പേരാമ്പ്ര: ചെറുവണ്ണൂര്‍ ഗ്രാമപഞ്ചായത്തിലെ പെരിഞ്ചേരിക്കടവില്‍ രണ്ടു വീടുകൾ അപകടാവസ്ഥയിലായി. പെരിഞ്ചേരി മണപ്പാടിച്ച മണ്ണില്‍ അഷ്റഫ്, മണപ്പാടിച്ച മണ്ണില്‍ ജാഫര്‍ എന്നിവരുടെ വീടുകളാണ് അപകടാവസ്ഥയിലുള്ളത്. വീടിനു മൂന്നു മീറ്റര്‍ അടുത്തുവരെ മണ്ണിടിഞ്ഞത് വീട്ടുകാരെയും നാട്ടുകാരെയും ഭീതിയിലാഴ്ത്തി. ശനിയാഴ്ച രാത്രി മുതല്‍ നിര്‍ത്താതെ പെയ്ത കനത്ത മഴയാണ് കുറ്റ്യാടി പുഴയുടെ ഭാഗമായ ഇവിടെ പുഴയില്‍ വെള്ളം നിറയാനും മണ്ണിടിച്ചിലിനും കാരണമായത്. അഞ്ചു മീറ്ററോളം ഉള്ളിലേക്ക് മണ്ണിടിഞ്ഞിട്ടുണ്ടെന്നാണ് പ്രദേശവാസികൾ പറയുന്നത്.
സമീപത്തായി ചെറുവണ്ണൂര്‍, തിരുവള്ളൂര്‍ ഗ്രാമപഞ്ചായത്തുകളെ ബന്ധിപ്പിക്കുന്ന പെരിഞ്ചേരിക്കടവ് റെഗുലേറ്റര്‍ കം ബ്രിഡ്ജ് നിര്‍മാണത്തിനായി പുഴയില്‍ ബണ്ട് നിര്‍മിച്ചിരുന്നു. ഇത് പുഴയില്‍ വെള്ളം ഉയരുന്നതിനും മണ്ണിടിച്ചിലിനും കാരണമായതായി കരുതുന്നു.
ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് ഇ.ടി. രാധ, ഗ്രാമപഞ്ചായത്ത് അംഗം ആദില നിബ്രാസ്, ജില്ല പഞ്ചായത്ത് അംഗം സി.എം. ബാബു, മറ്റ് ജനപ്രതിനിധികള്‍ എന്നിവര്‍ സ്ഥലത്തെത്തി.
തുടര്‍ന്ന് നാട്ടുകാരുടെ പ്രതിഷേധത്തെ തുടര്‍ന്ന് എ.ഡി.എം പ്രേമരാജ്, ലാൻഡ് അക്വിസിഷന്‍ തഹസില്‍ദാര്‍, മേജര്‍ ഇറിഗേഷന്‍ എക്സി. എൻജിനീയര്‍ എന്നിവരുടെ നേതൃത്വത്തില്‍ റവന്യൂ, ജലസേചന വകുപ്പ് അധികൃതരും പഞ്ചായത്ത് അധികൃതരും പൊലീസും കരാറുകാരും സ്ഥലത്തെത്തുകയും ബണ്ട് പൊളിക്കാന്‍ നിര്‍ദേശം നല്‍കുകയുമായിരുന്നു. ഇവരുടെ സാന്നിധ്യത്തില്‍ മണ്ണുമാന്തിയന്ത്രം ഉപയോഗിച്ച് ബണ്ട് പൊളിച്ചുമാറ്റി. ഇവിടെ പുഴയോരം കെട്ടി സംരക്ഷിക്കണമെന്ന ആവശ്യത്തിന് വര്‍ഷങ്ങളുടെ പഴക്കമുണ്ട്. ഓരോ കാലവര്ഷമാവുമ്പോഴും ഇവിടത്തുകാരുടെ ഭൂമി പുഴ കവരും. മണ്ണിടിച്ചില്‍ ഉണ്ടാവുമ്പോള്‍ സ്ഥലം സന്ദര്‍ശിക്കുന്ന അധികാരികള്‍ നല്കുന്ന വാഗ്ദാനങ്ങളില്‍ വിശ്വാസമര്‍പ്പിച്ച് കാത്തിരിക്കുകയാണ് പ്രദേശവാസികൾ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.