പേരാമ്പ്ര: നൊച്ചാട് എ.എൽ.പി സ്കൂൾ അധ്യാപകനും കോൺഗ്രസ് നേതാവുമായ സി.കെ. അജീഷിനെ പേരാമ്പ്ര എ.ഇ.ഒ സസ്പെൻഡ് ചെയ്യുകയും പിന്നീട് ഹൈകോടതി സസ്പെൻഷൻ സ്റ്റേ ചെയ്യുകയും ചെയ്തത് പേരാമ്പ്രയിൽ കോൺഗ്രസ് - സി.പി.എം പോര് രൂക്ഷമാക്കി.
വിദ്യാഭ്യാസ വകുപ്പിൽ ടി.പി. രാമകൃഷ്ണൻ എം.എൽ.എ നടത്തിയ സമ്മർദത്തിന്റെ ഫലമായാണ് അധ്യാപകനെ സസ്പെൻഡ് ചെയ്തതെന്ന വാദമുയർത്തി കോൺഗ്രസ് എം.എൽ.എ ഓഫിസിലേക്ക് മാർച്ച് നടത്തി. കോൺഗ്രസ് അധ്യാപക സംഘടന എ.ഇ.ഒ ഓഫിസിലേക്കും മാർച്ച് നടത്തിയിരുന്നു.
എം.എൽ.എ അധ്യാപകനെതിരെ കള്ളപ്പരാതി നൽകിയെന്നായിരുന്നു കോൺഗ്രസ് ആരോപണം. സസ്പെൻഷൻ നടപടി ഹൈകോടതി സ്റ്റേ ചെയ്തത് കോൺഗ്രസിന്റെ രാഷ്ട്രീയ വിജയമായി. എം.എൽ.എക്ക് വാർത്തസമ്മേളനം നടത്തി അധ്യാപകനെതിരെ പരാതി നൽകാനുണ്ടായ കാരണം വ്യക്തമാക്കേണ്ടി വന്നു.
വസ്തുതാവിരുദ്ധമായ ആരോപണങ്ങൾ ഉന്നയിച്ചാണ് തനിക്കെതിരായി കോൺഗ്രസ് സമരവും ബഹിഷ്കരണവും നടത്തുന്നതെന്നും ഇതിന്റെ സത്യാവസ്ഥ മനസ്സിലാക്കി ജനം കാര്യങ്ങൾ വിലയിരുത്തുമെന്നും അദ്ദേഹം വ്യക്തമാക്കി.
നൊച്ചാട്ടുണ്ടായ പ്രശ്നത്തിനിടെ വീടുകളിൽ കയറുമെന്നും നൊച്ചാട് കത്തിക്കുമെന്നും പറഞ്ഞയാളാണ് അജീഷ്. സർക്കാർ ശമ്പളം വാങ്ങുന്ന അധ്യാപകൻ അങ്ങനെ പറയാൻ പാടില്ല. ഇതിനുശേഷം നൊച്ചാട് മേഖലയിൽ സി.പി.എം ഓഫിസുകൾക്കും പ്രവർത്തകരുടെ വീടുകൾക്കും നേരെ ആക്രമണമുണ്ടായി.
സർവിസിലുള്ള ആരും ചെയ്യാൻ പാടില്ലാത്ത കാര്യമാണ് അധ്യാപകൻ ചെയ്തതെന്ന് കണക്കിലെടുത്താണ് പരാതി നൽകിയത്. സംഭവത്തിൽ തെറ്റുപറ്റിയെന്ന് പറഞ്ഞ് ഖേദം പ്രകടിപ്പിക്കാനാണ് കോൺഗ്രസ് തയാറാകേണ്ടതെന്നും എം.എൽ.എ പറഞ്ഞു. എം.എൽ.എ.ക്കെതിരായി കോൺഗ്രസ് നടത്തുന്ന വസ്തുതാവിരുദ്ധമായ പ്രചാരണം ഇടതുമുന്നണി അവജ്ഞയോടെ തള്ളിക്കളയുകയാണെന്ന് എൽ.ഡി.എഫ് നിയോജകമണ്ഡലം കൺവീനർ എ.കെ. ചന്ദ്രനും വ്യക്തമാക്കി.
സി.പി.എം ഏരിയ സെക്രട്ടറി എം. കുഞ്ഞമ്മദ്, എസ്.കെ. സജീഷ് എന്നിവരും വാർത്തസമ്മേളനത്തിൽ പങ്കെടുത്തിരുന്നു. അജീഷ് വിഷയത്തിൽ എം.എൽ.എക്കു തന്നെ പ്രതിരോധം തീർക്കേണ്ടി വന്നത് നേട്ടമായി കോൺഗ്രസ് വിലയിരുത്തുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.