പേരാമ്പ്ര: വോട്ടുകളെല്ലാം പെട്ടിയിലായതോടെ ഇനി മേയ് രണ്ട് വരെ കാത്തിരിപ്പിെൻറ ദിനങ്ങളാണ്. പേരാമ്പ്രയിൽ കൂട്ടിയും കിഴിച്ചുമുള്ള കണക്കെടുപ്പിൽ ഇരു മുന്നണികളും വിജയപ്രതീക്ഷയിലാണ്. 2016ലെ നിയമസഭ തെരഞ്ഞെടുപ്പിനെക്കാളും അഞ്ച് ശതമാനം വോട്ട് കുറഞ്ഞെങ്കിലും ജില്ലയിൽ വോട്ടിങ് ശതമാനത്തിൽ നാലാമതാണ് പേരാമ്പ്ര മണ്ഡലം. ഇത്തവണ 79.74% പേരാണ് വോട്ടു ചെയ്തത്. എന്നാൽ കഴിഞ്ഞ തവണ ഇത് 84.89 % മായിരുന്നു.
വോട്ടിങ് ശതമാനം കുറഞ്ഞത് തങ്ങൾക്ക് അനുകൂലമാണെന്നാണ് ഇരു മുന്നണികളുടേയും വാദം. ഇരട്ട വോട്ടുകളൊന്നും ചെയ്യാത്തതാണ് ശതമാനം കുറയാൻ കാരണമെന്ന് യു.ഡി.എഫ് ചൂണ്ടിക്കാട്ടുന്നു. എന്നാൽ യു.ഡി.എഫ് വോട്ടുകൾ ചെയ്യാത്തതാണ് പോളിങ് കുറയാൻ കാരണമെന്ന് ഇടതുപക്ഷം കരുതുന്നു.
പേരാമ്പ്രയിൽ വിജയത്തിൽ കുറഞ്ഞൊന്നും ഇടതുമുന്നണി പ്രതീക്ഷിക്കുന്നില്ല. തുടച്ചയായി രണ്ടാം തവണ മത്സരിക്കുന്ന ടി.പി. രാമകൃഷ്ണൻ ഉജ്വല വിജയം ആവർത്തിക്കുമെന്നാണ് ഇടതു കേന്ദ്രങ്ങളുടെ പ്രാഥമിക വിലയിരുത്തൽ. എന്നാൽ യു.ഡി.എഫ് കേന്ദ്രങ്ങളും പ്രതീക്ഷയിൽ തന്നെയാണ്. മേയ് രണ്ടിന് അത്ഭുതങ്ങൾ സംഭവിക്കുമെന്നാണ് അവരുടെ വാദം. കണക്കുകൾ എൽ.ഡി.എഫിന് അനുകൂലമാണ്.
തദ്ദേശ തെരഞ്ഞെടുപ്പിൽ അവർക്ക് 10,000 വോട്ടിെൻറ ഭൂരിപക്ഷമുണ്ട്. മണ്ഡലത്തിലെ 10 പഞ്ചായത്തുകളിലും ഭരണം ഇടതുമുന്നണിക്ക് തന്നെയാണ്. പേരാമ്പ്ര മണ്ഡലം ഉൾപ്പെടുന്ന രണ്ട് ബ്ലോക്ക് പഞ്ചായത്തുകളും ജില്ല പഞ്ചായത്ത് ഡിവിഷനുകളിലും ഇടത് മേധാവിത്വം പ്രകടമാണ്.
എന്നാൽ 2019ലെ ലോക്സഭാ തെരഞ്ഞെടുപ്പിൽ യു.ഡി.എഫിന് പേരാമ്പ്ര മണ്ഡലം നൽകിയ ഭൂരിപക്ഷം 13,000 ൽ കൂടുതലാണ് അതുകൊണ്ട് കണക്കുകളിൽ കാര്യമില്ലെന്നാണ് യു.ഡി.എഫ് വാദം. സ്ഥാനാർഥി സി.എച്ച്. ഇബ്രാഹിം കുട്ടിക്ക് മുന്നണിക്ക് പുറത്തു നിന്നും ലഭിക്കുന്ന വോട്ടുകളിലാണ് യു.ഡി.എഫ് പ്രതീക്ഷ.
