പേരാമ്പ്ര: മകൾക്ക് വിദ്യാഭ്യാസ വായ്പ നിഷേധിച്ചതിൽ പ്രതിഷേധിച്ച് രക്ഷിതാക്കൾ ബാങ്കിനു മുന്നിൽ കുത്തിയിരിപ്പു സമരം നടത്തി. കേരള ഗ്രാമീൺ ബാങ്ക് പേരാമ്പ്ര ശാഖക്കു മുന്നിലാണ് ഗോലശാലക്കല് താഴ ഇ.കെ. രാജുവും ഭാര്യ റീനയും സമരം നടത്തിയത്.
ഇവരുടെ മകൾ അവ്യ ലക്ഷ്മി ബംഗളൂരു മദര്‍ തെരേസ കോളജില്‍ ബി.എസ്.സി നഴ്സിങ്ങിന് പഠിക്കുകയാണ്. വിദ്യാർഥിയുടെ വിദ്യാഭ്യാസ വായ്പക്കായി അപേക്ഷ നല്‍കിയിട്ട് ആറു മാസം കഴിഞ്ഞെന്നും ഇതുവരെ വായ്പ അനുവദിച്ചുകിട്ടിയില്ലെന്നുമാണ് രക്ഷിതാക്കളുടെ ആരോപണം.
കോളജിൽ ട്യൂഷൻ ഫീസ് അടക്കാത്തതു കാരണം കുട്ടിക്ക് പരീക്ഷ എഴുതാൻ ഹാൾടിക്കറ്റ് കോളജ് അധികൃതർ നൽകുന്നില്ല. ബാങ്കിൽ ആവശ്യമായ മുഴുവന്‍ രേഖകളും ഹാജരാക്കിയിട്ടും വായ്പ തരാതെ ബാങ്ക് അധികൃതർ കബളിപ്പിക്കുകയാണ് ചെയ്യുന്നതെന്ന് രക്ഷിതാക്കൾ ആരോപിച്ചു. മകൾക്ക് പരീക്ഷ എഴുതാൻ കഴിയാത്തതിന്റെ ഉത്തരവാദികൾ ബാങ്ക് അധികൃതരാണെന്നും ഇവര്‍ പറഞ്ഞു.
എന്നാല്‍, ഇവരുടെ അപേക്ഷയും അനുബന്ധ രേഖകളും അന്തിമാനുമതിക്കായി കൽപറ്റയിലെ റീജനല്‍ ഓഫിസിന് കൈമാറിയിട്ടുണ്ടെന്നും രണ്ടു ദിവസത്തിനകം തീരുമാനമുണ്ടാവുമെന്നും ബാങ്ക് അധികൃതർ അറിയിച്ചു. മാനേജ്മെന്റ് സീറ്റില്‍ പഠിക്കുന്നവരുടെ വായ്പാകാര്യങ്ങളില്‍ അനുമതി നല്‍കേണ്ടത് റീജനല്‍ ഓഫിസില്നിന്നാണെന്നും ബാങ്ക് കൂട്ടിച്ചേർത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.