പേരാമ്പ്ര: പേരാമ്പ്ര നിയോജക മണ്ഡലത്തിലെ പ്ലസ് വൺ സീറ്റ് ക്ഷാമം പരിഹരിക്കാൻ പാലേരി വടക്കുമ്പാട് ഹയർ സെക്കൻഡറി സ്കൂളുകളിൽ ഒരു സയൻസ് ബാച്ച് കൂടി അനുവദിച്ചു. ഫിസിക്സ്, കെമിസ്ട്രി, ബയോളജി, മാത്തമാറ്റിക്സ് കോമ്പിനേഷനിലുള്ള ബാച്ചാണ് അനുവദിച്ചിട്ടുള്ളത്. സമീപത്തെ കുറ്റ്യാടി നിയോജക മണ്ഡലത്തിൽ നാലു പുതിയ ബാച്ചുകൾ അനുവദിച്ചപ്പോൾ പേരാമ്പ്ര മണ്ഡലത്തിൽ അനുവദിച്ച ബാച്ച് ആകട്ടെ കുറ്റ്യാടി - പേരാമ്പ്ര അതിർത്തി പങ്കിടുന്ന വടക്കുമ്പാട് ഹയർ സെക്കൻഡറി സ്കൂളിലാണ്. കൂടാതെ പേരാമ്പ്ര ബ്ലോക്ക് പരിധിയിലുള്ള കായണ്ണ ഗവ: ഹയർ സെക്കൻഡറിയിൽനിന്നും മാറ്റിയ ബാച്ചിനു പകരം ബാച്ച് അനുവദിച്ചിട്ടുമില്ല.
എന്നാൽ, ഈ വർധന കൊണ്ട് സീറ്റ് ക്ഷാമം പരിഹരിക്കാൻ കഴിയില്ലെന്ന് മുസ്ലിം യൂത്ത് ലീഗ് ആരോപിച്ചു. മലബാർ ജില്ലകളിൽ പ്ലസ് വൺ സീറ്റ് ക്ഷാമം പരിഹരിക്കാൻ 97 ബാച്ചുകൾ അനുവദിച്ചപ്പോൾ പേരാമ്പ്ര മണ്ഡലത്തിൽ ആകെ അനുവദിച്ച 50 സീറ്റ് വെറും കണ്ണിൽപൊടിയിടൽ തന്ത്രമെന്ന് പേരാമ്പ്ര നിയോജക മണ്ഡലം യൂത്ത് ലീഗ് കമ്മിറ്റി പറയുന്നു. പേരാമ്പ്രയിൽ ഈ വർഷം പ്ലസ് വൺ യോഗ്യത നേടിയ 3,217കുട്ടികളിൽ 2,300കുട്ടികൾ മാത്രമാണ് ഇപ്പോൾ പ്രവേശനം നേടിയത്.
സീറ്റ് ലഭിക്കാത്ത 917 കുട്ടികളിൽ 50 പേർക്ക് മാത്രമാണ് വർധനവിലൂടെ സീറ്റ് ലഭിക്കുകയുള്ളൂവെന്നും യൂത്ത് ലീഗ് ചൂണ്ടിക്കാട്ടി. സ്ഥലം എം.എൽ.എ കാര്യക്ഷമമായി ഇടപെടാത്തതാണ് അവഗണനക്ക് കാരണമെന്ന് യൂത്ത് ലീഗ് കൂട്ടിച്ചേർത്തു.നിയോജക മണ്ഡലം യൂത്ത് ലീഗ് പ്രസിഡന്റ് പി.സി. മുഹമ്മദ് സിറാജ് അധ്യക്ഷത വഹിച്ചു. ശിഹാബ് കന്നാട്ടി, കെ.സി. മുഹമ്മദ്, സലിം മിലാസ്, കെ.കെ. റഫീഖ്, സത്താർ കീഴരിയൂർ, സി.കെ. ജറീഷ്, ടി.കെ. നഹാസ്, ഷംസുദ്ദീൻ വടക്കയിൽ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.