പേരാമ്പ്ര: കഴിഞ്ഞ 16 ദിവസമായി ചുമട്ടുതൊഴിലാളികൾ നടത്തിവന്ന സമരത്തെ തുടർന്ന് പേരാമ്പ്രയിലെ കച്ചവടസ്ഥാപനം ഉടമ അടച്ചുപൂട്ടി. പുറത്തുനിന്നുള്ള ഭീഷണിയും കടുത്ത മാനസിക സമ്മർദവുമാണ് കട പൂട്ടാൻ പ്രേരിപ്പിച്ചതെന്ന് സി.കെ മെറ്റീരിയൽസ് ഉടമ സി.കെ. ബിജു പറഞ്ഞു.
3.5 കോടി രൂപ ചെലവഴിച്ചാണ് സ്ഥാപനം തുറന്നത്. ഒമ്പത് സ്ഥിരം തൊഴിലാളികളും ഇവിടെയുണ്ട്. ഹൈകോടതി ലേബർ കാർഡ് അനുവദിച്ച തൊഴിലാളികളെക്കൊണ്ട് നിയമപരമായാണ് തൊഴിലെടുപ്പിക്കുന്നത്. സമരം നടത്തുന്ന തൊഴിലാളികൾ സ്ഥാപനത്തിലേക്ക് വരുന്നവരെയും വാഹനങ്ങളും തടയുന്നതായും ഉടമ ആരോപിച്ചു.
തൊഴിൽ നിഷേധിച്ചതിനെതിരെ പേരാമ്പ്ര സി.കെ. മെറ്റീരിയൽസിനു മുന്നിൽ സി.ഐ.ടി.യു, എസ്.ടി.യു, എച്ച്.എം.എസ് സംഘടനകളാണ് ഫെബ്രുവരി 12 മുതൽ അനിശ്ചിതകാല സത്യഗ്രഹ സമരം ആരംഭിച്ചത്. 2019ലാണ് ക്ഷേമബോർഡിന്റെ പരിധിയിൽ ഉൾപ്പെട്ട സ്ഥലത്ത് സ്ഥാപനം തുടങ്ങിയത്.
ഇതിന്റെ തുടക്കം മുതൽ ക്ഷേമബോർഡ് പേരാമ്പ്ര ഉപകാര്യാലയത്തിലെ 21 തൊഴിലാളികളാണ് ചരക്കിറക്ക് നടത്തിയിരുന്നത്. എന്നാൽ, സാധനങ്ങൾ ഇറക്കുന്ന ചുമട്ടുതൊഴിലാളികളെ ഒഴിവാക്കിയാണ് ഉടമ കൂലി കുറച്ച് സ്വന്തം തൊഴിലാളികളെ നിയമിച്ചതെന്ന് ചുമട്ടുതൊഴിലാളികൾ ആരോപിച്ചു. പുറമെനിന്ന് വരുന്ന ലോഡ് ഇറക്കാൻ മാത്രമാണ് ചുമട്ടുതൊഴിലാളികളെ വിളിക്കുന്നത്. ഉപഭോക്താക്കൾ വാങ്ങുന്ന സാധനങ്ങൾ കയറ്റാൻ ഉടമക്ക് സ്വന്തം തൊഴിലാളികളെ വെക്കുന്നതിൽ വിരോധമില്ലെന്നും സംയുക്ത ട്രേഡ് യൂനിയൻ പറയുന്നു. കട അടച്ചിടാനുള്ള ഉടമയുടെ തീരുമാനം തൊഴിലാളികളോടുള്ള വെല്ലുവിളിയാണ്.
എത്രയും വേഗം തുറന്നു പ്രവർത്തിക്കണമെന്നും ട്രേഡ് യൂനിയനുകൾ ആവശ്യപ്പെട്ടു. വ്യാപാരി വ്യവസായി ഏകോപന സമിതിയുടെ നേതൃത്വത്തിൽ ഇരു വിഭാഗവുമായി ചർച്ചക്കുള്ള നീക്കം നടത്തുന്നുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.