പേരാമ്പ്ര: സി.ഐ.ടി.യു നിർദേശിച്ച മൂന്നു പേരെ പേരാമ്പ്ര മത്സ്യ മാർക്കറ്റിൽ എടുക്കണമെന്ന ജില്ല കലക്ടർ വിളിച്ച യോഗത്തിലെ തീരുമാനം അംഗീകരിക്കാൻ പേരാമ്പ്രയിൽ ചേർന്ന എസ്.ടി.യു യോഗം തീരുമാനിച്ചു. ഇതോടെ ഒരു മാസത്തിനു ശേഷം പേരാമ്പ്ര മത്സ്യ മാർക്കറ്റ് ശനിയാഴ്ച തുറന്നേക്കും.
എസ്.ടി.യു യോഗത്തിൽ മുസ്ലിം ലീഗ്, യൂത്ത് ലീഗ് പ്രതിനിധികളും പങ്കെടുത്തു. വ്യാഴാഴ്ച മൂന്ന് മണിക്ക് തുടങ്ങിയ യോഗം ഏഴു മണിവരെ നീണ്ടു. തീരുമാനം അംഗീകരിക്കാൻ ഒരു വിഭാഗം തയാറായിരുന്നില്ല. എന്നാൽ, ജില്ലാ കലക്ടറുടെ തീരുമാനം അംഗീകരിച്ചിട്ടില്ലെങ്കിൽ തിരിച്ചടിയുണ്ടാവുമെന്ന് വിലയിരുത്തിയതോടെ എല്ലാവരും വഴങ്ങുകയായിരുന്നു.
ഇപ്പോൾ എടുക്കാൻ തീരുമാനിച്ചത് നൗഷാദ്, മുസ്തഫ, സലാം എന്നിവരെയാണ്. നൗഷാദും സലാമും മുസ്ലിംലീഗിൽനിന്ന് രാജിവെച്ചരാണ്. ഒരാളെ മാറ്റണമെന്ന് ആവശ്യപ്പെടാൻ യോഗം തീരുമാനിച്ചിട്ടുണ്ട്. മാർക്കറ്റിൽ എസ്.ടി.യുവിൽ ഒഴിവുവരുമ്പോൾ പാർട്ടിയിൽ ആലോചിച്ചിട്ട് മാത്രമാണ് നിയമനം നടത്തേണ്ടതെന്നും യൂത്ത് ലീഗ് ആവശ്യപ്പെട്ടു.
യോഗത്തിൽ എം.കെ.സി. കുട്ട്യാലി അധ്യക്ഷത വഹിച്ചു. സി.പി.എ അസീസ്, എസ്.പി. കുഞ്ഞമ്മദ്, എസ്.കെ. അസൈനാർ, ഇ. ഷാഹി, പി.സി. മുഹമ്മദ് സിറാജ്, ആർ.കെ. മുഹമ്മദ് എന്നിവർ സംസാരിച്ചു. എസ്.ടി.യു-സി.ഐ.ടി.യു സംഘർഷത്തെ തുടർന്ന് ആഗസ്റ്റ് 20നാണ് മാർക്കറ്റ് അടച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.