഞ തദ്ദേശ തെരഞ്ഞെടുപ്പിൽ ജില്ലാ പഞ്ചായത്ത് പേരാമ്പ്ര ഡിവിഷൻ സ്ഥാനാർഥിയുമായിരുന്ന വി. ആലീസ് മാത്യുവും പങ്കെടുത്തു. മുൻ മണ്ഡലം പ്രസിഡൻറുമാരായ പി.ടി. ഇബ്രാഹിം, വാസു വേങ്ങേരി, ബാബു തത്തക്കാടൻ തുടങ്ങിയവർ വിമതർക്കൊപ്പമാണ്.
വിമതനായി മത്സരിച്ച രാമകൃഷ്ണനേയും മറ്റ് മൂന്ന് പേരേയും കോൺഗ്രസ് നേതൃത്വം പുറത്താക്കിയിട്ടുണ്ട്. ഇവരെ തിരിച്ചെടുക്കുകയും ബ്ലോക്ക് കോൺഗ്രസ് പ്രസിഡൻറിനെ മാറ്റുകയും ചെയ്യണമെന്നാണ് വിമതരുടെ പ്രധാന ആവശ്യം. ഡി.സി.സി. പ്രസിഡൻറിെൻറ നിലപാടിനെതിരേയും ഇവർ രംഗത്തുണ്ട്. എന്നാൽ, വിട്ടുവീഴ്ചക്ക് തയാറാവാതെ പുതിയ മണ്ഡലം പ്രസിഡൻറായി പി.എസ്. സുനിൽ കുമാറിനെ നിയമിച്ച് കമ്മിറ്റി പുനഃസംഘടിപ്പിക്കുകയാണ് ഔദ്യോഗിക നേതൃത്വം ചെയ്തത്.
പേരാമ്പ്ര: കോൺഗ്രസിലെ എ, ഐ ഗ്രൂപ്പുകൾ വളരെ ശക്തമായ സ്ഥലമാണ് പേരാമ്പ്ര. എന്നാൽ ഇപ്പോഴത്തെ തമ്മിലടിയിൽ ഗ്രൂപ് സമവാക്യം മാറിമറിഞ്ഞെന്ന പ്രത്യേകതയുണ്ട്. പേരാമ്പ്ര ഐ ഗ്രൂപ്പിലെ പ്രമുഖരായ നേതാക്കളാണ് പി.പി. രാമകൃഷ്ണനും യൂത്ത് കോൺഗ്രസ് സംസ്ഥാന ജന. സെക്രട്ടറി പി.കെ. രാഗേഷും.
എന്നാൽ, ഇവർ ഇപ്പോൾ രണ്ട് ചേരിയിലാണ്. പി.പി.ആർ വിമതനായി എട്ടാം വാർഡിൽ മത്സരിച്ചപ്പോൾ അവിടെ യു.ഡി.എഫ് ഔദ്യോഗിക സ്ഥാനാർഥിയായി മത്സരിച്ച് ജയിച്ചത് രാഗേഷ് ആയിരുന്നു.
എ ഗ്രൂപ്പിെൻറ പ്രമുഖരായ ബാബു തത്തക്കാടൻ, വാസു വേങ്ങേരി ഉൾപ്പെടെയുള്ളവർ വിമതപക്ഷത്ത് നിലയുറപ്പിക്കുമ്പോൾ എ ഗ്രൂപ്പിെൻറ പ്രമുഖ നേതാവും ബ്ലോക്ക് കോൺഗ്രസ് പ്രസിഡൻറുമായ രാജൻ മരുതേരിയും പി.കെ. രാഗേഷുമെല്ലാം ആണ് ഔദ്യോഗിക പക്ഷത്ത്.
ഗ്രൂപ് സമവാക്യം മാറ്റിമറിച്ച പേരാമ്പ്രയിലെ പോരിെൻറ യഥാർഥ കാരണം തേടുകയാണ് അണികൾ.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.