പേരാമ്പ്ര: ബാദുഷ ഹൈപ്പർ മാർക്കറ്റിൽ ബീഫിന്റെ പേരിൽ സംഘർഷമുണ്ടാക്കുകയും ജീവനക്കാരെ ആക്രമിക്കുകയും ചെയ്ത സംഭവം ആർ.എസ്.എസ് ഉത്തരേന്ത്യയിൽ നടപ്പാക്കിയ വർഗീയ കലാപശ്രമങ്ങൾ കേരളത്തിലും പരീക്ഷിക്കാനുള്ള ആസൂത്രിത നീക്കങ്ങളുടെ ഭാഗമാണെന്ന് സി.പി.ഐ-എം.എൽ റെഡ് സ്റ്റാർ പേരാമ്പ്ര ഏരിയ കമ്മിറ്റി അഭിപ്രായപ്പെട്ടു.
കേരളംപോലൊരു സംസ്ഥാനത്ത് കച്ചവടസ്ഥാപനങ്ങളിൽ സംഘടിതരായി ചെന്ന് ബീഫിന്റെ മറവിൽ വർഗീയത ഉണ്ടാക്കി സമാധാനാന്തരീക്ഷം തകർക്കാൻ ശ്രമിക്കുന്ന സംഘ് പരിവാർ ക്രിമിനൽ സംഘങ്ങളെ നിലക്കുനിർത്താൻ ആഭ്യന്തര വകുപ്പും സർക്കാറും അടിയന്തര നടപടികൾ സ്വീകരിക്കണമെന്നും ആവശ്യപ്പെട്ടു.
ഗുജറാത്തിൽനിന്നടക്കം വിദേശ രാജ്യങ്ങളിലേക്ക് ബീഫ് കയറ്റുമതി ചെയ്യുന്ന കമ്പനി ഉടമകൾ ബി.ജെ.പി നേതാക്കളോ അവരുടെ ബിനാമികളോ ആണെന്ന വസ്തുത നിലനിൽക്കെതന്നെയാണ് ബീഫിന്റെ പേരിൽ നമ്മുടെ നാട്ടിൽ ഇവർ കലാപത്തിനൊരുങ്ങുന്നതെന്നു പൊതു സമൂഹം തിരിച്ചറിയേണ്ടതുണ്ട്. യോഗത്തിൽ വി.എ. ബാലകൃഷ്ണൻ അധ്യക്ഷത വഹിച്ചു. എൻ.എം. പ്രദീപൻ, ടി. രാധാകൃഷ്ണൻ, ഒ.കെ. ദാമോദരൻ, എം.ടി. മുഹമ്മദ് എന്നിവർ സംസാരിച്ചു.
ബീഫ് ഫെസ്റ്റ് നടത്തി
പേരാമ്പ്ര: ഹലാൽ സ്റ്റിക്കർ ഇല്ലാത്ത ബീഫ് ആവശ്യപ്പെട്ട് കടയിൽ കയറി ജീവനക്കാരെ മർദിച്ച സംഭവത്തിൽ പ്രതിഷേധിച്ച് സി.ഐ.ടി.യു പേരാമ്പ്ര ഏരിയ കമ്മിറ്റി പേരാമ്പ്രയിൽ ബീഫ് ഫെസ്റ്റ് നടത്തി. ഭക്ഷണത്തിൽ മതം കലർത്തുന്ന ഭീകരതക്കെതിരെയായിരുന്നു സി.ഐ.ടി.യുവിന്റെ വ്യത്യസ്ത പ്രതിഷേധം. സി.പി.എം ജില്ല സെക്രട്ടേറിയറ്റ് അംഗം എം. ഗിരീഷ് ഉദ്ഘാടനം ചെയ്തു.സി.ഐ.ടി.യു ജില്ല സെക്രട്ടറി ടി.കെ. ലോഹിതാക്ഷൻ അധ്യക്ഷത വഹിച്ചു. കെ. കുഞ്ഞമ്മദ്, പരാണ്ടി മനോജ്, കെ.സുനിൽ എന്നിവർ സംസാരിച്ചു. ശശികുമാർ പേരാമ്പ്ര, എൻ.കെ. ലാൽ, കെ. പ്രിയേഷ്, കെ.പി. സജീഷ്, ഒ.ടി. രാജു എന്നിവർ നേതൃത്വം നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.