പേരാമ്പ്ര: ഏറെ ശ്രദ്ധിക്കപ്പെട്ട ചെറുവണ്ണൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് തെരഞ്ഞെടുപ്പിൽ യു.ഡി.എഫ് സ്ഥാനാർഥിക്ക് വിജയം. 11ാം വാർഡ് അംഗം കോൺഗ്രസിലെ എൻ.ടി. ഷിജിത്താണ് നറുക്കെടുപ്പിലൂടെ പ്രസിഡന്റായത്.
ഗ്രാമപഞ്ചായത്ത് പ്രസിഡന്റും 15ാം വാർഡിലെ സി.പി.ഐ അംഗവുമായിരുന്ന ഇ.ടി. രാധ മരിച്ചതിനെ തുടർന്നാണ് പുതിയ പ്രസിഡന്റിനെ തെരഞ്ഞെടുത്തത്. ഒരംഗം കുറഞ്ഞതോടെ പഞ്ചായത്തിലെ കക്ഷിനില എൽ.ഡി.എഫിനും യു.ഡി.എഫിനും ഏഴുവീതമായി.
യു.ഡി.എഫ് സ്ഥാനാർഥി എൻ.ടി. ഷിജിത്തിനും എൽ.ഡി.എഫ് സ്ഥാനാർഥി സി.പി.എമ്മിലെ രണ്ടാം വാർഡ് അംഗം എം.എം. രഘുനാഥിനും ഏഴുവീതം വോട്ടുകൾ ലഭിച്ചപ്പോൾ വരണാധികാരി മേലടി എ.ഇ.ഒ ഓഫിസിലെ സീനിയർ സൂപ്രണ്ട് എൻ. വാസുദേവൻ നറുക്കെടുക്കുകയായിരുന്നു. എൽ.ഡി.എഫിൽ സി.പി.ഐക്കാണ് പ്രസിഡന്റ് പദമെങ്കിലും എസ്.സി സംവരണമായതുകൊണ്ട് നിലവിലുള്ള ഏക അംഗത്തിന് മത്സരിക്കാൻ കഴിഞ്ഞില്ല.
നറുക്കെടുപ്പിൽ ഭാഗ്യം തുണച്ചതോടെ പേരാമ്പ്ര ബ്ലോക്ക് പരിധിയിലെ ഏഴിൽ ഒരു പഞ്ചായത്തിൽ യു.ഡി.എഫിന് പ്രസിഡന്റ് പദവി ലഭിച്ചു. ആറുമാസത്തിനുള്ളിൽ 15ാം വാർഡിൽ നടക്കുന്ന ഉപതെരഞ്ഞെടുപ്പ് ഫലം നിർണായകമാണ്. ആർക്കും വ്യക്തമായ മേൽ കൈ ഇല്ലാത്ത ഇവിടെ തീപാറും പോരാട്ടത്തിനാണ് വേദി ഒരുങ്ങുന്നത്. എൻ.ടി. രാധ 15ാം വാർഡിൽ 11 വോട്ടിനാണ് വിജയിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.