പേരാമ്പ്ര: പന്തിരിക്കര സ്വദേശിയായ യുവാവിന് വിദേശത്ത് സ്വര്‍ണക്കടത്ത് സംഘത്തിന്റെ ക്രൂരമര്‍ദനം. പന്തിരിക്കര കുയ്യണ്ടം സ്വദേശിയായ പുത്തലത്ത് മുഹമ്മദ് ജവാദിനെയാണ് സ്വര്‍ണക്കടത്ത് സംഘത്തിനുവേണ്ടി അഞ്ചംഗ ക്വട്ടേഷന്‍ സംഘം അതിക്രൂരമായി മര്‍ദിച്ചത്. മേയ് 28ന് അര്‍ധരാത്രി ജവാദിനെ യു.എ.ഇ അജ്മാനിലെ താമസസ്ഥലത്തുനിന്ന് തട്ടിക്കൊണ്ടുപോവുകയായിരുന്നു. അജ്ഞാത കേന്ദ്രത്തിലെത്തിച്ച തന്നെ നാലുദിവസം കെട്ടിയിട്ട് മര്‍ദിക്കുകയായിരുന്നുവെന്ന് നാട്ടിലെത്തിയ യുവാവ് പറഞ്ഞു.
കസേരയില്‍ കെട്ടിയിട്ടശേഷം ദേഹമാസകലം മർദിക്കുകയായിരുന്നു. തലക്ക് സാരമായി മുറിവേൽപിക്കുകയും കൈകളും കാലുകളും കമ്പി ഉപയോഗിച്ച് അടിച്ചൊടിക്കുകയുമായിരുന്നു. മര്‍ദനം തുടര്‍ന്ന ദിവസങ്ങളില്‍ കത്തി കാട്ടിയും ചൂടുള്ള ഇസ്തിരിപ്പെട്ടിയും കെട്ടിത്തൂക്കാനുള്ള കയര്‍ കെട്ടിയും ഭീഷണിപ്പെടുത്തിയതായും ജവാദ് പറഞ്ഞു.
മർദന രംഗങ്ങള്‍ ജവാദിന്റെ ഫോണിലൂടെ വിഡിയോ കാള്‍ ചെയ്ത് കുടുംബാംഗങ്ങളെ കാണിക്കുകയും ചെയ്തു. കായണ്ണ വാളൂര്‍ സ്വദേശിയായ യുവാവ് യു.എ.ഇയില്‍നിന്ന് നാട്ടിലെത്തിക്കാമെന്നേറ്റ 65 ലക്ഷം വില വരുന്ന സ്വര്‍ണം ഉടമക്ക് ലഭിക്കാത്തതിനെ തുടര്‍ന്നാണ് ജവാദിനുനേരെ ആക്രമണമുണ്ടായത്. താനും വാളൂര്‍ സ്വദേശിയും തമ്മില്‍ നാട്ടിലുണ്ടായിരുന്ന പരിചയവും വിദേശത്തുവെച്ച് തമ്മില്‍ കണ്ടിരുന്നതുമാണ് ഇവര്‍ക്ക് സംശയമുണ്ടാക്കിയതെന്ന് കരുതുന്നതായി യുവാവ് പറഞ്ഞു.
ക്രൂരമര്‍ദനം നടത്തിയിട്ടും താന്‍ ഇതില്‍ കണ്ണിയല്ലെന്ന് ബോധ്യപ്പെട്ടതിന്റെ അടിസ്ഥാനത്തില്‍ കൊല്ലാതെ വിട്ടയക്കുകയായിരുന്നു. ദുബൈയിലുള്ള അമ്മാവന് താമസിക്കുന്ന സ്ഥലത്തിന്റെ ലൊക്കേഷന്‍ ജവാദിന്റെ ഫോണില്‍ വാങ്ങിയശേഷം സംഘം ജീവച്ഛവമായ ജവാദിനെ അമ്മാവന്റെ താമസ സ്ഥലത്തിന് സമീപം ഉപേക്ഷിക്കുകയായിരുന്നു. റോഡരികില്‍ ഉപേക്ഷിക്കപ്പെട്ട ജവാദിനെ ദുബൈ പൊലീസ് ആശുപത്രിയില്‍ എത്തിക്കുകയായിരുന്നു.
അവിടത്തെ പ്രാഥമിക ചികിത്സകള്‍ക്കുശേഷം ജൂണ്‍ അഞ്ചിന് നാട്ടിലെത്തിയ ജവാദ് കുറ്റ്യാടിയിലെ സ്വകാര്യ ആശുപത്രിയിലും കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രി, മലബാര്‍ മെഡിക്കല്‍ കോളജ് എന്നിവിടങ്ങളില്‍ ചികിത്സ തേടി. മാരക മർദനമേറ്റതിനെ തുടര്‍ന്ന് യുവാവിന്റെ കാഴ്ചക്കും കേള്‍വിക്കും തകരാറ് സംഭവിച്ചിട്ടുണ്ട്.
ജവാദ് പെരുവണ്ണാമൂഴി പൊലീസില്‍ പരാതി നല്കി. നടുവണ്ണൂര്‍, പുറവൂര്, വെള്ളിയൂര്‍, കായക്കൊടി, കുടക് സ്വദേശികളാണ് തന്നെ മർദിച്ചതെന്നും കൂത്താളി മൂരികുത്തി സ്വദേശികള്‍ക്കു വേണ്ടിയാണ് ഇവര്‍ ക്വട്ടേഷന്‍ ഏറ്റെടുത്തതെന്നും ജവാദ് പറഞ്ഞു. ഒരു വർഷം മുമ്പാണ് പന്തിരിക്കര സ്വദേശിയായ യുവാവിനെ സ്വർണക്കള്ളക്കടത്ത് സംഘം തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.