ബാലുശ്ശേരി: ഫലമറിയാൻ ദിവസങ്ങൾ ബാക്കിയിരിക്കെ ബാലുശ്ശേരിയിൽ ഇരുമുന്നണിയും തികഞ്ഞ ആത്മവിശ്വാസത്തിൽ. ഇടതുകോട്ടയായ ബാലുശ്ശേരിയുടെ പാരമ്പര്യത്തിന് ഇക്കുറിയും ഒരു കോട്ടവും തട്ടില്ലെന്നാണ് എൽ.ഡി.എഫ് കരുതുന്നത്. എന്നാൽ, ബാലുശ്ശേരി മണ്ഡലം ഇത്തവണ ഇടത് ആധ്യപത്യം അവസാനിപ്പിച്ച് തങ്ങൾക്കൊപ്പം നിൽക്കും എന്നാണ് യു.ഡി.എഫ് അവകാശവാദം. മണ്ഡലം നിലനിർത്തുക മാത്രമല്ല, മണ്ഡലത്തിൽ കഴിഞ്ഞ തവണ ഉണ്ടായിരുന്ന ഭൂരിപക്ഷത്തേക്കാൾ വോട്ട് ഇത്തവണ നേടുമെന്ന് എൽ.ഡി.എഫ് സ്ഥാനാർഥി സചിൻ ദേവ് പറഞ്ഞു.
കഴിഞ്ഞ പഞ്ചായത്ത് തെരഞ്ഞെടുപ്പിൽ മണ്ഡലത്തിലെ എട്ട് പഞ്ചായത്തുകളിൽ അഞ്ചിലും എൽ.ഡി.എഫാണ് മുന്നേറിയത്. മൂന്ന് പഞ്ചായത്തുകളിൽ യു.ഡി.എഫിനാണ് ശക്തി. ഇടതു സർക്കാറിെൻറ ഭരണനേട്ടങ്ങളും വികസനങ്ങളും ചിട്ടയായ തെരഞ്ഞെടുപ്പ് പ്രചാരണ പ്രവർത്തനങ്ങളും എൽ.ഡി.എഫിന് ഉറച്ച ആത്മവിശ്വാസം നൽകുന്നുണ്ട്. യുവനേതാവ് അഡ്വ. സചിൻ ദേവിെൻറ സ്ഥാനാർഥിത്വവും മണ്ഡലം നിലനിർത്താനുള്ള പ്രധാന ഘടകംതന്നെയാണെന്നാണ് എൽ.ഡി.എഫ് നേതൃത്വം പറയുന്നത്.
യു.ഡി.എഫാകട്ടെ ബാലുശ്ശേരിയിൽ കഴിഞ്ഞ ലോക്സഭ തെരഞ്ഞെടുപ്പിലെ ഭൂരിപക്ഷത്തിെൻറ കണക്കിനൊപ്പം പുതുവോട്ടുകളും സെലിബ്രിറ്റിയായ സ്ഥാനാർഥിയുടെ സ്വാധീനവും കൂട്ടിച്ചേർത്തുള്ള അട്ടിമറിവിജയമാണ് കണക്കുകൂട്ടുന്നത്. എന്നിരുന്നാലും ചില ആശങ്കകൾ യു.ഡി.എഫിനകത്തുണ്ട്. ധർമജൻ ബോൾഗാട്ടിയുടെ സ്ഥാനാർഥിത്വത്തിനെതിരെ ആദ്യഘട്ടത്തിൽ യു.ഡി.എഫിൽനിന്നുതന്നെ എതിർപ്പുകളുയർന്നിരുന്നു. കെ.പി.സി.സി സ്ഥാനാർഥിത്വം പ്രഖ്യാപിച്ചതോടെ ഇത് പരിഹരിച്ചെന്നാണ് യു.ഡി.എഫ് നേതൃത്വം പറയുന്നതെങ്കിലും ബാലുശ്ശേരിയിലെ കോൺഗ്രസ് നേതൃത്വം ഒറ്റക്കെട്ടായി പ്രചാരണ രംഗത്തിറങ്ങിയില്ലെന്ന ആരോപണവുമുണ്ട്. എന്നിരുന്നാലും ഇതുവരെ മണ്ഡലത്തിൽ മത്സരിച്ച ഒരു യു.