സി.​കെ.

അ​ജീ​ഷ്

നൊച്ചാട് എ.എൽ.പി സ്കൂൾ അധ്യാപകനെ എ.ഇ.ഒ സസ്പെൻഡ് ചെയ്തു; രാഷ്ട്രീയ പകപോക്കലെന്ന്

പേരാമ്പ്ര: നൊച്ചാട് എ.എൽ.പി സ്കൂൾ അധ്യാപകൻ സി.കെ. അജീഷിനെ പേരാമ്പ്ര എ.ഇ.ഒ ലത്തീഫ് കരയത്തൊടി സസ്പെൻഡ് ചെയ്തു. നടപടി രാഷ്ട്രീയപ്രേരിതമാണെന്നാണ് അജീഷിന്റെ ആരോപണം. മുമ്പ് എസ്.എഫ്.ഐ പേരാമ്പ്ര ഏരിയ കമ്മിറ്റി സെക്രട്ടറിയും സി.പി.എം ലോക്കൽ കമ്മിറ്റി അംഗവും നൊച്ചാട് പഞ്ചായത്ത് സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാനുമായിരുന്ന അജീഷിനെതിരെ പാർട്ടി അച്ചടക്ക നടപടി എടുത്തിരുന്നു.

തുടർന്ന് കോൺഗ്രസിൽ ചേർന്നു. നിലവിൽ കോൺഗ്രസ് നൊച്ചാട് മണ്ഡലം സെക്രട്ടറിയാണ്. രാഷ്ട്രീയസംഘർഷത്തെ തുടർന്ന് പേരാമ്പ്ര പൊലീസ് അജീഷിനെതിരെ കലാപാഹ്വാനത്തിന് കേസെടുത്തിരുന്നു. ഇതിനെ തുടർന്നാണ് എ.ഇ.ഒ നടപടി.

കള്ളക്കേസുകളിൽ കുടുക്കിയതിനു പിന്നാലെ സി.പി.എം നേതാക്കൾ ഇടപെട്ട് പ്രതികാരനടപടി സ്വീകരിക്കുകയാണെന്നാണ് അജീഷ് പറയുന്നത്. ഇതിനെതിരെ ഹൈകോടതിയെ സമീപിക്കുമെന്ന് അദ്ദേഹം പറഞ്ഞു. ടി.പി. രാമകൃഷ്ണൻ എം.എൽ.എ വിദ്യാഭ്യാസമന്ത്രിക്ക് നൽകിയ പരാതിയെത്തുടർന്നാണ് വകുപ്പുതല നടപടി തുടങ്ങിയത്.

മുഖ്യമന്ത്രിക്കെതിരെ വിമാനത്തിൽ അതിക്രമം നടത്താൻ ശ്രമിച്ച കേസിൽ പ്രതിയാണെന്നും അച്ചടക്കനടപടി എടുക്കണമെന്നുമാണ് സ്കൂൾ മാനേജർക്ക് ഡി.പി.ഐയിൽനിന്ന് ആദ്യം നൽകിയ നിർദേശം. എന്നാൽ, ജീവിതത്തിലൊരിക്കലും വിമാനത്തിൽ യാത്രചെയ്യാതെയാണ് ഇങ്ങനെയൊരു കുറ്റംചാർത്തലെന്ന് അജീഷ് നേരത്തേ വാർത്തസമ്മേളനത്തിൽ വ്യക്തമാക്കിയിരുന്നു.

മുഖ്യമന്ത്രിക്കെതിരെ വിമാനത്തിലുണ്ടായ അതിക്രമസംഭവവുമായി ബന്ധപ്പെട്ടുനടന്ന പ്രതിഷേധത്തിനിടെ നാട് കത്തിക്കുമെന്ന് പറഞ്ഞതിനെതിരെ മാത്രമാണ് താൻ പരാതി നൽകിയതെന്ന് എം.എൽ.എയും വിശദീകരിച്ചിരുന്നു.

നാട്ടിൽ കലാപാഹ്വാനം നടത്തിയെന്നാരോപിച്ച് ജൂൺ 13ന് അജീഷിനെതിരെ സി.പി.എം ലോക്കൽ സെക്രട്ടറി നൽകിയ പരാതിയിൽ പേരാമ്പ്ര പൊലീസ് കേസെടുത്തിരുന്നു. പിന്നീട് പൊലീസിനെ ആക്രമിച്ചുവെന്ന പേരിൽ മറ്റൊരു കേസുമെടുത്തു. ഇതിൽ കോടതിയിൽനിന്ന് മുൻകൂർ ജാമ്യമെടുക്കുകയും ചെയ്തു. പരാതിയുടെ അടിസ്ഥാനത്തിൽ വകുപ്പുതല അന്വേഷണം നടത്തിയിരുന്നു.

ചെയ്ത കുറ്റത്തിന് ആനുപാതികമായും കോടതി വിചാരണ നേരിടുന്ന വിഷയം കണക്കാക്കിയും അച്ചടക്കനടപടി സ്വീകരിക്കണമെന്നാണ് പൊതുവിദ്യാഭ്യാസ ഡയറക്ടർ ഇതിനുശേഷം നൽകിയ നിർദേശം. ഇതുപ്രകാരം മാനേജർക്ക് എ.ഇ.ഒ കത്ത് നൽകിയിരുന്നെങ്കിലും വിഷയത്തിൽ അധ്യാപകൻ നൽകിയ വിശദീകരണം തൃപ്തികരമായതിനാൽ നടപടി സ്വീകരിക്കാൻ കഴിയില്ലെന്ന് മാനേജർ വ്യക്തമാക്കി.

മാനേജർ ശിക്ഷാനടപടി സ്വീകരിക്കാത്തപക്ഷം കേരള വിദ്യാഭ്യാസ നിയമപ്രകാരം എ.ഇ.ഒ നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് പൊതുവിദ്യാഭ്യാസ ഡയറക്ടർ വീണ്ടും ഉത്തരവു നൽകി. ഇതനുസരിച്ചാണ് നവംബർ 14 മുതൽ 15 ദിവസത്തേക്ക് താൽക്കാലികമായി സേവനത്തിൽനിന്ന് നീക്കംചെയ്ത് എ.ഇ.ഒ ഉത്തരവിറക്കിയത്. സസ്പെൻഷനെതിരെ കോൺഗ്രസും യു.ഡി.എഫും രംഗത്തുവന്നിട്ടുണ്ട്. രാഷ്ട്രീയ എതിരാളികളുടെ നാവടക്കാൻ ഭരണ സ്വാധീനമുപയോഗിച്ചുള്ള സി.പി.എം നീക്കം ലജ്ജാകരമാണെന്ന് പ്രതിപക്ഷം ആരോപിച്ചു.

Tags:    
News Summary - Nochad ALP school teacher suspended by AEO

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.