പേരാമ്പ്ര: കുറ്റ്യാടി ജലസേചനപദ്ധതിയുടെ പെരുവണ്ണാമൂഴി ഡാം റിസർവോയറില്‍ ചളിയും മണലും അടിഞ്ഞു കൂടിയതു കാരണം ജല സംഭരണം വൻതോതിൽ കുറയുന്നു. 2019ൽ കേരള എൻജിനീയറിങ് റിസർച് ഇൻസ്റ്റിറ്റ്യൂട്ട് നടത്തിയ സർവേ പ്രകാരം സംഭരണ ശേഷിയുടെ 33 ശതമാനം ചളിയുണ്ടെന്ന് കണ്ടെത്തിയിട്ടുണ്ട്. ഇത് നീക്കം ചെയ്യുന്നതിന് ഏകദേശം 1500 കോടി വരുമെന്നാണ് കണക്കാക്കുന്നത്.
ജില്ലയിലെ 10,000 ഹെക്ടറിൽ അധികം വരുന്ന പാടശേഖരങ്ങളിൽ കൃഷിക്ക് ജലസേചനം നടത്തുന്നത് ഈ അണക്കെട്ടിൽനിന്നാണ്. ജില്ലയിലാകെ വ്യാപിച്ചു കിടക്കുന്ന 600 കിലോമീറ്റർ കനാലുകളിൽ കൂടി ഫെബ്രുവരി മുതൽ മേയ് വരെ ജല വിതരണം നടത്തുന്നതിനാൽ ആയിരക്കണക്കിന് കുടുംബങ്ങൾക്ക് കുടിവെള്ള ലഭ്യതയും ഉറപ്പാക്കുന്നു.
കോഴിക്കോട് നഗരത്തിലും 13 സമീപ പഞ്ചായത്തുകളിലും കുടിവെള്ള വിതരണത്തിന് നടപ്പാക്കിയ ജപ്പാൻ സഹായപദ്ധതിയും ഈ അണക്കെട്ടിൽനിന്നാണ്. കൊയിലാണ്ടി താലൂക്കിലെ 16 പഞ്ചായത്തുകളിൽ കുടിവെള്ള വിതരണത്തിനായി നടപ്പാക്കിക്കൊണ്ടിരിക്കുന്ന ജൽജീവൻ പദ്ധതിയും പെരുവണ്ണാമൂഴിയിൽനിന്നു തന്നെയാണ്. കൂടാതെ പെരുവണ്ണാമൂഴിയിൽ സ്ഥാപിച്ച ആറ് മെഗാവാട്ട് വൈദ്യുതി ഉൽപാദന പദ്ധതിയും ഈ വെള്ളമുപയോഗിച്ചാണ് പ്രവർത്തിപ്പിക്കുന്നത്.
എന്നാൽ വെള്ളത്തിന്റെ ആവശ്യം വർധിക്കുകയും സംഭരണശേഷി കുറയുകയുമാണെങ്കിൽ എല്ലാ പദ്ധതികളെയും പ്രതികൂലമായി ബാധിക്കും. ഈ ബഹുമുഖ പദ്ധതികളുടെ ഭാവിയിലെ സുഗമമായ പ്രവർത്തനത്തിന് വേണ്ടി പെരുവണ്ണാമൂഴി ഡാം റിസർവോയറിൽ അടിഞ്ഞു കൂടിയിട്ടുള്ള മണൽ എത്രയും പെട്ടെന്ന് എടുത്തു മാറ്റി ഡാമിന്റെ പൂർണ സംഭരണശേഷി ഉറപ്പാക്കണമെന്ന് കൊയിലാണ്ടി താലൂക്ക് വികസന സമിതിയിൽ സമിതി അംഗം രാജൻ വർക്കി ആവശ്യപ്പെട്ടു.
ഇതു സംബന്ധിച്ച് തഹസിൽദാറിനു നിവേദനവും നൽകി. പെരുവണ്ണാമൂഴി ഡാം റിസർവോയറിൽ 50 വർഷത്തിലധികമായി അടിഞ്ഞു കൂടിയ എക്കലും ചളിയും നീക്കേണ്ടത് അത്യന്താപേക്ഷിതമാണ്. നീക്കം ചെയ്യുന്ന മണ്ണ്, മണൽ വിൽപന നടത്തി പദ്ധതി ചെലവ് സമാഹരിക്കാനുമാകും. ടെൻഡർ / ലേലം നടപടികളിലൂടെയും ചളി നീക്കം നടത്താനാകും ഇതിനാവശ്യമായ അടിയന്തര നടപടി സർക്കാർ കൈക്കൊള്ളണമെന്നും നിവേദനത്തിൽ പറയുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.