പേരാമ്പ്ര: തൊഴിലുറപ്പ് നിയമത്തിന്റെ പേരു പറഞ്ഞ് തൊഴിലാളികളെ പീഡിപ്പിക്കുന്നതായി പരാതി. സ്ത്രീകളും പ്രായമുള്ളവരുമാണ് തൊഴിലുറപ്പ് തൊഴിലെടുക്കുന്ന ഭൂരിഭാഗം പേരും. എന്നാൽ, ഇവർക്ക് വളരെ പ്രയാസമുണ്ടാക്കുന്ന നിയമങ്ങളാണ് തൊഴിലുറപ്പ് തൊഴിലാളികളുടെ മേൽ അടിച്ചേൽപിക്കുന്നത്.
ഒരു വാർഡിലെ തൊഴിലാളികൾ മുഴുവൻ രാവിലെയും വൈകുന്നേരവും ഒരു സ്ഥലത്ത് സമ്മേളിച്ച് ഫോട്ടോയെടുത്ത് അയക്കണം എന്ന നിയമം വലിയ ബുദ്ധിമുട്ട് ഉണ്ടാക്കുന്നതായി തെഴിലാളികൾ പറയുന്നു. രണ്ടും മൂന്നും കിലോമീറ്റർ ദൂരമുള്ള വാർഡുകളിൽ നിന്ന് രണ്ടുനേരം ഒരു സ്ഥലത്ത് സമ്മേളിക്കുക എന്നത് പ്രായമുള്ള തൊഴിലാളികൾക്ക് വലിയ പ്രയാസം സൃഷ്ടിക്കുന്നു. തൊഴിൽ കാർഡുള്ള എല്ലാവരുടെയും പറമ്പിൽ നേരത്തെ പ്രവൃത്തി നടത്തിയിരുന്നു. എന്നാൽ, തൊഴിലെടുക്കുന്ന തൊഴിലാളികളുടെ പറമ്പിൽ മാത്രം പ്രവൃത്തി എടുത്താൽ മതിയെന്നാണ് തീരുമാനം. മൂന്നും നാലും സെന്റിൽ താമസിക്കുന്ന തൊഴിലാളികൾക്ക് ഈ നിയമം വലിയ ബുദ്ധിമുട്ട് ഉണ്ടാക്കുന്നു. ഇതുകാരണം ആവശ്യമായ തൊഴിൽ ദിനങ്ങൾ ലഭിക്കില്ലെന്ന ആശങ്കയും തൊഴിലാളികൾക്കുണ്ട്. കൂടാതെ അപ്രായോഗിക കൃഷിരീതികൾ നടപ്പിലാക്കുന്നതും തൊഴിലാളികൾക്ക് പ്രയാസം സൃഷ്ടിക്കുന്നതായി തൊഴിലാളികൾ പറയുന്നു.
ഒരു ദിവസം നിശ്ചിത വീതിയിലും നീളത്തിലും ഉയരത്തിലും കൃഷിഭൂമി ഒരുക്കണമെന്നും അളവിൽ കുറവുണ്ടെങ്കിൽ തൊഴിലാളികളുടെ വേതനം കുറക്കുമെന്നും നിയമമുണ്ട്. ചെയ്ത പ്രവൃത്തിയുടെ അളവെടുക്കുന്നത് പഞ്ചായത്തിൽ നിന്നും ചുമതലപ്പെട്ട ഉദ്യോഗസ്ഥരാണ്. ഉദ്യോഗസ്ഥർ വരാൻ കാലതാമസമുണ്ടാവുന്നതുകൊണ്ട് മഴയിൽ തൊഴിലാളികൾ ഉണ്ടാക്കിയ കൃഷിത്തടങ്ങൾ ഒലിച്ചുപോകുന്നുണ്ട്.
കൂടാതെ വേതന വർധന പറഞ്ഞു മേറ്റ്മാർക്കും പിടിപ്പതു പണിയാണ്. ഇത്തരം അപ്രായോഗിക നിയമങ്ങൾ നടപ്പിലാക്കുന്നത് ആരുടെ നിർദേശ പ്രകാരമാണെന്ന് പഞ്ചായത്ത് അധികാരികൾ വ്യക്തമാക്കണമെന്നും അശാസ്ത്രീയവും തൊഴിലാളികൾക്ക് ബുദ്ധിമുട്ട് ഉണ്ടാകുന്നതുമായ കാടൻ നിയമങ്ങൾ പിൻവലിക്കണമെന്നും മുസ്ലിം യൂത്ത് ലീഗ് പേരാമ്പ്ര നിയോജക മണ്ഡലം പ്രസിഡന്റ് പി.സി. മുഹമ്മദ് സിറാജ് ആവശ്യപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.