പേരാമ്പ്ര: ഒരു കാലത്ത് ജില്ലയുടെ നെല്ലറയായി അറിയപ്പെട്ടിരുന്ന ആവള പാണ്ടി ഇന്ന് കർഷകരുടെ കണ്ണീർപ്പാടമാണ്. ചെറുവണ്ണൂർ ഗ്രാമപഞ്ചായത്തിലെ കുറ്റ്യോട്ട് നട മുതൽ കുണ്ടൂർ മൂഴി വരെ 635 ഹെക്ടറിൽ വ്യാപിച്ചുകിടക്കുന്ന ആവള പാണ്ടിയിൽ 100 ഏക്കറോളം ഭാഗത്ത് മാത്രമേ നിലവിൽ കൃഷിയുള്ളൂ.
കുറ്റ്യാടി ജലസേചന പദ്ധതിയുടെ ഭാഗമായ കനാലിന്റെ ചോർച്ചയും പായലും വർധിച്ച ഉൽപാദന ചെലവുമാണ് കൃഷി അന്യംനിന്നുപോകാൻ പ്രധാന കാരണം. രണ്ടര പതിറ്റാണ്ടായി ആവള പാണ്ടി തരിശുകിടക്കുന്നു.
കഴിഞ്ഞ എൽ.ഡി.എഫ് സർക്കാറിന്റെ കാലത്ത് 2016ൽ കാർഷിക മേഖലയുടെ പുനരുജ്ജീവനത്തിന് ആവിഷ്കരിച്ച ‘എല്ലാരും പാടത്തേക്ക്’ പദ്ധതിയിൽ വലിയൊരു ഭാഗത്ത് കൃഷിയിറക്കിയിരുന്നു. മുഖ്യമന്ത്രി പിണറായി വിജയനായിരുന്നു അന്ന് നടീൽ ഉത്സവം ഉദ്ഘാടനം ചെയ്തത്. കൃഷിമന്ത്രി വി.എസ്. സുനിൽകുമാർ വിളവെടുപ്പ് ഉദ്ഘാടനം ചെയ്ത ആ വർഷം മികച്ച വിളവും ലഭിച്ചിരുന്നു. എന്നാൽ, പിന്നീട് ഇതിനു തുടർച്ചയുണ്ടായില്ല.
ഇവിടത്തെ കൃഷിക്ക് പ്രധാന തടസ്സം വെള്ളക്കെട്ടാണ്. മഴക്കാലം തുടങ്ങി ഡിസംബർ-ജനുവരി മാസത്തിൽ പുഞ്ചകൃഷി തുടങ്ങുന്നതുവരെ വെള്ളം കെട്ടിനിൽക്കും. വിത്തിട്ട് ഞാറ് നടുന്നതോടെ വെള്ളം വറ്റി പാടം ഉണങ്ങും. പിന്നീട് കുറ്റ്യാടി ജലസേചനപദ്ധതിയുടെ കനാൽ തുറക്കുന്നതോടെ കനാലിന്റെ ചോർച്ചമൂലം വയലിൽ വെള്ളം നിറയും.
കനാൽവെള്ളം കെട്ടിനിൽക്കുന്നതിനാൽ നെല്ല് കൊയ്തെടുക്കാനാണ് കർഷകർ ഏറെ ബുദ്ധിമുട്ടുക. പലസ്ഥലത്തും കൊയ്ത്തുയന്ത്രം ഇറക്കി കൊയ്യാൻപോലും കഴിയില്ല. കൊയ്ത്ത് വൈകുമ്പോൾ കതിർ വെള്ളത്തിൽ വീണ് നശിച്ചുപോകുന്നു.
വയലിനു നടുവിലൂടെ ഒഴുകുന്ന തോട് പുല്ലും ചളിയും നിറഞ്ഞ് ജലമൊഴുക്ക് തടസ്സപ്പെട്ട നിലയിലാണ്. തോട് കെട്ടി സംരക്ഷിച്ചാൽ അധികജലം തോട്ടിലൂടെ ഒഴുക്കിവിട്ട് വെള്ളക്കെട്ട് ഒഴിവാക്കാം. ഈ തോട് സംരക്ഷിക്കുന്നതിന് 11 വർഷം മുമ്പ് ജില്ല പഞ്ചായത്ത് 4.56 കോടി രൂപ ചെലവിൽ പദ്ധതി നടപ്പാക്കിയിരുന്നു.
