പേരാമ്പ്ര : ചെറുവണ്ണൂർ ഗ്രാമപഞ്ചായത്തിന് കീഴിലെ ഹരിത കർമസേനയിൽ എടുത്ത ജോലിക്ക് കൂലി ലഭിക്കാത്തതിനെതിരെ വി. ടി. ഗിരിജ ഗ്രാമപഞ്ചായത്ത് ഓഫിസിനു മുന്നിൽ സമരം നടത്തി.
ജൂൺ മാസത്തെ കൂലി ഹരിത കർമസേനയുടെ സെക്രട്ടറി നിഷേധിച്ചതായാണ് പരാതി. പഞ്ചായത്ത് പ്രസിഡന്റ്, സെക്രട്ടറി, അസി.സെക്രട്ടറി, വി.ഇ. തുടങ്ങിയവരെല്ലാം കർശന നിർദേശം നൽകിയിട്ടും ഹരിത കർമസേന സെക്രട്ടറി കൂലി നൽകിയില്ലെന്ന് ഇവർ ആരോപിക്കുന്നു. ഹരിത കർമസേനയുടെ ഓഫിസ് തുടങ്ങിയത് മുതൽ ഒമ്പത് മാസം ചുമതല പരാതിക്കാരിയായ ഗിരിജക്കായിരുന്നു. ആ കാലയളവിൽ 49,500 രൂപ കൂലിയായി ലഭിച്ചിരുന്നു. എന്നാൽ, പത്താം മാസം മുതൽ മാസ ശമ്പളം 3000 രൂപയാക്കി. ഒമ്പത് മാസം വാങ്ങിയ 49,500 രൂപയിൽ 27,000 രൂപ കിഴിച്ച് 22,500 രൂപ തിരിച്ചടക്കണമെന്ന് നിർദേശിക്കുകയായിരുന്നു.
മൂന്ന് തവണയായി 1000 രൂപ വെച്ച് 3000 രൂപ മാസവേതനത്തിൽനിന്ന് പിടിക്കുകയും ചെയ്തു. 2023 ജനുവരി മുതൽ പരാതിക്കാരി തിരിച്ചടക്കണമെന്ന് പറഞ്ഞ തുക അടച്ചില്ലെന്നും പറഞ്ഞാണ് ഇപ്പോൾ കൂലി നിഷേധിക്കാൻ കാരണമായി പറയുന്നത്. അന്ന് വാങ്ങിയ കൂലി തിരിച്ചടക്കില്ലെന്നും ജൂൺ മാസത്തെ നിഷേധിച്ച കൂലി ലഭിക്കാനുമാണ് ഗിരിജ വെള്ളിയാഴ്ച രാവിലെ 10 മുതൽ ചെറുവണ്ണൂർ ഗ്രാമ പഞ്ചായത്ത് ഓഫിസിന് മുമ്പിൽ സത്യഗ്രഹം ആരംഭിച്ചത്. ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് എൻ.ടി. ഷിജിത്ത്, സെക്രട്ടറി രാമചന്ദ്രൻ മേപ്പയ്യൂർ എസ്. ഐമാരായ സുരേന്ദ്രൻ , എൻ.കെ. ബാബു എന്നിവർ ഗിരിജയുമായി നടത്തിയ ചർച്ചയിൽ കൂലി വാങ്ങിക്കൊടുക്കുമെന്ന ഉറപ്പിൽ രാത്രി എട്ടിന് സമരം നിർത്തി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.