പേരാമ്പ്ര: കായണ്ണ ഗ്രാമപഞ്ചായത്തിലെ ആറാം വാർഡിൽ പ്രവർത്തിക്കുന്ന പൊറാളി ക്വാറിക്ക് അനുകൂലമായ ജിയോളജി റിപ്പോർട്ട് വിവാദത്തിൽ. ക്വാറിവിരുദ്ധ സമരസമിതി ചെയർമാൻ ഐപ്പ് വടക്കേടത്തിന് കായണ്ണ ഗ്രാമപഞ്ചായത്ത് നൽകിയ വിവരാവകാശ രേഖയിലാണ് ജിയോളജിയുടേതായ പരാമർശമുള്ളത്. ക്വാറിക്ക് സമീപമുള്ള വീടുകൾക്കും സ്കൂളിനും ചർച്ചിനും വിള്ളൽ ഉണ്ടായത് ക്വാറിയിലെ സ്ഫോടനംമൂലമാണെന്ന് പറയാൻകഴിയില്ലെന്ന് ജിയോളജി വകുപ്പ് അറിയിച്ചതുകൊണ്ട് ക്വാറിക്ക് സ്റ്റോപ് മെമ്മോ നൽകാൻ പറ്റില്ലെന്നാണ് പഞ്ചായത്തിെൻറ വിവരാവകാശ മറുപടിയിലുള്ളത്.
പ്രദേശത്തെ നാൽപതോളം വീടുകളുടെ ചുമരുകൾക്ക് വിള്ളലുണ്ട്. കാറ്റുള്ളമല യു.പി സ്കൂളിെൻറയും ചർച്ചിെൻറയും ചുമരുകൾക്കും വിള്ളലുണ്ട്. ഇത് ക്വാറിയിലെ സ്ഫോടനംമൂലമല്ലെങ്കിൽ മറ്റെന്തുകൊണ്ടാണെന്ന് ജിയോളജിയും പഞ്ചായത്തും വ്യക്തമാക്കണമെന്ന് സമരസമിതി പറയുന്നു. പഞ്ചായത്ത് ജൈവവൈവിധ്യ ബോർഡും കൊയിലാണ്ടി തഹസിൽദാറും സ്ഥലം സന്ദർശിച്ച് ക്വാറിക്ക് എതിരായ റിപ്പോർട്ട് സമർപ്പിച്ചിരുന്നു. ഒരു വിദഗ്ധ പഠനവും നടത്താതെ ജിയോളജി ഉദ്യോഗസ്ഥർ സ്ഫോടനമല്ല കെട്ടിടങ്ങളുടെ വിള്ളലിന് കാരണമെന്ന് കണ്ടെത്തിയത് ക്വാറി മാഫിയയെ സഹായിക്കാനാണെന്നും സമരസമിതി ചൂണ്ടിക്കാട്ടി.
ക്വാറിക്ക് പഞ്ചായത്ത് സ്റ്റോപ് മെമ്മോ നൽകണമെന്നാവശ്യപ്പെട്ട് കഴിഞ്ഞ 68 ദിവസമായി ആക്ഷൻ കമ്മിറ്റിയുടെ നേതൃത്വത്തിൽ സമരസമിതി പ്രവർത്തകർ കായണ്ണ ഗ്രാമപഞ്ചായത്ത് ഒാഫിസിന് മുന്നിൽ റിലേ സത്യഗ്രഹം നടത്തുകയാണ്. കഴിഞ്ഞദിവസം നടന്ന സമരം കൂരാച്ചുണ്ട് ഗ്രാമപഞ്ചായത്ത് 13ാം വാർഡ് മെംബർ സണ്ണി പുതിയകുന്നേൽ ഉദ്ഘാടനം ചെയ്തു.
ജോസ് കെ. പോൾ അധ്യക്ഷത വഹിച്ചു. അഗസ്റ്റിൻ കാരക്കട, സിനി ജിനോ, ബേബി തെങ്ങുംപള്ളിൽ, ബിജു ചെറുപുറത്ത്, ദേവസ്യ വടക്കേക്കുന്നേൽ, അപ്പച്ചൻ വടക്കേക്കുന്നേൽ, ജോസ് തെങ്ങുംപള്ളിൽ, ബേബി വടക്കേക്കുന്നേൽ, ജിനോ തച്ചലാടിയിൽ എന്നിവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.