കോഴിക്കോട്: റോഡ് പ്രവൃത്തി സമയബന്ധിതമായി പൂർത്തിയാക്കാത്തതിന് കരാറുകാരനെ ഒഴിവാക്കി. കാസർകോട് എം.ഡി കൺസ്ട്രക്ഷനെതിരെയാണ് പൊതുമരാമത്ത് വകുപ്പിെൻറ നടപടി. പേരാമ്പ്ര -താന്നിക്കണ്ടി - ചക്കിട്ടപാറ റോഡ് പ്രവൃത്തിയിലെ അലംഭാവത്തെ തുടർന്നാണ് നടപടി. 2020 മേയ് 29നാണ് പ്രവൃത്തി തുടങ്ങിയത്. ഒമ്പത് മാസം കൊണ്ട് പ്രവൃത്തി പൂർത്തീകരിക്കാനായിരുന്നു കരാർ. 10 കോടി രൂപ പദ്ധതിക്കായി അനുവദിക്കുകയും ചെയ്തു. എന്നാൽ, പ്രവൃത്തി ഇഴഞ്ഞുനീങ്ങുകയാണ് ചെയ്തത്.
കരാർ പ്രകാരം ഫെബ്രുവരിയിലാണ് പ്രവൃത്തി പൂർത്തീകരിക്കേണ്ടിയിരുന്നത്. പൊതുമരാമത്ത് വകുപ്പ് നിരന്തരം ആവശ്യപ്പെട്ടിട്ടും കരാറുകാരൻ പ്രവൃത്തി നടത്താൻ തയാറായില്ല. ഇതുമൂലം ജനങ്ങൾ ബുദ്ധിമുട്ടനുഭവിക്കുന്ന കാര്യം ജനപ്രതിനിധികൾ ചൂണ്ടിക്കാട്ടുകയും ചെയ്തു. പ്രവൃത്തി പൂർത്തിയായില്ലെന്ന പരാതി ഉയർന്നതിനെ തുടർന്ന് മന്ത്രി പി.എ. മുഹമ്മദ് റിയാസ് സ്ഥലം സന്ദർശിച്ചു. സമയബന്ധിതമായി പണി പൂർത്തീകരിക്കാൻ കരാറുകാർക്ക് മന്ത്രി നിർദേശം നൽകി. എന്നിട്ടും പുരോഗതി ഉണ്ടായില്ല. 16 മാസം കൊണ്ട് 10 ശതമാനത്തിൽ താഴെ മാത്രമാണ് പ്രവൃത്തി പൂർത്തീകരിച്ചത്. ഇതേ തുടർന്നാണ് കടുത്ത നടപടികളിലേക്ക് നീങ്ങിയത്. കോഴിക്കോട് ദേശീയപാതയിൽ പ്രവൃത്തിയിൽ അലംഭാവം കാണിച്ച കരാറുകാരനിൽനിന്ന് പിഴ ഈടാക്കാൻ കഴിഞ്ഞദിവസം തീരുമാനിച്ചിരുന്നു.
താനിക്കണ്ടി റോഡ് കരാറുകാർക്ക് പാഠമാകുമോ?
പേരാമ്പ്ര: കരാർ ഏറ്റെടുത്തുകഴിഞ്ഞാൽ തോന്നിയപോലെ പ്രവൃത്തി നടത്താമെന്നായിരുന്നു മിക്ക കരാറുകാരുടേയും ധാരണ. എന്നാൽ, പ്രവൃത്തി സമയബന്ധിതമായി പൂർത്തിയാക്കാത്ത പേരാമ്പ്ര - പൈതോത്ത് റോഡിെൻറ കരാറുകാരനെതിരെ പൊതുമരാമത്ത് വകുപ്പ് നടപടി സ്വീകരിച്ചതോടെ പുതിയ മാറ്റം വരുമെന്ന ധാരണയിലാണ് നാട്ടുകാർ.
