പേരാമ്പ്ര: വികലാംഗ പെൻഷൻ ലഭിക്കാത്തതിനെ തുടർന്ന് ചക്കിട്ടപാറ ഗ്രാമപഞ്ചായത്തിൽ ആത്മഹത്യ നോട്ടീസ് നൽകിയശേഷം വീട്ടിൽ തൂങ്ങിമരിച്ച വളയത്ത് ജോസഫിന്റെ ആത്മഹത്യയിലേക്കു നയിച്ചത് വാർത്ത നൽകിയ മാധ്യമപ്രവർത്തകനാണെന്നും അദ്ദേഹത്തിനെതിരെ കേസെടുക്കണമെന്നും ചക്കിട്ടപാറ പഞ്ചായത്ത് ഭരണസമിതി പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു. എന്നാൽ, യു.ഡി.എഫ് അംഗങ്ങൾ വിയോജിപ്പ് രേഖപ്പെടുത്തി ഇറങ്ങിപ്പോയി.
ജോസഫിന്റെ മരണത്തോടെ പ്രതിക്കൂട്ടിലായ ഗ്രാമപഞ്ചായത്തും സർക്കാറും മാധ്യമപ്രവർത്തകനെ പഴിചാരി രക്ഷപ്പെടാൻ ശ്രമിക്കുകയാണെന്ന് യു.ഡി.എഫ് അംഗം ജിതേഷ് മുതുകാട് ആരോപിച്ചു. 2023 നവംബർ ഒമ്പതിന് ജോസഫ് നൽകിയ കത്ത് തയാറാക്കിയത് രാജൻ വർക്കിയും ജോസഫും ചേർന്നാണെന്നാണ് ഭരണസമിതി ആരോപിക്കുന്നത്.
നവംബർ 10ന് ഒരു പത്രത്തിൽ മാത്രം വാർത്ത പ്രത്യക്ഷപ്പെട്ടതായും പ്രമേയത്തിൽ ചൂണ്ടിക്കാണിക്കുന്നു. കലക്ടറേറ്റ് മുതൽ വില്ലേജ് ഓഫിസ് വരെ മണ്ണെണ്ണയും തീപ്പന്തവുമായി ജോസഫിനെ ആത്മാഹുതി പ്രഖ്യാപനത്തിലേക്ക് നയിച്ചതും മാധ്യമപ്രവർത്തകനാണെന്നും പ്രമേയത്തിലുണ്ട്. ജോസഫ് ചക്കിട്ടപാറ സഹകരണ ബാങ്കിന്റെ മുതുകാട് ശാഖയിൽനിന്ന് 2023 വർഷത്തിൽ 24,200 രൂപ പെൻഷൻ ഇനത്തിൽ കൈപ്പറ്റിയിട്ടുണ്ട്. തൊഴിലുറപ്പ് പദ്ധതിയിൽ 99 പ്രവൃത്തി 2024 ജനുവരി 15 വരെ പൂർത്തിയാക്കുകയും 28,400 കൂലി ഇനത്തിൽ കൈപ്പറ്റുകയും ചെയ്തിട്ടുണ്ട്.
ഒരു മാസം സർക്കാറിൽനിന്ന് 10 കിലോ ഭക്ഷ്യധാന്യം സൗജന്യമായി കൈപ്പറ്റുന്നുണ്ട്. അംഗപരിമിതൻ എന്ന പരിഗണന വെച്ചുകൊണ്ട് 5,00,000 രൂപ ചെലവഴിച്ച് ജോസഫിന്റെ വീട്ടിലേക്കു മാത്രമായി റോഡ് നിർമിച്ചുനൽകിയിട്ടുണ്ട്. അതിദരിദ്രരുടെ പട്ടികയിൽപെടുത്തി പുതിയ വീട് നിർമിക്കുന്നതിന് 4,00,000 രൂപ അനുവദിച്ചിട്ടുണ്ട്. ഒരു പൗരന് നൽകാൻ കഴിയുന്ന ആനുകൂല്യം സർക്കാറിൽനിന്ന് ലഭ്യമായിട്ടും മലയോര മേഖലയിലെ കൃഷിക്കാർക്കിടയിൽ നിയമവിരുദ്ധമായി അസംതൃപ്തി പരത്തി ആത്മഹത്യയാണ് യഥാർഥ സമരമാർഗമെന്ന് പ്രചരിപ്പിച്ച് മനുഷ്യരെ മരണത്തിലേക്കു നയിക്കുന്ന മാധ്യമപ്രവർത്തകനെതിരെ ആത്മഹത്യാപ്രേരണക്ക് കേസെടുക്കണമെന്നാണ് കേരള മുഖ്യമന്ത്രിയോടും സംസ്ഥാന ഡി.ജി.പിയോടും പ്രമേയത്തിലൂടെ ആവശ്യപ്പെട്ടത്.
എന്നാൽ, ജോസഫ് തന്ന കത്തിന്റെ കോപ്പി വാർത്തയാക്കുക മാത്രമാണ് താൻ ചെയ്തതെന്ന് ആരോപണവിധേയനായ മാധ്യമപ്രവർത്തകൻ രാജൻ വർക്കി പറഞ്ഞു. തന്റെ കൈയക്ഷരവും ജോസഫിന്റെ കത്തിലെ കൈയക്ഷരവും പരിശോധിക്കണമെന്നും താനാണ് കത്തെഴുതിയതെന്ന് തെളിഞ്ഞാൽ കേസെടുക്കാമെന്നും അല്ലെങ്കിൽ ഭരണസമിതി പരസ്യമായി മാപ്പുപറയണമെന്നും മാധ്യമപ്രവർത്തകൻ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.