പേരാമ്പ്ര: പേരാമ്പ്ര ബ്ലോക്ക് ഓഫിസിെൻറ മുറ്റത്ത് കാവൽക്കാരനായി നിൽക്കാൻ ഇനി 'ശ്രീക്കുട്ടൻ' ഉണ്ടാവില്ല. കഴിഞ്ഞദിവസം താലൂക്ക് ആശുപത്രി പരിസരത്ത് കാറിടിച്ചാണ് ബ്ലോക്ക് പഞ്ചായത്ത് ജീവനക്കാരുടെ വളർത്തുനായ് ശ്രീക്കുട്ടൻ മരണപ്പെട്ടത്. ഏഴു വർഷം മുമ്പ് ഈ നായുടെ ദേഹത്തു വന്ന പുഴുക്കടി ചികിത്സിക്കാൻ ബ്ലോക്ക് വെറ്ററിനറി ആശുപത്രിയിൽ കൊണ്ടുവന്ന ഉടമ, നായെ ഇവിടെ ഉപേക്ഷിച്ച് പോകുകയായിരുന്നു.
എന്നാൽ ബ്ലോക്ക് ഓഫിസ് അസിസ്റ്റൻറ് നാരായണനും ഡ്രൈവർ പ്രദീഷ് ആവളയും ഡോക്ടറെ കാണിച്ച് ചികിത്സ നൽകി. പിന്നീടങ്ങോട്ട് ബ്ലോക്ക് ഓഫിസിലെ ജീവനക്കാരുടെയും ജനപ്രതിനിധികളുടെയും ലാളനയിൽ ബ്ലോക്ക് ഓഫിസിെൻറ കാവൽക്കാരനായി മാറുകയായിരുന്നു. ഓഫിസ് പരിസരത്ത് രാത്രികാലങ്ങളിൽ നടന്നിരുന്ന സാമൂഹിക വിരുദ്ധരുടെ പ്രവർത്തനവും മദ്യപാനവും മറ്റ് അതിക്രമങ്ങളും ഇവെൻറ വരവോടെ അവസാനിച്ചു.
ബ്ലോക്ക് ഓഫിസ് അടച്ച് ജീവനക്കാരിറങ്ങിയാൽ പിന്നെ ആരെയും അവൻ അങ്ങോട്ട് അടുപ്പിക്കില്ല. എന്നാൽ, ഓഫിസ് സമയത്ത് എത്തുന്ന ആർക്കും ഒരു ശല്യവും അവൻ ഉണ്ടാക്കിയതുമില്ല.ഓഫിസ് ജീവനക്കാർ വരുമ്പോൾ ബിസ്ക്കറ്റും മറ്റു ഭക്ഷ്യവസ്തുക്കളും കൊണ്ടായിരുന്നു എത്താറുള്ളത്. ഉച്ചക്ക് ശ്രീക്കുട്ടനുള്ള ചോറും അവർ കരുതും. ആരുടെ കൈയിലും ഇറച്ചിയും മീനും ഇല്ലെങ്കിൽ ഡ്രൈവർ പ്രദീഷ് ഹോട്ടലിൽ പോയി വാങ്ങി കൊണ്ടുവന്നു കൊടുക്കും. സമീപവാസികൾക്കും ഏറെ പ്രിയപ്പെട്ടവനായിരുന്നു ശ്രീക്കുട്ടൻ.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.