ഡി.എഫ് സ്ഥാനാർഥിക്കും കിട്ടാത്തത്ര പ്രചാരണ സ്വാധീനം ധർമജൻ ബോൾഗാട്ടിക്ക് കിട്ടിയിട്ടുണ്ട്. സിനിമ നടനെന്ന നിലയിലും സഹപ്രവർത്തകരായ സിനിമ - മിമിക്രി കലാകാരന്മാരുടെ പ്രചാരണ പങ്കാളിത്തവും അനുകൂലഘടകമായി. ബാലുശ്ശേരിക്ക് ഇത്തവണ ഒരു മാറ്റമുണ്ടാകുമെന്നും അതിൽ ഭീതിപൂണ്ടാണ് ബൂത്തിൽ പോലും കയറാൻ എന്നെ അനുവദിക്കാത്തരീതിയിൽ എൽ.ഡി.എഫ് പ്രവർത്തകർ പ്രവർത്തിച്ചതെന്നും ധർമജൻ ബോൾഗാട്ടി 'മാധ്യമ'ത്തോട് പറഞ്ഞു.
ബി.ജെ.പി നേതൃത്വത്തിലുള്ള എൻ.ഡി.എ പിടിക്കുന്ന വോട്ടുകളും ഇരുമുന്നണിക്കും നിർണായകമാകും. ഇരുപത്തിയയ്യായിരത്തിലധികം വോട്ടുകൾ ബി.ജെ.പിക്ക് ബാലുശ്ശേരി മണ്ഡലത്തിലുണ്ട്. യുവസ്ഥാനാർഥിയായ ലിബിൻ ഭാസ്കർ ഇരു മുന്നണികൾക്കൊപ്പംതന്നെ പ്രചാരണരംഗത്ത് സജീവമായിരുന്നു. ബി.ജെ.പി സംസ്ഥാന പ്രസിഡൻറ് കെ. സുരേന്ദ്രെൻറ മണ്ഡലംകൂടിയായതിനാൽ ബാലുശ്ശേരിയിലെ എൻ.ഡി.എ വോട്ടുകൾ ലിബിൻ ഭാസ്കറിെൻറ പെട്ടിയിൽതന്നെ വീഴാനാണ് സാധ്യത. വെൽഫെയർ പാർട്ടി സ്വന്തം സ്ഥാനാർഥിയെതന്നെ നിർത്തിയാണ് മത്സരിച്ചത്.
ബഹുജൻ സമാജ് പാർട്ടി സ്ഥാനാർഥിയായി ജോബിഷ് ബാലുശ്ശേരിയും മത്സരരംഗത്ത് സജീവമായിരുന്നു. എസ്.ഡി.പി.ഐക്കും മണ്ഡലത്തിൽ രണ്ടായിരത്തോളം വോട്ടുകളുണ്ട്. ബാലുശ്ശേരിയിൽ ഇത്തവണ പോളിങ് ശതമാനത്തിലും കുറവുണ്ട്. 2016ൽ 83.06 ശതമാനമായിരുന്നു പോളിങ്. ഇത്തവണ 78.10 ശതമാനമായി കുറഞ്ഞിട്ടുണ്ട്. ആകെയുള്ള വോട്ടർമാരായ 2,13,931ൽ 1,10,534 പേർ സ്ത്രീ വോട്ടർമാരാണ്. എൽ.ഡി.എഫിെൻറ ഭരണത്തുടർച്ച മുദ്രാവാക്യവും യു.ഡി.എഫിെൻറ മണ്ഡലവികസന പോരായ്മ മുദ്രാവാക്യവും ബാലുശ്ശേരി മണ്ഡലത്തിലെ ജനങ്ങളെ എത്രമാത്രം സ്വാധീനിക്കുമെന്നതിെൻറ ചിത്രംകൂടിയായിരിക്കും തെരഞ്ഞെടുപ്പ് ഫലമെന്നതാണ് നിഷ്പക്ഷ കണക്കുകൂട്ടൽ.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.