പേരാമ്പ്ര: ഹയർ സെക്കൻഡറി സ്കൂൾ പുതിയ കെട്ടിടത്തിന്റെ ഉദ്ഘാടനം തിങ്കളാഴ്ച രാവിലെ പത്തിന് വിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടി നിർവഹിക്കുമെന്ന് സ്കൂൾ അധികൃതർ വാർത്തസമ്മേളനത്തിൽ അറിയിച്ചു. സ്കൂളിന്റെ ഒരു വർഷം നീളുന്ന 75ാം വാർഷികാഘോഷ പരിപാടി കെ. മുരളീധരൻ എം.പിയും ആധുനിക സൗകര്യങ്ങളോടെ നവീകരിക്കുന്ന സ്കൂൾ ഗ്രൗണ്ടിന്റെ പ്രവൃത്തി ടി.പി. രാമകൃഷ്ണൻ എം.എൽ.എയും ഉദ്ഘാടനം ചെയ്യും.
മൂന്നു നിലകളിലായി നിർമിച്ച കെട്ടിടത്തിന്റെ എല്ലാ ക്ലാസ് മുറികളും സ്മാർട്ട് ആണ്. ലിഫ്റ്റ് സംവിധാനവും ഒരുക്കിയിട്ടുണ്ട്. ചടങ്ങിൽ മാനേജർ എ.കെ. കരുണാകരൻ നായർ, എൻജിനീയർ അരവിന്ദൻ, കേരള സംഗീത നാടക അക്കാദമി അവാർഡ് ജേതാവ് രാജീവൻ മമ്മിളി, കബഡി പരിശീലകരായ മിഥുൻ ലാൽ, ബൽജിത്ത്, അക്ഷയ്, ദേശീയ സ്കൂൾ കബഡി ടീം അംഗം യാസർ അറാഫത്ത്, ഗിത ശർമ, മജീഷ് കാരയാട് എന്നിവരെ ആദരിക്കും.
ഉച്ചക്ക് ചേരുന്ന അനുമോദന സാംസ്കാരിക സദസ്സിൽ സ്കൂൾ പൂർവ വിദ്യാർഥിയും പശ്ചിമബംഗാളിലെ സൗത്ത് ദിനാജ്പുർ ജില്ല കലക്ടറുമായ ബിജിൻ കൃഷ്ണ, രമേശ് കാവിൽ എന്നിവർ സംബന്ധിക്കും. എസ്.എസ്.എൽ.സി പരീക്ഷയിൽ എല്ലാ വിഷയങ്ങളിലും എ പ്ലസ് നേടിയ 164 വിദ്യാർഥികൾക്കും ഹയർ സെക്കൻഡറി പരീക്ഷയിൽ ഉന്നത വിജയം നേടിയ 60 വിദ്യാർഥികൾക്കും സംസ്ഥാന സ്കൂൾ കലാ- ശാസ്ത്രമേളകളിലെ ജേതാക്കളായ 55 പേർക്കും ഉപഹാരങ്ങൾ നൽകും.
തുടർന്നു നടക്കുന്ന കലാസായാഹ്നം ലിധിലാൽ ഉദ്ഘാടന ചെയ്യും. വാർത്തസമ്മേളനത്തിൽ പ്രിൻസിപ്പൽ കെ. നിഷിത, പ്രധാനാധ്യാപകൻ പി. സുനിൽകുമാർ, പി.ടി.എ പ്രസിഡന്റ് ആർ.കെ. രജീഷ് കുമാർ, എം. അജയകുമാർ, സുധാകരൻ വരദ, പൂക്കോട്ട് ബാബുരാജ്, വി.ബി. രാജേഷ്, എ.കെ. രജീഷ് കുമാർ, കെ. ചന്ദ്രിക, സി.എം. സിജു, പി.കെ. നാസർ എന്നിവർ പങ്കെടുത്തു.
അത്തോളി: കിഫ്ബി ഫണ്ടുപയോഗിച്ച് ഒരുകോടി രൂപ ചെലവിൽ നിർമിച്ച വേളൂർ ജി.എം.യു.പി സ്കൂൾ കെട്ടിടോദ്ഘാടനം ജൂൺ 12ന് ഉച്ചക്ക് 2.30ന് വിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടി നിർവഹിക്കും. കെ.എം. സച്ചിൻദേവ് എം.എൽ.എ അധ്യക്ഷത വഹിക്കും. നാലു ക്ലാസ് മുറികളടങ്ങിയ കെട്ടിടമാണ് ഉദ്ഘാടനം ചെയ്യുന്നത്.
പഠന, പാഠ്യേതര രംഗത്ത് മികച്ച നിലവാരം പുലർത്തുന്ന സ്കൂളിൽ പ്രീപ്രൈമറിയടക്കം 1500നടുത്ത് കുട്ടികൾ പഠിക്കുന്നുണ്ട്. വാർത്തസമ്മേളനത്തിൽ സ്വാഗതസംഘം ചെയർപേഴ്സനും ഗ്രാമപഞ്ചായത്ത് പ്രസിഡന്റുമായ ഷീബ രാമചന്ദ്രൻ, എച്ച്.എം ഇൻ ചാർജ് പി.പി. സീമ, പി.ടി.എ പ്രസിഡന്റ് വി.എം. മനോജ് കുമാർ, എസ്.എം.സി ചെയർമാൻ വി.എം. ഷിജു, സ്റ്റാഫ് സെക്രട്ടറി കെ.പി. ബബീഷ് കുമാർ എന്നിവർ സംബന്ധിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.