കാസർകോട് ആസ്ഥാനമായി പ്രവർത്തിക്കുന്ന എം.ഡി കൺസ്ട്രക്ഷൻ കമ്പനിക്കെതിരെയാണ് പൊതുമരാമത്ത് വകുപ്പ് നടപടി എടുത്തിരിക്കുന്നത്.10 കോടി ചെലവിൽ ഈ റോഡിെൻറ നവീകരണ പ്രവൃത്തി ഏറ്റെടുത്ത കരാറുകാരൻ ഒന്നരവർഷം കഴിഞ്ഞിട്ടും കാര്യമായി ഒന്നും നടത്താത്തതാണ് മാറ്റാൻ കാരണം. കഴിഞ്ഞ വർഷം മേയിൽ റോഡിെൻറ പ്രവൃത്തി ഉദ്ഘാടനം നടത്തിയെങ്കിലും ചിലയിടങ്ങളിൽ ഓവുചാലിെൻറയും ചില കലുങ്കുകളുടെ ഭാഗിക പ്രവൃത്തിയും മാത്രമാണ് ചെയ്തത്.
സമാനരീതിയിൽ രണ്ട് റോഡുകളുടെ നിർമാണം കൂടി പേരാമ്പ്ര മേഖലയിൽ നടക്കുന്നുണ്ട്. പേരാമ്പ്ര - ചെമ്പ്ര റോഡിെൻറ നവീകരണവും ചങ്ങരോത്ത് ഗ്രാമപഞ്ചായത്തിലെ വടക്കുമ്പാട് - വഞ്ചിപ്പാറ- ഗോപുരത്തിലിടം റോഡിെൻറ നവീകരണവുമാണ് മന്ദഗതിയിൽ നീങ്ങുന്നത്. ഈ രണ്ട് റോഡുകളും ഏറ്റെടുത്തിരിക്കുന്നത് കാസർകോട് സ്വദേശികളായ കോൺട്രാക്ടർമാർ തന്നെയാണ്. ഒരേ കമ്പനിക്ക് കീഴിലാണ് ഇവയെല്ലാം പ്രവർത്തിക്കുന്നതെങ്കിലും വ്യത്യസ്ത ആളുകളുടെ പേരിലാണ് കരാർ ഏറ്റെടുത്തിരിക്കുന്നത്.
ഈ മൂന്ന് റോഡുകളുടെ നിർമാണം കരാറുകാരുടെ അലംഭാവം മൂലം പണി നടക്കാത്തതിനെ തുടർന്ന് പൊതുമരാമത്ത് വകുപ്പ് മന്ത്രി അഡ്വ. പി.എ. മുഹമ്മദ് റിയാസ് നേരിട്ട് ഇടപെട്ട് ജില്ല കലക്ടർ കരാറുകാരെ വിളിച്ചുവരുത്തി പ്രവൃത്തി പുനരാരംഭിക്കാൻ നിർദേശിക്കുകയായിരുന്നു. ഇതിനെ തുടർന്ന് മൂന്ന് റോഡുകളുടെയും പ്രവൃത്തി ആരംഭിച്ചെങ്കിലും വീണ്ടും നിലച്ചിരിക്കുകയാണ്.അല്ലെങ്കിൽ, നാമമാത്രമായ തൊഴിലാളികളെ ഉപയോഗിച്ച് ഇഴഞ്ഞുനീങ്ങുകയാണ്. ജൂലൈയിൽ മന്ത്രി നേരിട്ടെത്തി റോഡുകളുടെ നവീകരണപ്രവർത്തനങ്ങൾ നേരിട്ട് വിലയിരുത്തുകയും വേഗത്തിൽ പൂർത്തീകരിക്കാതെ അലംഭാവം കാണിച്ചാൽ കരാർ ഒഴിവാക്കുമെന്ന് മുന്നറിയിപ്പ് നൽകുകയും ചെയ്തതാണ്. എന്നിട്ടും കരാറുകാർ മന്ത്രിയുടെ വാക്കിനോ ഉദ്യോഗസ്ഥരുടെ നിർദേശങ്ങൾക്കോ വിലകൽപിക്കാതെ പ്രവൃത്തി നടത്താത്തതാണ് നടപടിക്ക് കാരണം.
മറ്റ് റോഡുകളുടെയും കരാറുകാരെ മാറ്റി പുതിയ കരാർ നൽകുമെന്ന ആശ്വാസത്തിലാണ് ഇവയുടെ ഗുണഭോക്താക്കൾ. ഈ റോഡ് അടുത്ത ദിവസം തന്നെ മറ്റൊരു കരാറുകാരന് കൈമാറി പ്രവൃത്തി പുനരാരംഭിക്കുമെന്ന് പൊതുമരാമത്ത് വകുപ്പ് അധികൃതർ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.