തോടിന്റെ ആഴം വർധിപ്പിച്ച് പാർശ്വഭിത്തി കെട്ടൽ, ഫാം റോഡ് നിർമാണം, ബണ്ട് നിർമാണം, മാടത്തൂർ താഴെ വി.സി.ബിയുടെ അറ്റകുറ്റപ്പണി, രണ്ടു പുതിയ വി.സി.ബിയുടെ നിർമാണം, രണ്ടു കുളങ്ങളുടെ പുനരുദ്ധാരണം തുടങ്ങിയവയായിരുന്നു എസ്റ്റിമേറ്റിലുണ്ടായിരുന്നത്.
ഇരുഭാഗവും കെട്ടി സംരക്ഷിക്കുന്നതിന് തോട്ടിൽനിന്ന് യന്ത്രമുപയോഗിച്ച് മണ്ണ് നീക്കംചെയ്തിരുന്നു. എന്നാൽ, കുറ്റ്യോട്ട് നട പാലം മുതൽ 100 മീറ്റർ ഭാഗമാണ് തോടിന്റെ ഇരു പാർശ്വഭിത്തികളും കെട്ടിയത്. പിന്നീട് വിവിധ കാരണങ്ങളാൽ പദ്ധതി നിലച്ചു. ഇതോടെ പാണ്ടിയിൽ വിളവിറക്കാമെന്ന കർഷകരുടെ സ്വപ്നങ്ങളാണ് കരിഞ്ഞുപോയത്.
2016-17 കാലത്ത് തരിശുനിലങ്ങളിൽ നെൽകൃഷിയിറക്കാൻ സർക്കാർ നല്ലൊരു തുക ധനസഹായം നൽകിയിരുന്നു. എന്നാൽ, പിന്നീട് സഹായധന വിഹിതം കുറഞ്ഞുവന്നു. സർക്കാർ ധനസഹായത്തിന്റെ കുറവും ഭീമമായ കൂലിച്ചെലവും മൂലം കർഷകർ നെൽകൃഷിയിൽനിന്ന് പിന്മാറിക്കൊണ്ടിരിക്കുകയാണ്.
പുഞ്ചകൃഷിയും മുണ്ടകൻ കൃഷിയുമായി വർഷത്തിൽ രണ്ടും മൂന്നും പ്രാവശ്യം നെൽകൃഷി ചെയ്തിരുന്ന സ്ഥാനത്ത് ഇപ്പോൾ ചില ഭാഗങ്ങളിലെ പുഞ്ചകൃഷി മാത്രമായി ചുരുങ്ങി.
നിലവിൽ ആറോളം പാടശേഖര സമിതികൾ ആവള പാണ്ടിയിലുണ്ട്. സമിതികൾ വഴി കൃഷിവകുപ്പ് വിത്തും കുമ്മായവും നൽകിവരുന്നുണ്ട്. ഹെക്ടറിന് 15,000 രൂപയോളം ധനസഹായവും നൽകുന്നുണ്ട്. അതേസമയം, ഒരു ഹെക്ടർ സ്ഥലത്ത് നെൽകൃഷി ചെയ്യാൻ 50,000ത്തിലധികം രൂപ ചെലവ് വരുമെന്ന് പാടശേഖരസമിതി ഭാരവാഹികൾ പറയുന്നു. കഴിഞ്ഞ വർഷം കൃഷി ചെയ്തവരിൽ പലരും വിത്ത് ഏറ്റുവാങ്ങാൻ തയാറാവുന്നില്ലത്രെ.
ആവള പാണ്ടി മുഴുവനും കൃഷിയോഗ്യമാക്കാൻ സർക്കാർ പ്രത്യേക പാക്കേജ് തയാറാക്കി അടിയന്തര ഇടപെടൽ നടത്തണമെന്ന് പാടശേഖരസമിതി ഭാരവാഹികളും കർഷകരും ആവശ്യപ്പെടുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.