പേരാമ്പ്ര: കാരയാട്, നൊച്ചാട് പ്രദേശത്തെ നിരവധി ആളുകളെയും വളർത്തുമൃഗങ്ങളെയും കടിച്ചു പരിക്കേൽപിച്ച ഭ്രാന്തൻകുറുക്കനെ വെള്ളത്തിൽ മുക്കിക്കൊന്ന് നാടിന്റെ ഹീറോയായിരിക്കുകയാണ് നൊച്ചാട് മാവിലാട്ട് മുഹമ്മദലി (52).
നൊച്ചാട് മാവട്ടയിൽ താഴെ കച്ചവടംചെയ്ത അടക്ക എടുത്തു വരുമ്പോഴാണ് കുറുക്കൻ മുഹമ്മദലിക്കുനേരെ ചാടിയത്. മുഖത്തിനുനേരെ ചാടിയ കുറുക്കനെ കൈകൊണ്ട് തടഞ്ഞപ്പോൾ കൈവിരലിന് കടിയേറ്റു. വീണ്ടും ആക്രമിക്കാൻ വന്ന കുറുക്കനെ പിടിച്ച് സമീപത്തെ വാഴത്തോട്ടത്തിലെ വെള്ളത്തിൽ മുക്കിക്കൊല്ലുകയായിരുന്നു.
ശനിയാഴ്ച ഉച്ചക്ക് 12.45ഓടെയാണ് സംഭവം. ഈ കുറുക്കൻ രാവിലെ മുതൽ കാരയാട്, നൊച്ചാട് ഭാഗങ്ങളിൽ ഭീതി വിതച്ചിരുന്നു. കാരയാട് കൊളാപൊയിൽ മാധവൻ, വട്ടക്കണ്ടി ഗീത, നൊച്ചാട് കുഴിച്ചാലിൽ രാഘവൻ എന്നിവർക്ക് രാവിലെ കുറുക്കന്റെ കടിയേറ്റിരുന്നു. മുഹമ്മദലി ഉൾപ്പെടെ കടിയേറ്റ നാലുപേരും കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സ തേടി.
കാരയാട് ഭാഗത്ത് പശു ഉൾപ്പെടെയുള്ള വളർത്തുമൃഗങ്ങൾക്കും കുറുക്കന്റെ കടിയേറ്റിട്ടുണ്ട്. കുറുക്കനെ കൊല്ലാനുള്ള ധൈര്യം മുഹമ്മദലി കാണിച്ചില്ലായിരുന്നെങ്കിൽ ഇത് വീണ്ടും ആളുകളെ കടിക്കുമായിരുന്നു. മുസ്‍ലിം ലീഗ് പ്രവർത്തകനായ മുഹമ്മദലി ദീർഘകാലം ജോലിയാവശ്യാർഥം ഖത്തറിലായിരുന്നു. കെ.എം.സി.സിയുടെ പ്രവർത്തകനായിരുന്നു. ഇപ്പോൾ ഗുഡ്സ് ഓട്ടോ ഡ്രൈവറാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.